HOME
DETAILS

നാടുവിടുന്ന യുവജനം

  
backup
January 23 2023 | 03:01 AM

852431-2

ഡോ. എൻ.പി അബ്ദുൽ അസീസ്


ജോലിതേടി ഗൾഫ് നാടുകളിലേക്കുള്ള കേരളീയരുടെ പ്രവാസം തുടങ്ങിയിട്ട് അരനൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ഇവർ വഹിച്ച സംഭാവനകൾ പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ. നിശ്ചിത കാലയളവിനുശേഷം അവർ കേരളത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. എന്നാൽ ഇന്ന് ഗൾഫിലുപരി വിദേശ രാജ്യങ്ങളിലേക്ക് നടന്നുകൊണ്ടിരിക്കുന്ന യുവജനതയുടെ പ്രവാഹം ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടിയാണ്. വർഷംതോറും വർധിച്ചുവരുന്ന യുവാക്കളുടെ ഈ പലായനം തികച്ചും ആശ്ചര്യപ്പെടുത്തുന്നു. കുടിയേറ്റത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന ഈ പ്രവാഹത്തെ നാം ഗൗരവമായി സമീപിക്കേണ്ടിയിരിക്കുന്നു. ഗൾഫുകാരിൽനിന്ന് തികച്ചും വ്യത്യസ്തമായി, തിരികെ നാട്ടിലേക്കുവരാനുള്ള മനോഭാവം ഇവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നതിനെ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. യുവതലമുറയുടെ 'മസ്തിഷ്‌ക ചോർച്ച' (Brain Drain) ഗുരുതര പ്രത്യാഘാതങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നത് തീർച്ച.


വിദ്യാഭ്യാസമില്ലാത്തവരും വൈദഗ്ധ്യമില്ലാത്തവരുമായ യുവാക്കൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെ പാശ്ചാത്യലോകം എതിർക്കുന്നുണ്ട്. കേരളീയ യുവാക്കൾ ഇതു മറികടക്കാനുള്ള മാർഗ്ഗമായി അവലംബിക്കുന്നത് വിദ്യാഭ്യാസത്തെയാണ്. ഈ രാജ്യങ്ങളിൽ സ്ഥിരതാമസം അല്ലെങ്കിൽ പൗരത്വം നേടുന്നതിനുള്ള എളുപ്പമാർഗമായി ഇവരിതിനെ കാണുന്നു. ആ പ്രക്രിയയിൽ, നൽകുന്ന ഫീസും മറ്റു ജീവിതച്ചെലവുകളും ആതിഥേയ രാജ്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നുണ്ട്. യു.കെ, യു.എസ്.എ, കാനഡ, ആസ്‌ത്രേലിയ, റഷ്യ, ന്യൂസിലൻഡ്, മെക്‌സിക്കോ, ഐസ്‌ലാൻഡ്, വിയറ്റ്‌നാം, കിർഗിസ്ഥാൻ, ബാർബഡോസ്, സ്ലോവേനിയ, സ്ലൊവാക്യ തുടങ്ങി 54 ഓളം പാശ്ചാത്യ രാജ്യങ്ങളിലേക്കാണ് വിദ്യാർഥികൾ ഇന്ന് കുടിയേറുന്നത്. ബാൾക്കൻ രാജ്യങ്ങളിലും മുൻ സോവിയറ്റ് യൂനിയൻ രാജ്യങ്ങളിലും ഫീസ് വളരെ കുറവായതിനാൽ, നല്ല വിഭാഗം വിദ്യാർഥികൾ അവിടേക്കും പോകുന്നുണ്ട്.


ഇത്തരം രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠിക്കുന്നതിനായുള്ള പ്രവേശനം, താമസം, പാർട്ട്‌ടൈം ജോലി എന്നിവപോലും ക്രമീകരിച്ചുനൽകുന്ന വിദ്യാഭ്യാസ കൺസൾട്ടൻസികൾ കേരളത്തിലെ ചെറു പട്ടണങ്ങളിൽ പോലും കാണാൻ സാധിക്കും. ഇവിടങ്ങളിൽ പഠിക്കാൻ വിദ്യാർഥികളെ ആകർഷിക്കുന്ന വിദേശ വിദ്യാഭ്യാസ മേളകൾ, IELTS പരിശീലന കേന്ദ്രങ്ങൾ, മാധ്യമങ്ങളിലെ പരസ്യങ്ങൾ എന്നിവ സംസ്ഥാനത്ത് സുലഭമാണ്. ഈ വിഭാഗത്തിന്റെ തിരിച്ചടവ്(Repayment) നിരക്ക് ഏകദേശം 97% ആയതിനാൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പഠനവായ്പ നൽകാൻപോലും കേരളത്തിലെ ബാങ്കുകൾ ഇന്ന് മത്സരിക്കുന്നു. മാത്രമല്ല, വിദ്യാർഥികൾക്ക് വിദേശ ഭാഷകൾ പഠിപ്പിക്കുന്ന നിരവധി അക്കാദമികളും ഓൺലൈൻ കോഴ്‌സുകളും കാണാൻ സാധിക്കും.


കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർഥികളുടെ എണ്ണം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 2012ൽ വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 40 ലക്ഷമായിരുന്നെങ്കിൽ 2025ൽ ഇത് 75 ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഓരോ വർഷവും 40 ശതമാനം വർധിക്കുന്നതായും അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വിദ്യാർഥികളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ജനസംഖ്യാനുപാതികമായി വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുകയാണെങ്കിൽ ഇതിൽ കേരളം ഏറെ മുൻപന്തിയിലാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2016ൽ 18,428 മലയാളി വിദ്യാർഥികളാണ് ഉപരിപഠനത്തിനായി വിദേശത്ത് പോയതെങ്കിൽ ഇത് 2019 ആയപ്പോഴേക്കും, 30,948 ആയി ഉയർന്നു. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇത് 35,000 കവിഞ്ഞുവെന്നാണ് പറയപ്പെടുന്നത്. നിലവിലെ സൂചനകൾ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം വിദ്യാർഥികളെക്കുറിച്ചുള്ള ഫലപ്രദമായ രജിസ്‌ട്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ, സംസ്ഥാന സർക്കാർ പലപ്പോഴും വൻതോതിലുള്ള വിദ്യാർഥി കുടിയേറ്റങ്ങളുടെ യാഥാർഥ്യങ്ങളെക്കുറിച്ച് അറിയാതെപോവും. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് വുഹാനിലും ചൈനയുടെ മറ്റു പ്രദേശങ്ങളിലുമായി കേരളത്തിൽ നിന്നുള്ള 5000ൽ പരം വിദ്യാർഥികൾ ഉണ്ടെന്നത് വർത്തയായി. അതുപോലെ, ഉക്രൈൻ-റഷ്യാ യുദ്ധസമയത്താണ് ഉക്രൈനിൽ 3000ത്തോളം മലയാളി വിദ്യാർഥികളുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ദയനീയമെന്ന് പറയട്ടെ, സംസ്ഥാന സർക്കാരിന്റെ കൈയിൽ ഇത്തരം വിദ്യാർഥികളുടെ പലായനത്തെക്കുറിച്ചുള്ള ഒരു കണക്കുകളുമില്ല എന്നതാണ് വസ്തുത.


തങ്ങളുടെ യുവാക്കൾക്ക് ജോലിയും ശമ്പളവും കൊടുക്കാൻപോലും പണമില്ലാത്ത അവസ്ഥയിലാണ് കേരള സർക്കാറുള്ളത്. മാത്രമല്ല, സംസ്ഥാനത്തെ പല സർവകലാശാലകളിലും കോളജുകളിലും ഇപ്പോഴും പരമ്പരാഗതവും ആധുനികകാലഘട്ടത്തിൽ വിപണിയിൽനിന്ന് കാലഹരണപ്പെട്ടുപോയ ഗുണനിലവാരമില്ലാത്തതുമായ കോഴ്‌സുകളാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാവാം, സർവകലാശാലകളുൾപ്പെടെ പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിവിധ കോഴ്‌സുകളിലേക്കാവശ്യമായ വിദ്യാർഥികളില്ലാതെ പോയത്. അഭ്യസ്തവിദ്യർക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലിയോ ശമ്പളമോ ലഭിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയിലെ കാര്യക്ഷമതയില്ലായ്മ, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യക്കുറവുകൾ, യുവതലമുറക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ, തൊഴിലില്ലായ്മ, അരക്ഷിതാവസ്ഥ എന്നിവ സംസ്ഥാനത്ത് അതിരൂക്ഷമാണ്. പഠനത്തിനുശേഷം ജോലികിട്ടുക എന്നത് അസാധ്യമായി മാറിക്കൊണ്ടിരിക്കുന്നു. പി.എസ്.സി ലിസ്റ്റുകളും മറ്റു മെറിറ്റുകളും ഇന്ന് അട്ടിമറിക്കപ്പെടുകയാണ്. അഴിമതിയും കൈക്കൂലിയും നിത്യസംഭവമായി. ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളാണ് കേരളത്തിലെ യുവത്വം നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും വ്യവസ്ഥിതിയോടുള്ള അമർഷവും രോഷവും കൂടിയാവാം നിരാശയോടെ രാജ്യംവിടാൻ യുവാക്കളെ പ്രേരിപ്പിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ ഉയർന്ന ജീവിത-വിദ്യാഭ്യാസ നിലവാരം, പഠനാനന്തര തൊഴിലവസരങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, മെച്ചപ്പെട്ട ജീവിതനിലവാരം, ജോലിയിലുള്ള ആദരവ്, സാമൂഹിക സുരക്ഷ, കുടിയേറ്റ സൗഹൃദനയങ്ങൾ, വിജ്ഞാനാധിഷ്ഠിത അവസരങ്ങൾ എന്നിവയാണ് കേരളീയ യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള മികച്ച അക്കാദമിക്‌-തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള രക്ഷിതാക്കളുടെ അവബോധവും കുടിയേറ്റത്തിന്റെ വർധനവിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ ഇടത്തരം കുടുംബത്തിലെയും ഒരു യുവാവ് കേരളത്തിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ശരാശരി കണക്ക്. മൂന്നിൽ രണ്ട് യുവാക്കളും ഭാവിയിൽ ജോലിയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ കാര്യത്തിൽ, വരുന്ന 10 വർഷങ്ങൾക്കുള്ളിൽ, യുവജനങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള ഒരു സുപ്രധാന കാരണമായി കുടിയേറ്റം മാറും.
വിദേശ സർവകലാശാലകളിൽ പഠിക്കാൻ ഒരു വിദ്യാർഥിക്ക് പ്രതിവർഷം ശരാശരി 20 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇതുവഴി ഭീമ തുകയാണ് കേരളത്തിന്റെ സമ്പദ്ഘടനയിൽ നിന്ന് ചോർന്നുപോകുന്നത്. പിന്നീട് ഈ വിദ്യാർഥികൾ ആ രാജ്യങ്ങളിലെ സ്ഥിരതാമസക്കാരോ പൗരന്മാരോ ആയിത്തീരുന്നു. അതുകൊണ്ട്, ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്നതുപോലെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് പണം തിരികെ വന്നേക്കണമെന്നില്ല. ലക്ഷക്കണക്കിന് വീടുകളാണ് ഈ കുടിയേറ്റം കാരണം ഒഴിഞ്ഞുകിടക്കുന്നത്. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 12 ലക്ഷം വീടുകളാണ് ഇപ്രകാരം ഒഴിഞ്ഞുകിടക്കുന്നത്. ഇന്ത്യയിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ 11 ശതമാനമാണിത്. ഇതിൽ 60 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ മലയാളികളുടേതാണ്. ഇത് 13 വർഷം പഴക്കമുള്ള കണക്കുകളാണെന്ന് ഓർക്കണം. മറ്റു വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമായി അവശേഷിക്കുന്നു. ഇതുകൊണ്ടെല്ലാമാവാം വൃദ്ധസദനങ്ങളുടെ എണ്ണവും സംസ്ഥാനത്ത് ദിനംപ്രതി അധികരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വരുംതലമുറ സ്വത്തുക്കൾ പണയപ്പെടുത്തി കടംവാങ്ങി അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത് തുടർന്നാൽ കേരളം വയോധികരുടെ നാടായി മാറും. കഴിവുള്ള ഈ യുവതലമുറയുടെ 'മസ്തിഷ്‌ക ചോർച്ച' നിരവധി സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രാഷ്ട്രീയമണ്ഡലങ്ങളിൽ അഭൂതപൂർവമായ മാറ്റങ്ങൾ സൃഷ്ടിക്കും.


നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തെത്തന്നെ ഏറ്റവും മികച്ചതാണെന്നതിൽ സംശയമില്ല. എന്നാൽ ഉന്നതവിദ്യാഭ്യാസ സമ്പ്രദായം വളരെ പിന്നിലാണെന്നത് വാസ്തവവുമാണ്. സംസ്ഥാനത്തെ ഉയർന്ന തൊഴിലില്ലായ്മ പ്രത്യേകിച്ചും വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ, ഉന്നതവിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയെയാണ് പ്രതിഫലിപ്പിക്കുന്നത്. സർവകലാശാലകളിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകളും വിവാദങ്ങളും ആവശ്യമായ പരിഷ്‌കാരങ്ങൾക്ക് അനുയോജ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ. ഇതിലൂടെ, വിദ്യാർഥികൾക്കു മാത്രമല്ല ഗുണനിലവാരമുള്ള വിദ്യാഭ്യാസം നഷ്ടമാകുന്നത്. പുറത്തുനിന്നുള്ളവരെ പോലും കാംപസുകളിലേക്ക് ആകർഷിക്കാൻ കഴിയാതെപോകുന്നു. പകരം ഏറ്റവും മികച്ചതും ഉജ്ജ്വലവും സർഗശക്തിയുമുള്ള യുവതയുടെ പലായനത്തിനാണ് നാം സാക്ഷ്യംവഹിക്കുന്നത്.


വിദ്യാർഥികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ആധുനിക കാലഘട്ടത്തിലെ വിപണികൾക്കനുയോജ്യമാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, മെഷീൻ ലേണിങ്, ബ്ലോക്ക്‌ചെയിൻ, പുനരുപയോഗ എനർജി ടെക്‌നോളജി എന്നിങ്ങനെ പുതിയ സാങ്കേതികവിദ്യകൾക്ക് അനുസൃത പാഠ്യപദ്ധതികൾ മുന്നോട്ട് വെക്കുന്നതിലൂടെ ഒരുപരിധിവരെ കുടിയേറ്റം കുറക്കാൻ സാധിക്കും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള പല അനുകൂല സാഹചര്യങ്ങളും ഉണ്ടായിരിക്കെ, അതിനുവേണ്ട രീതിയിൽ നവീകരിക്കാൻ കഴിയുന്നില്ലെന്നത് സങ്കടകരമായ വസ്തുതയാണ്.

(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago