അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ലൗ ജിഹാദ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കെ.എം മാണിക്ക് ചില കോണ്‍ഗ്രസ് നേതാക്കളുമായുണ്ടായ പിണക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നൊരു കാലമുണ്ടായിരുന്നു. അന്ന് മാണിയുടെ കഠിനശത്രുവായിരുന്ന പി.സി ജോര്‍ജ് ഒരിക്കലും ആ പാര്‍ട്ടിയുടെ പേരു പറഞ്ഞിരുന്നില്ല. പ്രത്യേക ബ്ലോക്ക് എന്നാണ് വിളിച്ചിരുന്നത്. സൗകര്യമനുസരിച്ച് എങ്ങോട്ടുവേണമെങ്കിലും ചായാനൊരുങ്ങിനില്‍ക്കുകയായിരുന്നു ആ പ്രത്യേക ബ്ലോക്ക്.
അക്കാലത്ത് മാണിയും കൂടെയുള്ള എം.എല്‍.എമാരും ഇടയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സുഖിപ്പിച്ചു സംസാരിക്കുമായിരുന്നു. ചിലപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ലതു പറയും. ഇതിനിടയിലും പ്രധാനമായും കണ്ണുവച്ചത് ഇടതുമുന്നണിയിലേക്കായിരുന്നു. എന്നാല്‍ സി.പി.ഐക്കാര്‍ വഴിമുടക്കി. ബി.ജെ.പിയില്‍ നിന്ന് പ്രതീക്ഷിച്ച വാഗ്ദാനങ്ങളൊന്നും ഉണ്ടായില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് പാര്‍ട്ടി യു.ഡി.എഫില്‍ തന്നെ തിരിച്ചെത്തിയത്. പിന്നീട് താത്ത്വികാചാര്യന്റെ വിയോഗത്തിനു ശേഷം പാര്‍ട്ടിയില്‍ തമ്മിലടിയും പിളര്‍പ്പുമൊക്കെ ഉണ്ടായ ശേഷമാണ് എല്‍.ഡി.എഫിലേക്ക് കാനം രാജേന്ദ്രന്‍ പച്ചക്കൊടി കാട്ടിയത്.
ഇതിനെ അവസരവാദമെന്നൊന്നും പറയാനാവില്ല. ആ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര സവിശേഷതയാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെ വലിയ പ്രത്യയശാസ്ത്രഭാരമുള്ളൊരു പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (എം). കമ്യൂണിസ്റ്റുകാരുടെ ദസ് കാപ്പിറ്റലിനെക്കാള്‍ ഭാരമുണ്ട് മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്. കമ്യൂണിസ്റ്റുകാര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണല്ലോ നിലപാടുകളെടുക്കുന്നത്. അധ്വാനവര്‍ഗ സിദ്ധാന്തക്കാരും അങ്ങനെ തന്നെയാണ്.
അങ്ങനെ ചില പ്രത്യേക നിലപാടുകളെടുക്കേണ്ട അവസ്ഥയിലാണിപ്പോള്‍ അധ്വാനവര്‍ഗപ്പാര്‍ട്ടിയും അതിന്റെ നിലവിലെ ആചാര്യനായ ജോസ് കെ. മാണിയും. സാധാരണ വലിയ സിദ്ധാന്തങ്ങളൊക്കെയുള്ള പാര്‍ട്ടികള്‍ക്ക് സുപ്രധാന തീരുമാനമെടുക്കണമെങ്കില്‍ അതിനുള്ള രേഖകളൊക്കെയുണ്ടാക്കി വിശദമായ ചര്‍ച്ച നടത്തണം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണെങ്കില്‍ അതിന് പാര്‍ട്ടി കോണ്‍ഗ്രസ് ചേരണം. എന്നാല്‍ അധ്വാനവര്‍ഗപ്പാര്‍ട്ടിക്ക് അതിന്റെ പേരില്‍ തന്നെ കോണ്‍ഗ്രസുള്ളതുകൊണ്ട് വേറെ കോണ്‍ഗ്രസ് ചേരേണ്ട കാര്യമൊന്നുമില്ല. ഒരു വീട്ടില്‍ വച്ചുതന്നെ തീരുമാനമെടുക്കാം. നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്നൊക്കെ കേളികേട്ടൊരു തറവാടാണത്. വേറെ ഏതു പാര്‍ട്ടിക്കാണ് ഇത്രയേറെ സൗകര്യമുള്ളൊരു ആസ്ഥാനമുള്ളത്. എ.കെ.ജി സെന്ററില്‍ പോലും അതില്ലല്ലോ.
ചരിത്രത്തിലെ ഒരു നിര്‍ണായക മുഹൂര്‍ത്തത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ പാര്‍ട്ടിക്ക് അഞ്ചു വര്‍ഷത്തിലധികം അധികാരത്തിനു പുറത്തു നിന്ന് ശീലമില്ല. അധികകാലം അധികാരമില്ലെങ്കില്‍ അധ്വാനിക്കുന്ന വര്‍ഗം ക്ഷീണിക്കും. അധ്വാനവര്‍ഗം ക്ഷീണിച്ചാല്‍ അവരുടെ പാര്‍ട്ടിയും ക്ഷീണിക്കും. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷവും പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നു. അവസാനഘട്ടത്തില്‍ ഭരണപക്ഷത്തു ചേര്‍ന്നെങ്കിലും അതിന്റെ സൗകര്യങ്ങളൊന്നും അനുഭവിക്കാനായിട്ടില്ല. ഭരണമുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടുമെന്ന് സി.പി.എം നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ വലിയ ഉറപ്പൊന്നുമില്ല. എങ്ങാനും മറുപക്ഷത്തിന് അധികാരം കിട്ടിയാല്‍ വീണ്ടും അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടിവരും. അധ്വാനവര്‍ഗത്തിന് അത് ആലോചിക്കാന്‍ പോലുമാവില്ല. പെട്ടെന്ന് മറുപക്ഷത്തേക്ക് കയറിച്ചെന്നാല്‍ അവര്‍ മൈന്‍ഡ് ചെയ്യണമെന്നുമില്ല.
പിന്നെ മുന്നിലുള്ളത് മറ്റൊരു മാര്‍ഗമാണ്. യു.ഡി.എഫിലായിരുന്ന കാലത്ത് അവരുടെ സഹായത്തില്‍ ഒരു ലോക്‌സഭാംഗത്തെ കിട്ടിയിട്ടുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ബി.ജെ.പിക്കൊപ്പം കൂടിയാല്‍ കേന്ദ്രത്തില്‍ ഒരു സഹമന്ത്രിസ്ഥാനം കിട്ടിയേക്കും. ഒന്നുമില്ലാത്തതിലും നല്ലതല്ലേ.
പിന്നെ നിയമസഭാ തെരഞ്ഞടുപ്പു തന്നെ പാര്‍ട്ടിക്ക് ഒരു ഞാണിന്‍മേല്‍കളിയാണ്. മാണി തുടര്‍ച്ചയായി നിലനിലര്‍ത്തിപ്പോന്ന പാര്‍ട്ടിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലത്തില്‍ വിജയം അത്ര ഉറപ്പൊന്നുമില്ല. വിജയം ഉറപ്പാക്കണമെങ്കില്‍ ഇത്തിരി വോട്ടുകൂടി സംഘടിപ്പിച്ചെടുക്കണം. തലപുകഞ്ഞാലോചിച്ചപ്പോള്‍ രണ്ടിനുംകൂടി കണ്ടെത്തിയ കുറുക്കുവഴിയാണ് ലൗ ജിഹാദ്. കോടതികളും കേന്ദ്ര സര്‍ക്കാര്‍ തന്നെയും തള്ളിക്കളഞ്ഞൊരു കാര്യമാണെങ്കിലും അത് എവിടെയെങ്കിലുമൊക്കെ ഏശിയേക്കും. വംശശുദ്ധിയില്‍ വലിയ ആകുലതയുള്ള സംഘ്പരിവാര്‍ സവര്‍ണ മനസുകള്‍ക്കും സവര്‍ണ ക്രൈസ്തവ മനസുകള്‍ക്കും ലൗ ജിഹാദ് ആരോപണം പെരുത്ത് ഇഷ്ടപ്പെടും. അധ്വാനവര്‍ഗ സിദ്ധാന്തത്തിന് തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ അതു മതിയാകും.
