HOME
DETAILS

അനിവാര്യമാറ്റത്തിന് 'കൈ'ത്താങ്ങ്

  
backup
April 04 2021 | 04:04 AM

6846843584538-2021

 


ചരിത്രഗതി നിര്‍ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പിനാണ് വരുന്ന ആറാം തിയതി കേരളം സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. അഞ്ചുവര്‍ഷം കേരളം ഭരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും തകര്‍ത്തു തരിപ്പണമാക്കി. കോടികള്‍ മുടക്കി പരസ്യങ്ങള്‍ വഴിയും അന്താരാഷ്ട്ര പി.ആര്‍ ഏജന്‍സികള്‍ വഴിയും മിഥ്യാപ്രതിച്ഛായ ഊതിപ്പെരുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സര്‍ക്കാര്‍ ഒടുവില്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച ഈ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് മാറ്റി ഐശ്വര്യ സമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായേ തീരൂ.

അവസാനമില്ലാത്ത
അഴിമതികള്‍, തട്ടിപ്പുകള്‍


കൊവിഡ് കാലത്തെ സ്പ്രിംഗ്ലര്‍ മുതല്‍ അവസാനം വോട്ടേഴ്‌സ് ലിസ്റ്റിലെ വോട്ട് ഇരട്ടിപ്പും അദാനിയുമായുള്ള വൈദ്യുതി ഇടപാടുംവരെ എണ്ണിയാലൊടുങ്ങാത്ത അഴിമതികളും തട്ടിപ്പുകളുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും അരങ്ങേറിയത്. ലക്ഷക്കണക്കിന് വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് സി.പി.എം നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. ഭരണകക്ഷിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരേ വോട്ടറുടെ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത വിലാസങ്ങളിലും ഐഡി നമ്പറുകളിലുമായി വ്യാജ വോട്ടുകള്‍ ഒരു ബൂത്തില്‍ മാത്രമല്ല, നിരവധി നിയോജകമണ്ഡലങ്ങളിലും ഉണ്ടാക്കി. തങ്ങളുടെ പേരില്‍ ഇങ്ങനെ കള്ള വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ട വിവരം യഥാര്‍ഥ വോട്ടര്‍ അറയണമെന്നില്ല. വോട്ടെടുപ്പ് ദിവസം അവരറിയാതെ ഈ കള്ളവോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച കള്ളവോട്ട് തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള ഭരണകക്ഷിയുടെ ആസൂത്രിത നീക്കമാണ് പ്രതിപക്ഷം പിടികൂടിയത്.


കേരളത്തിലെ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിച്ച് അദാനിക്ക് 1000 കോടി രൂപ ലാഭമുണ്ടാക്കിക്കൊടുക്കുന്ന വന്‍ അഴിമതിയുടെ വിവരങ്ങളാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കുത്തകകള്‍ക്കെതിരേ പ്രസംഗിക്കുകയും തരം കിട്ടുമ്പോഴൊക്കെ അവര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ ശൈലിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ഇടപാട്.


നമ്മുടെ അമൂല്യമായ മത്സ്യസമ്പത്ത് 5000 കോടി രൂപയ്ക്ക് ഒരു അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി നല്‍കാന്‍ ഈ സര്‍ക്കാര്‍ നടത്തിയ നെറികെട്ട നീക്കമാണ് മറ്റൊന്ന്. അതിനായി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി ധാരണാ പത്രങ്ങള്‍ ഒപ്പിടുക മാത്രമല്ല പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമിവരെ അനുവദിക്കുകയും ചെയ്തു. നമ്മുടെ മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കാനും സമുദ്രവിഭവങ്ങള്‍ കൊള്ളയടിക്കാനുമുള്ള ഈ ഗൂഢാലോചനയും പ്രതിപക്ഷം തക്ക സമയത്ത് പിടികൂടിയത് കൊണ്ട് മാത്രമാണ് പൊളിഞ്ഞത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ താവളമായി മാറി. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ പിടിയിലായി ജയിലില്‍ കിടന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ വലംകൈയുമായിരുന്ന എം. ശിവശങ്കരനാണ്. ഈ കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന സ്വപ്നാ സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് നല്‍കുകയും അവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത മൊഴിയില്‍ പറയുന്നത് വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്നാണ്. ഇത്രയും തരംതാഴാന്‍ ഒരു ജനകീയ സര്‍ക്കരിനാവുമോ?
പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കാനെന്ന പേരില്‍ കൊണ്ടുവന്ന ലൈഫ് പദ്ധതിയുടെ മറവിലും നടന്നത് കൈക്കൂലിയും കൊള്ളയുമാണ്. പ്രളയ സഹായത്തിന് വിദേശത്തുനിന്ന് ഒരു സന്നദ്ധ സംഘടന നല്‍കിയ പണം വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ മറവില്‍ സ്വര്‍ണക്കടത്തുകാരും ഉന്നതന്മാരും വീതിച്ചെടുക്കുകയായിരുന്നു. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയോളം രൂപ കമ്മിഷനായും കൈക്കൂലിയായും മറിഞ്ഞു എന്നാണ് വെളിവാക്കപ്പെട്ടത്.
പുതിയ ഒരൊറ്റ വന്‍കിട പദ്ധതിപോലും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ വികസനരംഗത്ത് കേരളത്തെ ബഹുദൂരമാണ് പിന്നോട്ടടിച്ചത്. കേരളത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം തുറമുഖമുള്‍പ്പെടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനപദ്ധതികളെയെല്ലാം തകിടം മറിച്ചു. കേരളത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയെത്തന്നെ അട്ടിമറിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിക്കുകയോ പണി മിക്കവാറും പൂര്‍ത്തിയാക്കുകയോ ചെയ്ത പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ഞെളിയാന്‍ മാത്രമേ ഈ സര്‍ക്കാരിനായിട്ടുള്ളൂ.


കൊവിഡ്: പൊങ്ങച്ചം മാത്രം,
പി.എസ്.സിയെ തകര്‍ത്തു


കൊവിഡ് വ്യാപനം ചെറുക്കുന്നതില്‍ ദയനീയമായിട്ടാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. വൈകുന്നേരങ്ങളില്‍ ടിവി ചാനലുകളില്‍ മുഖ്യമന്ത്രി നടത്തുന്ന വീമ്പുപറച്ചില്‍ മാത്രമാണ് ആകെ നടന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുകയുണ്ടായി. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ പുഴുവരിക്കുകയും മരിക്കുകയും ചെയ്തു.
പി.എസ്.സിയെ നോക്കു കുത്തിയാക്കി പിന്‍വാതില്‍ നിയമനം മേളയാക്കി നടത്തിയ സര്‍ക്കാരാണിത്. സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കെല്ലാം സര്‍വകലാശാലകളില്‍ ജോലി നല്‍കി. ഭരണക്കാരുടെ മക്കളും ബന്ധുക്കളും പിന്‍വാതില്‍ വഴി സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ കയറിപ്പറ്റി. അതേസമയം, പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ ഇടംപിടിച്ച മിടുക്കന്മാര്‍ക്ക് നിയമനത്തിനായി സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടുകാലില്‍ ഇഴയുകയും ചുട്ടുപൊള്ളുന്ന ടാറില്‍ ശയനപ്രദക്ഷിണം നടത്തുകയും ചെയ്യേണ്ടി വന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തികനില ഇത്രത്തോളം തകര്‍ന്നടിഞ്ഞ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. നിയന്ത്രണമില്ലാത്ത ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തികനില തകര്‍ത്തു. ഒന്നര ലക്ഷത്തിലേറെ കോടി രൂപയാണ് ഈ സര്‍ക്കാര്‍ വരുത്തിവച്ച കടം. കേരളം രൂപംകൊണ്ടശേഷം മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം കൂടി ഉണ്ടാക്കിയതിനെക്കാള്‍ കൂടുതല്‍ കടം കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് മാത്രമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് പിണറായി സര്‍ക്കാരിന്റെ നേട്ടം.
പിണറായി അധികാരമേറ്റശേഷം 38 രാഷ്ട്രീയക്കൊലപാതകങ്ങളാണ് ഈ കൊച്ചു കേരളത്തിലുണ്ടായത്. സ്ത്രീപീഡനങ്ങളുടെയും രാഷ്ട്രീയക്കൊലപാതകങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡാണിട്ടത്. വാളയാറിലെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചുപെണ്‍കുട്ടികളുടെ ദുരൂഹമായ കൊലപാതകവും ആ കേസ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അട്ടിമറിക്കപ്പെട്ടതും കേരളത്തിന്റെ മനസ്സാക്ഷിയെ എന്നും കുത്തി നോവിച്ചുകൊണ്ടിരിക്കും. വരാപ്പുഴയിലെ ശ്രീജിത്തും ഇടുക്കിയിലെ രാജ്കുമാറുമെല്ലാം പൊലിസ് കസ്റ്റഡിയില്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയമായാണ് കൊല്ലപ്പെട്ടത്. വടക്കാഞ്ചേരിയില്‍ വിനായകനെപ്പോലുള്ളവര്‍ക്ക് പൊലിസ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്നു.


