വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങള്‍ക്ക് ഇരട്ടിവില; സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി ശ്രീലങ്കന്‍ ജനത
സാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റി ശ്രീലങ്കന്‍ ജനത. സര്‍വ മേഖലയേയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ ക്ഷാമവും ഇന്ധനക്ഷാമവും രൂക്ഷമായി. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഇന്ധന വിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ കരിഞ്ചന്തയും വ്യാപകമാണ്. കാനുകളില്‍ ഇന്ധനം നിറച്ച് ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നവരുമുണ്ട്. ഇന്ധനത്തിന് വേണ്ടി വരിനില്‍ക്കുന്നതിനിടെ ഏതാനും പേര്‍ മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ അഞ്ചുമണിക്കൂര്‍ പവര്‍കട്ടും കാര്യങ്ങള്‍ വിഷളാക്കിയിട്ടുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും പ്രശ്‌നം ഗുരുതരമാക്കി. പാചകവാതക വില കുത്തനെ ഉയര്‍ത്തിയതിനാല്‍ പാചകം ചെയ്യാനായി ജനങ്ങള്‍ മണ്ണെണ്ണ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ മണ്ണെണ്ണയ്ക്കും ഉപഭോഗം ഏറി.
അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് പുറമെ പേപ്പറിന്റെയും അച്ചടി മഷിയുടെയും ക്ഷാമം വിദ്യാഭ്യാസത്തെയും ബാധിച്ചു. സ്‌കൂളുകളില്‍ പരീക്ഷകള്‍ അനിശ്ചിത കാലത്തേക്ക് മാറ്റി. ചോദ്യപ്പേപ്പര്‍ അച്ചടിക്കാനുള്ള കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ലാതെ വന്നതോടെയാണ് ഈ മാസാവസാനം നടക്കേണ്ട അവസാന പരീക്ഷകള്‍ മാറ്റിയത്.കടുത്ത വിദേശ നാണ്യ പ്രതിസന്ധിയാണ് ശ്രീലങ്കയെ അതിവേഗം കുഴപ്പത്തില്‍ എത്തിച്ചത്.
അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക സഹായം തേടിയിട്ടുണ്ട്. സാഹചര്യം രൂക്ഷമായതോടെ തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ എത്തി. 2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുകയാണ്. വിദേശനാണയശേഖരത്തിലെ പ്രതിസന്ധിയും ടൂറിസം മേഖലയിലെ തകര്‍ച്ചയുമാണ് ശ്രീലങ്കയുടെ സാമ്പത്തിക രംഗത്തെ തകര്‍ത്തതെന്നാണ് വിലയിരുത്തല്‍.
2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായിരുന്നു. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥ. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. വിലക്കയറ്റം രൂക്ഷമായി. തൊടുന്നതിനെല്ലാം തീപിടിച്ച വില. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഏറ്റവുമധികം വില. പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും ധാന്യങ്ങളുടെയും പോലും വില കുതിച്ചുയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."