'ചാണകം കൊണ്ട് പൊതിയുന്ന വീടുകള്‍ക്ക് അണുവികിരണം ഏല്‍ക്കില്ല' നിരീക്ഷണം ഗുജറാത്ത് കോടതിയുടേത്
വ്യാര(ഗുജറാത്ത്): ചാണകം കൊണ്ടു പൊതിയുന്ന വീടുകള്‍ക്ക് അണുവികിരണം അഥവാ അറ്റോമിക് റേഡിയേഷന്‍ ഏല്‍ക്കില്ലെന്ന വിചിത്ര നിരീക്ഷണവുമായ ഗുജറാത്ത് കോടതി. ശാസ്ത്രം ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഗോവധം നിരോധിച്ചാല്‍ ഭൂമിയിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ഗുജറാത്തിലെ തപി ജില്ലാ കോടതി നിരീക്ഷിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ്ചന്ദ്ര വ്യാസിന്റേതാണ് പ്രസ്താവന. ഗോമൂത്രം നിരവധി മാരക അസുഖങ്ങള്‍ക്കുള്ള പരിഹാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ നിന്നും അനധികൃതമായി കന്നുകാലികളെ കടത്തിയതിന് 22 കാരന് ജീവപര്യന്തം തടവു വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
പശു അമ്മയാണ്. കേവലം ഒരു മൃഗം മാത്രമല്ല. പശു നന്ദിയുള്ള മൃഗമാണ്. മറ്റൊന്നിനും പശുവിന്റെയത്ര നന്ദിയില്ല. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ പതിക്കാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ഭൂമിയില്‍ ഐശ്വര്യം കൈവരുമെന്നും കോടതി പറഞ്ഞു.
68 കോടി പുണ്യസ്ഥലങ്ങളുടെയും 33 കോടി ദൈവങ്ങളുടെയും സംഗ്രഹമായ ജീവനുള്ള ഗ്രഹമാണ് പശുവെന്നും മതപരമായ വശങ്ങള്‍ക്കു പുറമെ സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവും ആരോഗ്യപരവുമായ നേട്ടങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പശുക്കളെ അസന്തുഷ്ടരാക്കിയാല്‍ നമ്മുടെ സമ്പത്തിനെ ബാധിക്കുമെന്നും പശുക്കളെ പീഡിപ്പിച്ചാല്‍ കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും അതുമൂലം അന്തരീക്ഷ താപനില ഉയരുമെന്നും കോടതി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിട്ടും ഗോഹത്യ ഉയരുകയല്ലാതെ കുറയുന്നില്ല- കോടതി ചൂണ്ടിക്കാട്ടി.
പശു മതത്തിന്റെ പ്രതീകമാണ്. പശുവിനെ അടിസ്ഥാനമാക്കിയുള്ള ജൈവകൃഷിയിലൂടെ വിളയുന്ന ഭക്ഷണം പല രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2020 ആഗസ്റ്റ് ഏഴിന് 16 പശുക്കളെയും പശുക്കിടാങ്ങളെയും അനധികൃതമായി ട്രക്കില്‍ കടത്തിയതിനാണ് മുഹമ്മദ് അമീന്‍ എന്ന യുവാവ് അറസ്റ്റിലായത്.ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് അനിമല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഡര്‍,മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിക്ക് അഞ്ചു ലക്ഷം രൂപ പിഴയും ജീവ പര്യന്തം തടവുമാണ് കോടതി വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."