അതാണ് അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ സവിശേഷത. ഏതുതരം 'ലൗ ജിഹാദി'നും ഒരുങ്ങിനില്‍ക്കുന്നൊരു പ്രത്യയശാസ്ത്രമാണത്. ഇന്നലെ യു.ഡി.എഫെങ്കില്‍ ഇന്ന് എല്‍.ഡി.എഫ്. നാളെ വേണമെങ്കില്‍ എന്‍.ഡി.എ. പറഞ്ഞുനില്‍ക്കാന്‍ മൂന്നിലുമുണ്ടല്ലോ ഒരു 'ഡി'.
കണ്ണൂര്‍ ജയരാജമുക്ത നിയമസഭ
ആരെന്തൊക്കെപ്പറഞ്ഞാലും സി.പി.എമ്മിന്റെ ഐശ്വര്യമാണ് കണ്ണൂരിലെ ജയരാജത്രയം. ജയരാജന്‍മാരെ മാറ്റിനിര്‍ത്തിക്കൊണ്ട് കണ്ണൂരിലെ സി.പി.എമ്മിനെക്കുറിച്ച് ചിന്തിക്കാനാവില്ല. കുറച്ചുകാലമായി നിയമസഭയ്ക്കും ഒരു അലങ്കാരമായിരുന്നു ഏതെങ്കിലുമൊരു കണ്ണൂര്‍ ജയരാജന്‍. വി.എസ് മന്ത്രിസഭയുടെ കാലത്ത് പി. ജയരാജന്‍ നിയമസഭയിലുണ്ടായിരുന്നു. തുടര്‍ന്നുള്ള രണ്ടു നിയമസഭകളില്‍ ഇ.പി ജയരാജനുണ്ടായിരുന്നു. നിലവില്‍ അദ്ദേഹം മന്ത്രിയുമാണ്. എന്നാല്‍ അടുത്ത നിയമസഭയില്‍ കണ്ണൂര്‍ ജയരാജന്‍മാരില്‍ ഒരാളുമുണ്ടാകില്ല. മൂന്നിലൊരാള്‍ക്കുപോലും പാര്‍ട്ടി സീറ്റ് നല്‍കിയിട്ടില്ല. ഇപ്പോള്‍ ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് (എം) നേതാവ് എന്‍. ജയരാജ് ജയിച്ചു സഭയിലെത്തിയേക്കും. എന്നാല്‍ അതുകൊണ്ടായില്ല. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
പൊതുവെ കണ്ണൂര്‍ ജയരാജന്‍മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമല്ല. അവരുടെ കൂട്ടത്തില്‍ ഏറ്റവും പ്രമുഖനായ പി. ജയരാജന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ഉഗ്രപ്രതാപിയായിരുന്നു. ശിവസേന, ഹനുമാന്‍ സേന, അയ്യങ്കാളിപ്പട എന്നിവയൊക്കെപ്പോലെ കണ്ണൂരില്‍ ഒരു ജയരാജന്‍ സേന (പി.ജെ ആര്‍മി) തന്നെ രൂപംകൊണ്ടിട്ടുണ്ട്. അങ്ങനെ അദ്ദേഹം ഒരുപാട് പടര്‍ന്നുപന്തലിച്ചെന്നും ആ പന്തലിപ്പ് പാര്‍ട്ടിക്ക് പണിയുണ്ടാക്കുമോ എന്നുള്ള ആശങ്ക പാര്‍ട്ടിയില്‍ അതുക്കുംമേലെയുള്ള നേതാക്കള്‍ക്കുണ്ടായെന്നുമൊക്കെ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 'സ്വര്‍ണം കായ്ക്കും മരമായാലും വീടിനുനേരേ ചരിഞ്ഞുനിന്നാല്‍ വെട്ടിമാറ്റും കട്ടായം' എന്നത് പണ്ട് എം.വി.ആറിനെ പുറത്താക്കിയ കാലം മുതല്‍ പാര്‍ട്ടിക്കാര്‍ വിളിച്ചുപോരുന്നൊരു മുദ്രാവാക്യമാണ്. അദ്ദേഹത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിലവിലെ സാഹചര്യത്തില്‍ തോല്‍ക്കുമെന്നുറപ്പുള്ള വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കി. തോറ്റെന്നു മാത്രമല്ല തിരിച്ചെത്തിയപ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയതുമില്ല.
മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുക എന്ന ഭാരിച്ചൊരു ഭരണച്ചുമതലയായിരുന്നു എം.വി ജയരാജന്. അദ്ദേഹത്തെ അവിടെനിന്ന് മാറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കി. സി.പി.എമ്മില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നത് കാര്യമായൊരു പദവിയാണെങ്കിലും ഭരണച്ചുമതലയോളം വരില്ലല്ലോ അത്. ഇ.പി ജയരാജനാണെങ്കില്‍ തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ച കാരണം പറഞ്ഞ് സീറ്റ് നല്‍കിയതുമില്ല.
അവഗണിക്കപ്പെടുന്നവര്‍ ഒരുമിച്ചുനില്‍ക്കുന്നത് സ്വാഭാവികമാണ്. ജയരാജത്രയത്തിന്റെ പ്രതിഷേധം കണ്ണൂര്‍ പാര്‍ട്ടിയില്‍ പുകയുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്. എന്നുകരുതി കോണ്‍ഗ്രസിലേതുപോലെ പരസ്യമായി പത്രസമ്മേളനം നടത്തുകയോ മൊട്ടയടിച്ച് പ്രതിഷേധിക്കുകയോ ഒന്നും ചെയ്യാനാവില്ലല്ലോ. പാര്‍ട്ടി സി.പി.എമ്മാണ്. സ്ഥലം കണ്ണൂരും. പരസ്യമായി കുലംകുത്തിയായാല്‍ ഏതുവഴിക്കും ഇന്നോവ വന്നേക്കാം. എന്നാല്‍ അതോര്‍ത്ത് മിണ്ടാതിരിക്കാനുമാവില്ല. ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ പി.ജെ ആര്‍മിയുടെ പ്രതിഷേധ ബോര്‍ഡ് വന്നു. പാര്‍ട്ടിക്കാര്‍ അതെടുത്തുമാറ്റിയപ്പോഴേക്കും ആവശ്യത്തിന് വാര്‍ത്താപ്രാധാന്യം കിട്ടിയിരുന്നു.
അതൊരു തുടക്കം മാത്രമായിരുന്നു. അടുത്തത് പിറകെ വന്നു. താന്‍ തെരഞ്ഞെടുപ്പ് മത്സരം നിര്‍ത്തിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇ.പി ജയരാജന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പിണറായി വിജയനെ നന്നായൊന്ന് പ്രശംസിച്ചു. ബ്രൂട്ടസിനെ പുകഴ്ത്തിയ മാര്‍ക്ക് ആന്റണിയുടെ ട്രോള്‍ തന്ത്രത്തെക്കുറിച്ച് കണ്ണൂരിലെ സാദാ നേതാക്കള്‍ക്കൊന്നും ആദ്യം കത്തിയില്ലെങ്കിലും പിണറായിക്ക് പെട്ടെന്നുതന്നെ അതു പിടികിട്ടി. പിണറായിക്കു പിടികിട്ടിയതോടെ പിറകെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും കാര്യം തിരിഞ്ഞു. അതിനി പാര്‍ട്ടി താത്ത്വിക അവലോകനത്തിനു വിധേയമാക്കും.
ജയരാജശാപം കണ്ണൂരില്‍ ഫലിക്കുമോ എന്നൊന്നും പറയാനാവില്ല. അക്കാര്യം മെയ് രണ്ടിനറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."