ധനക്കമ്മി: പരിഹാരം പാവങ്ങൾക്ക് നികുതിഭാരം വർധിപ്പിച്ചാകരുത്
കേന്ദ്ര സർക്കാരിനെ പേരിനു മാത്രമേ വിമർശിക്കൂ എന്ന ഉറപ്പ് സംസ്ഥാന സർക്കാരിൽനിന്ന് ലഭിച്ചതിനാലാകാം ഇന്ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയിട്ടുണ്ടാവുക. മാർച്ചിൽ അവസാനിക്കുന്ന സഭാസമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുക ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. അതാകട്ടെ സാധാരണക്കാർക്ക് പേടിയോടെ മാത്രമേ കേൾക്കാനും കാണാനും കഴിയൂ. സാമ്പത്തിക ചുഴിയിൽനിന്ന് കരകയറാൻ സർക്കാർ കാണുന്ന കച്ചിത്തുരുമ്പ് സാധാരണക്കാർക്കുമേലുള്ള നികുതി വർധനയാകരുത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന ടി.എം തോമസ് ഐസക്ക് സദാനേരവും ഉരുവിട്ടുകൊണ്ടിരുന്ന മന്ത്രമായിരുന്നു സാധാരണക്കാരുടെ മുണ്ടു മുറുക്കി ഉടുക്കൽ. രണ്ടാം പിണറായി സർക്കാരിൽ ധനകാര്യ മന്ത്രിയായി വന്ന കെ.എൻ ബാലഗോപാലും അതുതന്നെയാണ് ആവർത്തിക്കുന്നത്. ജനം മുണ്ടു മുറുക്കി ഉടുത്തപ്പോഴും സർക്കാർ ആഡംബരത്തിലും ധാരാളിത്തത്തിലും ഒട്ടും പിശുക്ക് കാണിച്ചില്ല. ഏറ്റവും അവസാന ഉദാഹരണമാണ് മുൻ കേന്ദ്രമന്ത്രി കെ.വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ഒരു ലക്ഷത്തിനടുത്ത് രൂപ ശമ്പളവും മറ്റു ആനുകൂല്യങ്ങളും രാഷ്ട്രീയത്തെ ഭാഗ്യാന്വേഷണമാക്കിയ ഈ പ്രൊഫസർക്ക് ലഭിക്കും.
ഇതര രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ എത്തുന്നവരെ പാർട്ടി ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് പാർട്ടിയുടെ നയം. പക്ഷേ ഇവരെ സർക്കാരിന്റെ ഭാഗമാക്കി, പ്രത്യേക ലാവണങ്ങളിൽ കുടിയിരുത്തി കനത്ത ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നത് നികുതിപ്പണമെടുത്താണ്. കേസിൽ കുടുങ്ങിയ പാർട്ടിപ്രവർത്തകരെ രക്ഷപ്പെടുത്താൻ കനത്ത ഫീസ് നൽകി സുപ്രിംകോടതിയിൽ നിന്ന് മുന്തിയ അഭിഭാഷകരെ കൊണ്ടുവരുന്നത് നികുതിപ്പണം ഉപയോഗിച്ചാണ്. ഇന്ത്യയിൽ മികച്ച ചികിത്സാ സൗകര്യമുണ്ടായിട്ടും മന്ത്രിമാർ വിദേശത്തേക്ക് ചികിത്സക്ക് പോകുന്നതും നികുതിപ്പണത്തിൽ നിന്ന് കൈയിട്ട് വാരിയാണ്. സാധാരണക്കാരൻ മുണ്ടു മുറുക്കിയുടുത്താലും ഖജനാവ് കാലിയാവുന്നത് ഇത്തരം ധാരാളിത്തത്താലും ആഡംബരത്തിനാലുമാണ്.
ബജറ്റ് സമ്മേളനത്തിലെങ്കിലും ഇതിനു മാറ്റമുണ്ടാകണമെന്നാണ് നിത്യവേതനക്കാരായ സാധാരണക്കാരുടെ ആഗ്രഹം. നിത്യോപയോഗ വസ്തുക്കൾക്ക് നികുതി വർധിപ്പിക്കുമ്പോൾ അത്തരം സാധനങ്ങൾ വാങ്ങുന്നതിൽ സാധാരണക്കാർ പിന്നോക്കം പോകും. ഫലമോ വിപണിയിൽ പണമിറങ്ങുകയില്ല. വാങ്ങൽപ്രകിയ ത്വരിതപ്പെടുമ്പോൾ മാത്രമേ കമ്പോളങ്ങളിൽ ചലനമുണ്ടാവുകയുള്ളൂ. ഇതു വഴിയാണ് ചരക്കുനീക്കം വർധിക്കുക. അങ്ങനെയാണ് സർക്കാരിന് നികുതിവഴി വരുമാനം വർധിക്കുക. എന്നാൽ സംസ്ഥാനത്ത് സംഭവിക്കുന്നതെന്താണ്? സർക്കാർ ശമ്പളക്കാരെയും പെൻഷൻകാരെയും തീറ്റിപ്പോറ്റാനാണ് നികുതി വരുമാനത്തിന്റെ ഏറിയ പങ്കും ചെലവാക്കുന്നത്. സെക്കൻഡറി, ഹൈസ്കൂൾ അധ്യാപകന് ഒരു ലക്ഷത്തോളം രൂപ ശമ്പളവും മറ്റു അലവൻസുകളുമായി ലഭിക്കുന്നുണ്ട്. അതിനനുസൃത നികുതി ഇവരിൽനിന്ന് സർക്കാർ ഈടാക്കുന്നുണ്ടോ? ഒരു ലക്ഷത്തിലധികം രൂപ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന എത്രയോ പേർ സംസ്ഥാനത്തുണ്ട്. അത്രയും പണം അവർക്ക് ആവശ്യമില്ലാത്തതിനാൽ ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ നിക്ഷേപിക്കുന്നു. വിപണിയിൽ ഈ പണം ചെലവഴിക്കാത്തതിനാൽ സർക്കാർ ഖജനാവിലേക്ക് ചില്ലിക്കാശ് നികുതിയായി കിട്ടുന്നില്ല. ഡെഡ് മണിയായി എത്രയോ പെൻഷൻകാരുടെ ലക്ഷങ്ങൾ ബാങ്കുകളിൽ കുന്നുകൂടി കിടക്കുന്നുണ്ട്.
പത്തു വർഷം കൂടുമ്പോൾ മാത്രം മതി ശമ്പള പരിഷ്കരണമെന്ന് ശമ്പള കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയതാണ്. ഇത് ഗൗനിക്കാതെ സർവിസ് സംഘടനകളെ പ്രീതിപ്പെടുത്താനും അതുവഴി തുടർഭരണം ലഭിക്കാനുമായി അഞ്ചുവർഷം കൂടുമ്പോൾ ഉദ്യോഗസ്ഥർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനൊപ്പം ക്ഷാമബത്തയും വർധിപ്പിക്കുന്നു. ശമ്പളത്തിൽനിന്ന് ഒരു പങ്ക് നൽകേണ്ടിവരുമെന്നതിനാൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതിനെ സർവിസ് സംഘടനകൾ ഒറ്റക്കെട്ടായി എതിർക്കുകയാണ്. സർവിസ് സംഘടനകളുടെ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ഭീതിയാൽ സംഘടനകളുടെ താൽപര്യത്തിന് സർക്കാർ വഴങ്ങുന്നു.
നിരവധി രാജ്യങ്ങളിൽ തൊഴിലാളികൾ വരുമാനത്തിന്റെ ഒരു പങ്ക് പെൻഷൻ ഫണ്ടിലേക്കടയ്ക്കണം. സംഘടനാശക്തിയില്ലാത്ത സാധാരണക്കാരൻ ഇവിടെ ഓരോ ബജറ്റ് വരുമ്പോഴും കനത്ത നികുതി ഭാരത്താൽ ജീവിതക്ലേശം അനുഭവിച്ചുതീർക്കുന്നു. കേന്ദ്രത്തിന് കേരളത്തെക്കാൾ കട ബാധ്യതയുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ആശ്വസിക്കാം. സാധാരണക്കാരന്റെ നികുതിഭാരത്തിന് പരിഹാരമല്ല അത്തരം ആശ്വാസ പ്രകടനങ്ങൾ. വെള്ളക്കരം ക്രമാതീതമായി വർധിപ്പിച്ചതാണ് സർക്കാരിൽനിന്നു അവസാനമായി സാധാരണകാർക്ക് കിട്ടിയ പ്രഹരം. നികുതി കുടിശിക വൻതോതിൽ വർധിച്ചതിനാലാണ് വെള്ളക്കരം കൂട്ടേണ്ടിവന്നതെന്ന് സർക്കാർ ഭാഷ്യം. സർക്കാർ സ്ഥാപനങ്ങളാണ് കനത്ത കുടിശിക വരുത്തിയതെന്ന് കണ്ടെത്തിയിട്ടും നികുതിഭാരം സാധാരണക്കാരന്റെ ചുമലിൽതന്നെ പതിച്ചു. നികുതിഭാരം ധനികരുടെ ആസ്തിയിലും അവരുടെ മക്കളുടെ വലിയ തോതിലുള്ള പഠന ഫീസുകളിലുമാണ് ഇൗടാക്കേണ്ടത്. കൂടാതെ, അവർക്കുള്ള വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ സബ്സിഡികൾ ഒഴിവാക്കിയുമാവണം ബജറ്റ് അവതരണം.
കനത്ത ശമ്പളവും പെൻഷനും വാങ്ങുന്നവർക്ക് അതിനനുസൃത നികുതി ചുമത്തിയും സർക്കാർ വരുമാനം കണ്ടെത്തേണ്ടതുണ്ട്. മധ്യവർഗത്തിനും സമ്പന്നർക്കും നൽകിക്കൊണ്ടിരിക്കുന്ന സബ്സിഡികൾ നിർത്തലാക്കണം. വോട്ടുബാങ്കിൽ മാത്രം കണ്ണുവയ്ക്കാതെ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് ദൃഢനിശ്ചയമുള്ള ഒരു സർക്കാരിന് ഇച്ഛാശക്തിയോടെ ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേയുള്ളൂ ഇതെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."