ശബരിമലയില്‍ ആചാരങ്ങളെ
ചവിട്ടി മെതിച്ചു


കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാകട്ടെ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്നതിന് ബി.ജെ.പിയെ ശക്തിപ്പെടുത്തുകയെന്ന കുടില തന്ത്രമാണ് സി.പി.എമ്മും ഇടതുമുന്നണിയും സ്വീകരിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഇത് വളരെ വ്യക്തമായി തെളിഞ്ഞുകാണുകയും ചെയ്തു. പൊലിസ് കാവലില്‍ ശബരിമലയില്‍ യുവതികളായ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ച് ആചാരം ചവിട്ടി മെതിച്ച സര്‍ക്കാര്‍ ഇതുവരെ തെറ്റു സമ്മതിച്ച് മാപ്പ് പറഞ്ഞിട്ടില്ല. പകരം ഇനി സുപ്രിംകോടതി വിധി വരുമ്പോള്‍ എല്ലാവരുമായി ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് വിശ്വാസികളെ കബളിപ്പിക്കാനാണ് നോക്കുന്നത്. വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് കേരളത്തില്‍ വന്ന് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാക്കുപാലിച്ചില്ല. ബി.ജെ.പിക്ക് പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള സുവര്‍ണാവസരം മാത്രമായിരുന്നു ശബരിമല. എന്നാല്‍ യു.ഡി.എഫ് ആകട്ടെ വിശ്വാസികളുടെ വികാരങ്ങള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുകയും കോടതിയിലും പാര്‍ലമെന്റിലും നിയമസഭയിലും വിശ്വാസ സംരക്ഷണത്തിനായി പോരാടുകയും ചെയ്തു.

പെട്രോളിലെ കൊള്ള,
പൗരത്വ നിയമഭേദഗതി


കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ ഉയര്‍ത്തി ജനത്തെ പിഴിയുമ്പോള്‍ അതിന്റെ പങ്കുപറ്റി ജനത്തെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പെട്രോളിയം വില വര്‍ധനവിലൂടെ ലഭിച്ച അധിക വരുമാനമായി ലഭിച്ച 619.17 കോടി രൂപ വേണ്ടെന്നു വച്ചപ്പോള്‍ ഈ സര്‍ക്കാര്‍ ഒരു പൈസയുടെ ഇളവ് വരുത്തിയില്ല. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരം ഒത്തുതീര്‍പ്പാക്കുന്നതിന് പകരം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് താക്കീത് നല്‍കേണ്ട അവസരമാണിത്. പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ വിറ്റു തുലയ്ക്കുകയാണ്. പൗരത്വ നിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്ന ബി.ജെ.പി സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പ് നല്‍കാനുള്ള അവസരമാണിത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൗരത്വ ഭേദഗതിക്കെതിരായ ചെറുത്തുനില്‍പ്പിന് ശക്തിപകരാനും ഈ തെരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തണം.
തെരഞ്ഞെടുപ്പ് എത്തിയതോടെ സി.പി.എമ്മും ബി.ജെ.പിയും സംസ്ഥാനത്ത് അവിശുദ്ധ സഖ്യം രൂപപ്പെടുത്തിയിരിക്കുകയാണ്. ബി.ജെ.പിയുമായി സി.പി.എം ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് ആര്‍.എസ്.എസ് നേതാവ് ബാലശങ്കറാണ്. ഏതാനും സീറ്റുകളില്‍ ജയിക്കാന്‍ ബി.ജെ.പിയെ സഹായിക്കുക എന്നതാണ് ഈ ഡീല്‍. സ്വര്‍ണക്കടത്തു കേസും ലൈഫ് തട്ടിപ്പു കേസുമെല്ലാം മരവിപ്പിക്കപ്പെട്ടതും ഇതിനോട് ചേര്‍ത്തുവായിക്കണം.


ഐശ്വര്യ കേരളം,
ലോകോത്തര കേരളം


ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന മുദ്രാവാക്യമാണ് യു.ഡി.എഫ് ജനങ്ങള്‍ക്ക് മുന്നിലേക്ക് വയ്കുന്നത്. അതിനായി സംശുദ്ധമായ ഭരണമാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. ലോകത്തിന് മുന്നില്‍ തിളങ്ങുന്ന കേരളം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്രകടനപത്രികയുമായാണ് യു.ഡി.എഫ് ജനങ്ങളെ സമീപിക്കുന്നത്. പ്രളയത്താലും മഹാമാരിയാലും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ വച്ച് വര്‍ഷം 72000 രൂപ ഉറപ്പുവരുത്തുന്ന മിനിമം വരുമാന ഉറപ്പ് പദ്ധതിയായ ന്യായ് നടപ്പാക്കുമെന്നതാണ് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുഖ്യമായത്.


40 വയസു മുതല്‍ 60 വയസുവരെയുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കാനുള്ള മറ്റൊരു പദ്ധതിയും ഞങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ലോകനിലവാരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ഭാവനാപൂര്‍ണവും ക്രിയാത്മകവുമായ പദ്ധതികളാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. അഴിമതിയില്‍ മുങ്ങിത്താണ ഇടതുസര്‍ക്കാരില്‍നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനും സംശുദ്ധമായ ഭരണം സംസ്ഥാനത്തിന് സമ്മാനിക്കുന്നതിനുമായി കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago