അജ്ഞാതലോകത്തെ പ്രകാശ സഞ്ചാരങ്ങള്‍
സകലയോര്‍മകളും പിന്നിലുപേക്ഷിച്ച് ഞാന്‍ വലിയൊരു ഉറക്കത്തിലേക്ക് പ്രവേശിച്ചു. കെട്ടുപൊട്ടിച്ച് ഉയര്‍ന്നുപൊങ്ങുന്ന ഒരു പട്ടംപോലേ, എല്ലാ ഭാരങ്ങളും അലിഞ്ഞുപോയി, ഒരു കനമില്ലാത്ത വസ്തുവായി ഞാന്‍ മാറിക്കഴിഞ്ഞിരുന്നു.
എനിക്ക് ചിറകുകള്‍ മുളച്ചിരിക്കുന്നു! ഞാന്‍ പറക്കുകയാണ്. താഴേക്കു നോക്കി; ഭൂമിയിലെ പച്ചപ്പ് മങ്ങിമങ്ങിവരുന്നു. ഞാന്‍ കൂടുതല്‍ക്കൂടുതല്‍ മുകളിലേക്കു പൊയ്‌ക്കൊണ്ടേയിരുന്നു. മേഘങ്ങള്‍ എന്നെയുരുമ്മി കടന്നുപോകുന്നു. ഇപ്പോള്‍ ഞാന്‍ മേഘങ്ങള്‍ക്കുംമേലേ. ആഹാ! എന്തൊരനുഭൂതി! ആകുലതകളുടെ കെട്ടുപാടുകളില്ലാതെ, ഒരപ്പൂപ്പന്‍താടിയുടെ ഭാരംപോലുമില്ലാതെ ഞാന്‍ ഒഴുകിനടക്കുകയാണ്. പെട്ടെന്ന്, ഞാന്‍ ദൈവത്തെ കണ്ടു!
മുഖത്ത് മാസ്‌കുവച്ച, വെള്ളയുടുപ്പിട്ട ദൈവവും നീലയുടുപ്പിട്ട മാലാഖമാരും! ഇതേതു മതത്തിലെ സ്വര്‍ഗ്ഗരാജ്യം?
ഈ യൂനിഫോമിട്ട ദൈവവും മാലാഖമാരും എവിടത്തെയാണാവോ എന്ന് കൂലങ്കഷമായി ചിന്തിച്ചുനില്‍ക്കുമ്പോള്‍ മാസ്‌ക് മാറ്റി ദൈവം വിളിക്കുന്നു:
'ദിവ്യാ, ആര്‍ യൂ ആള്‍റൈറ്റ്?'
പിന്നെയവര്‍ കേട്ടത് എന്റെയൊരു അലര്‍ച്ചയാണ്. ദൈവവും മാലാഖമാരും ഞെട്ടി. പെട്ടെന്ന് കുറച്ച് മലയാളിമാലാഖമാര്‍ പ്രത്യക്ഷപ്പെട്ടു.
എനിക്കു പതുക്കേ വെളിവ് തിരികേ കിട്ടിത്തുടങ്ങി. മയക്കത്തില്‍നിന്ന് ഉണര്‍ന്നുവരുന്ന ഞാന്‍ മേഘങ്ങള്‍ക്കു മുകളില്‍ എന്നുംപറഞ്ഞ് കട്ടിലില്‍ എണീറ്റുനില്‍ക്കുകയാണ്. രംഗങ്ങള്‍ എനിക്കു മുന്നില്‍ അവ്യക്തതയോടെ, സാവധാനം തെളിഞ്ഞുവരുന്നുണ്ടെങ്കിലും പിടിവിട്ട മനസ്, തിരിച്ചുവരാന്‍കൂട്ടാക്കാതെ പറന്നുനടക്കുകയാണ്. ഏകദേശം ഒരു മണിക്കൂറിനുശേഷം ഞാന്‍ നോര്‍മലായി.
ചെറിയൊരു ബയോപ്‌സിയെടുക്കാനായി, അനസ്‌തേഷ്യയ്ക്കായി മരുന്നു കുത്തിവയ്‌ക്കേണ്ടിവന്ന ഒരവസരത്തില്‍ എനിക്കുണ്ടായ ഈയൊരനുഭവം എലിഫ് ഷഫകിന്റെ '10 മിനിട്ട്‌സ്; 38 സെക്കന്റ്‌സ് ഇന്‍ ദിസ് സ്ട്രയ്ഞ്ച് വേള്‍ഡ്' വായിച്ചുതുടങ്ങിയപ്പോള്‍ ഒന്നുകൂടി മനസിലേക്കു വന്നു.
മരണത്തിനിടയിലെ
മിന്നിമറിയല്‍
ബോധത്തിന്റെയും അബോധത്തിന്റെയും, അല്ലെങ്കില്‍ ഉറക്കത്തിന്റെയും ഉണര്‍വ്വിന്റെയും ഒരു ടൈ്വലൈറ്റ് സോണില്‍ മനസിലൂടെ കടന്നുപോയ കാഴ്ചകള്‍, ഓര്‍മവന്ന വ്യക്തികള്‍, അത് വളരെക്കുറച്ചു സെക്കന്റുകളോ മിനിട്ടുകളോ മണിക്കൂറുകളോ എന്നു തിട്ടപ്പെടുത്താനാകാത്ത ഒരു ടൈംഫ്രെയിമില്‍, തീര്‍ച്ചയായും എനിക്ക് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു. മരണത്തിന്റെ വക്കോളം പോയ് തിരികേ ജീവിതത്തിലേക്കു വന്ന മനുഷ്യര്‍, ആ അനുഭവങ്ങളെ പല രീതിയില്‍ വിവരിക്കുന്നതു കാണാറില്ലേ? കാര്‍ഡിയാക്കറസ്റ്റ് സംഭവിച്ചുകഴിയുമ്പോള്‍, തുടര്‍ന്നുനല്‍കുന്ന ശുശ്രൂഷകളുടെ ഭാഗമായി മിനിട്ടുകളോ നിമിഷങ്ങളോ എടുത്ത് ചിലര്‍ മിടിക്കുന്ന ഹൃദയത്തോടെ ജീവിതത്തിലേക്കു തിരിച്ചുവരുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. ആ അബോധാവസ്ഥയില്‍, ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള ശൂന്യമായ മിനിട്ടുകളില്‍ ഓരോരുത്തരും കടന്നുപോകുന്ന അവസ്ഥകളെക്കുറിച്ച് ഒന്നുകൂടി ചിന്തിച്ചുപോയത്, ഈ നോവലിലെ പ്രധാന കഥാപാത്രമായ ലൈലയെ വായിച്ചപ്പോളാണ്.
കാനഡയിലെ ഒരുകൂട്ടം ഡോക്ടമാരുടെ ഗവേഷണഫലമായി, മനുഷ്യന്‍ മരിച്ചതിനുശേഷവും അഥവാ ഹൃദയമിടിപ്പു നിലച്ചതിനുശേഷവും തലച്ചോറ് പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു എന്നു സ്ഥിരീകരിക്കുന്ന ചില പഠനങ്ങളെക്കുറിച്ച് വായിക്കാനിടയായതാണ്, ഈ നോവലിനെ ഇത്തരത്തില്‍ എഴുതാനുണ്ടായ കാരണമെന്നു എഴുത്തുകാരിയായ എലിഫ് ഷഫക് പറയുന്നു. ആ ഏതാനും മിനിട്ടുകളില്‍, ഒരാള്‍ എന്തൊക്കെയായിരിക്കും ചിന്തിച്ചിട്ടുണ്ടായിരിക്കുക എന്ന ചിന്ത നോവലിന്റെ രൂപകല്‍പനയില്‍ പ്രധാന വസ്തുതയായി. മരിച്ചു എന്നു കരുതി കൊലയാളികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഒരു വീപ്പയില്‍ ഉപേക്ഷിച്ചുപോയ ലൈല, തൊട്ടടുത്ത ഏതാനും മിനിട്ടുകള്‍, അതായത് പൂര്‍ണമായും ഹൃദയവും തലച്ചോറും പ്രവര്‍ത്തനരഹിതമായി, ഒരു മൃതാവസ്ഥയില്‍ ആകുന്നതിനു തൊട്ടുമുന്‍പുള്ള ഏതാനും മിനുട്ടുകളിലും സെക്കന്റുകളിലും അനുഭവിക്കുന്ന ചില ഗന്ധങ്ങളുടെയും രുചികളുടെയും പുറകിലുള്ള കഥകളിലൂടെ, പൂര്‍ണമായും നോവലിസ്റ്റിന്റെ ഭാവനയിലൂടെ, ആ പതിനൊന്നു മിനിട്ടുകളും മുപ്പത്തിയെട്ടു സെക്കന്റുകളും വലിയൊരു കഥയായി രൂപാന്തരപ്പെടുന്നു.
ലൈലയുടെ, ഒരു രാജ്യത്തിന്റെ, കുറെ സുഹൃത്തുക്കളുടെയെല്ലാം കഥ പറയുകയാണ് ഈ കൃതിയില്‍. ഇസ്താംബൂള്‍ നഗരം. കഥ തുടങ്ങുമ്പോഴേ, ലൈല മരിച്ചിരുന്നു. ബോസ്ഫറസ് പാലത്തിനു മുകളിലൂടെ കയറിയിറങ്ങി, കബാബുകളും കക്കയിറച്ചി പൊരിച്ചതും ബോറക് മധുരപലഹാരങ്ങളും മറ്റും വില്‍ക്കുന്ന തെരുവുകളിലൂടെ നടന്ന്, തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്ന ഇടവഴികളിലൂടെ ശ്രദ്ധാപൂര്‍വ്വം ചുവടുകള്‍ വച്ചുകൊണ്ട്, തുറമുഖത്തുനിന്നു കേള്‍ക്കുന്ന കപ്പലുകളുടെയും മറ്റു ചെറിയ മീന്‍പിടുത്ത കടത്തുബോട്ടുകളുടെയും ശബ്ദങ്ങള്‍ കേട്ടുകൊണ്ടും പതുക്കപ്പതുക്കേ നമ്മള്‍ ആ തെരുവിലെത്തുന്നു. 'ടെക്വിലലൈല'യുടെ താമസസ്ഥലത്ത് ശരീരമന്വേഷിച്ചെത്തുന്ന ആവശ്യക്കാരെ തൃപ്തിപ്പെടുത്താനായി വിധിക്കപ്പെട്ട മറ്റനേകം സ്ത്രീകളാടൊപ്പം, ലൈല തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ജീവിച്ചുതീര്‍ത്ത തെരുവിലെ ആലയം. നിയമപരമായ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന കുറച്ചധികം സ്ഥാപനങ്ങള്‍ ആ തെരുവിലുണ്ട്.
നഗരപ്രാന്തത്തിലെ ഒരു മാലിന്യക്കൊട്ടയ്ക്കകത്ത് ഉപേക്ഷിക്കപ്പെട്ടവളായി ലൈല മരിച്ചുകിടന്നു. എങ്കിലും ലൈലയുടെ തലച്ചോര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്നുള്ള പതിനൊന്നു മിനിട്ടും മുപ്പത്തിയെട്ടു സെക്കന്റുകളും ലൈലയുടെ തലച്ചോറിലേക്കെത്തിക്കുന്ന സംഭവങ്ങളിലൂടെ, നാം ലൈലയുടെ കഥ കേള്‍ക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനുമുന്‍പേയുള്ള ഓരോ മിനിട്ടും ലൈലയുടെ മനസിലേക്കു കടന്നുവരുന്നത് ചില ഗന്ധങ്ങളും രുചികളുമായിട്ടാണ്. ഓരോ മണവും സ്വാദും ലൈലയുടെ ജീവിതത്തിലേക്കുള്ള താക്കോല്‍ക്കൂട്ടങ്ങളായ് രൂപാന്തരപ്പെടുന്നു. ഓരോന്നിനും പുറകിലുള്ള കഥ പറയാനുള്ള സ്വാതന്ത്ര്യം, നോവലിസ്റ്റ് ഏറ്റെടുക്കുന്നു.
ഓര്‍മകളുടെ രുചിക്കൂട്ട്
ഒന്നാമത്തെ മിനുട്ടില്‍, ലൈലയ്ക്ക് ഉപ്പിന്റെ രുചി അനുഭവപ്പെടുന്നു. അതിന് ഒരു കാരണമുണ്ടെന്നു പറയുന്ന നോവലിസ്റ്റ് ആ കഥയിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. 1947ല്‍ ലൈല ജനിച്ച ദിവസത്തിന്റെ ഓര്‍മയിലാണ് ആ ഉപ്പിന്റെ രുചി ചെന്നെത്തുന്നത്. ലൈലയുടെ ഭൂതകാലം മുഴുവനും മുന്നില്‍ തെളിയുന്നു. ജനിച്ചിട്ടും കരയാതിരുന്ന കുഞ്ഞുലൈലയുടെ ദേഹം മുഴുവനും ഉപ്പുകൊണ്ടു തിരുമ്മുന്നു. എന്നിട്ടും കരയാതിരുന്ന കുഞ്ഞിനെ ഉപ്പുകൊണ്ടു മൂടുന്നു. അവര്‍ ചെയ്യുന്ന ഒരു പൊടിക്കൈ പല കുഞ്ഞുങ്ങളെയും രക്ഷിച്ചിട്ടുണ്ടത്രേ! ഏറ്റവുമൊടുവില്‍ ദേഹത്തും മൂക്കിലും വായിലും ഉപ്പിന്റെ മണവും രുചിയുമായി ആ കുഞ്ഞ് ഉറക്കെ കരയുന്നു. അമ്മ, ബിന്നാസിന്, അതിനോടകം ഒത്തിരിതവണ ഗര്‍ഭിണിയായെങ്കിലും ജീവനോടെ ഒരു കുഞ്ഞിനെ കൈയില്‍ക്കിട്ടുന്നത് ആദ്യമായിട്ടാണ്. അതും തന്റെ പത്തൊന്‍പതാം വയസില്‍. പക്ഷേ, തന്റെ ഭര്‍ത്താവിന്റെ ആദ്യഭാര്യ സൂസന്, ആ കുഞ്ഞിനെ നല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുന്നു. തന്റെ സ്വന്തം അമ്മയെ ആന്റി എന്നു വിളിച്ചുകൊണ്ട് ലൈല ആ വീട്ടില്‍ വളരുന്നു. കൗമാരത്തിലെത്തുന്ന ലൈല, ആകെ സമ്പാദിക്കുന്നത് ഒരു സുഹൃത്തിനെയാണ്; സിനാബ്.
സ്വന്തം അമ്മാവനില്‍നിന്നു ചെറുതായിരിക്കുമ്പോളേ ലൈംഗികചൂഷണം നേരിടുന്ന ലൈല, ഗര്‍ഭിണിയായെങ്കിലും തുടക്കത്തിലേ അതില്ലാതാകുന്നു. അതേ അമ്മാവന്റെ മകനുമായി വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കാനായ് വാന്‍ എന്ന തന്റെ ഗ്രാമത്തില്‍നിന്ന് ഇസ്താംബൂളിലേക്കു ബസ് കയറുന്നു. പിന്നീടുള്ള ചതിക്കുഴികളില്‍പ്പെട്ട് വേശ്യാത്തെരുവില്‍ എത്തിച്ചേരുന്നു.
ജീവിതം ഒരു മൃതദേഹമായി, മാലിന്യക്കൂമ്പാരത്തില്‍ എത്തിപ്പെടുന്നതിനുമുന്‍പ് അവള്‍ അഞ്ചു സുഹൃത്തുക്കളെ സമ്പാദിച്ചിരുന്നു. ചെറുപ്പംമുതലേ കൂട്ടായുള്ള സിനാന്‍; രൂപവും പെണ്ണിന്റെ മനസുമായതുകൊണ്ട് തന്റെ നാട്ടില്‍നിന്ന് ഇസ്താംബൂളില്‍ വന്ന് ശസ്ത്രക്രിയചെയ്ത് 'നൊസ്റ്റാള്‍ജിയ നോലന്‍' എന്ന് ലൈല വിളിക്കുന്ന നോലന്‍; സോമാലിയയില്‍നിന്ന് ഇസ്താംബൂളില്‍ ജോലിക്കെന്നുംപറഞ്ഞുകൊണ്ടുവന്ന്, ഹ്യൂമന്‍ട്രാഫിക്കിങ്ങിന്റെ ഇരയായിമാറിയ ജമീല; വളരെ പൊക്കം കുറഞ്ഞ, ലെബനോനില്‍ ജനിച്ച, ജോലിയന്വേഷിച്ച് ഇസ്താംബൂളില്‍ വന്ന്, ഒടുക്കം വേശ്യാലയത്തിലെ തൂപ്പുജോലിയും മറ്റും ചെയ്യാനായി എത്തപ്പെട്ട സൈനബ്; ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉപദ്രവത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട്, ക്ലബ്ബുകളിലും മറ്റും പാട്ടുപാടിയും ചില ലോ ബജറ്റ് സിനിമകളിലഭിനയിച്ചുംനടക്കുന്ന മെസൊപ്പൊട്ടേമിയയില്‍നിന്നുള്ള ഹുമേയ്‌റ. ഇവരെപ്പറ്റിയെല്ലാം ലൈല ഓര്‍ക്കുന്നത് തലച്ചോറിലേക്ക് ഓരോ മിനിട്ടിലും കടന്നുവരുന്ന ഗന്ധങ്ങളെയും രുചികളെയും കൂട്ടുപിടിച്ചാണ്.
ആകാംക്ഷയുടെ ഒടുക്കം
തന്റെ കുട്ടിക്കാലത്തെ ഓര്‍ത്തെടുക്കുന്ന നാരങ്ങയുടെയും പഞ്ചസാരയുടെയും രുചി, തണ്ണിമത്തന്റെ രുചിയും മണവും, മസാലകളിട്ടുണ്ടാക്കിയ സ്റ്റൂവിന്റെ മണം, മണ്ണിന്റെ രുചി, വേശ്യാലയത്തിലെ ഇടവേളകളില്‍ കുടിക്കുന്ന ഏലയ്ക്കായയിട്ട ചായ, സള്‍ഫുറിക് ആസിഡിന്റെ രൂക്ഷഗന്ധം, അലിയുടെ പ്രണയത്തെയും വിവിഹത്തെയുമെല്ലാമോര്‍മിപ്പിക്കുന്ന ചോക്കലേറ്റ് കേക്കിന്റെ, വറുത്ത കക്കയിറച്ചിയുടെ രുചി തുടങ്ങിയ രസങ്ങളിലൂടെ കഥ പറയുകയാണ്.
ലൈല പൂര്‍ണമായും മരിച്ചുകഴിഞ്ഞതിനുശേഷം, ടര്‍ക്കിയിലെ നിയമമനുസരിച്ച്, ബന്ധുക്കളാരും ഏറ്റെടുക്കാത്തതിനാല്‍, 'സെമിട്രി ഓഫ് കംപാനിയന്‍ലെസ്' അഥവാ ആരോരുമില്ലാത്തവര്‍ക്ക് അല്ലെങ്കില്‍ ആര്‍ക്കും വേണ്ടാത്തവര്‍ക്കുവേണ്ടിയുള്ള ശവപ്പറമ്പില്‍, ഒരു പേരുപോലുമില്ലാതെ, ഒരു നമ്പറിന്റെമാത്രം അകമ്പടിയോടെ അടക്കപ്പെടുന്നു. സുഹൃത്തുക്കളായ അഞ്ചുപേരെയും നിയമത്തിന്റെപേരില്‍ ലൈലയെ കാണാന്‍പോലും അനുവദിക്കുന്നില്ല.
സ്വന്തം ജീവനെക്കാള്‍ പരസ്പരം സ്‌നേഹിച്ചിരുന്ന ഈ സുഹൃത്തുക്കള്‍, തങ്ങളുടെ ആത്മമിത്രമായ ലൈലയെ ആ ശവപ്പറമ്പില്‍ ഉപേക്ഷിച്ചുപോരുമോ? ലൈലയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയുംചെയ്ത വിപ്ലവകാരിയായ അലി എന്ന ചെറുപ്പക്കാരന് എന്തു സംഭവിച്ചു? ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്നവരുടെ ശവപ്പറമ്പിനു പുറകിലുള്ള ചരിത്രമെന്താണ്? ലൈലയെ കൊന്നതാര്? നോവല്‍ അന്തിമഘട്ടത്തിലെത്തുമ്പോഴേക്കും ഇങ്ങനെയുള്ള ഒത്തിരി ആകാംക്ഷാഭരിതമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് നമുക്കു ലഭിക്കുന്നത്. ഈ കഥാപാത്രങ്ങളിലൂടെ ടര്‍ക്കിയുടെ, ഇസ്താംബൂളിന്റെ വൈവിധ്യങ്ങളെയാണ് പരാമര്‍ശിക്കുന്നത്. പരദേശികളുടെയും അഭയാര്‍ഥികളുടെയും ഇടതുപക്ഷവിപ്ലവപ്രസ്ഥാനങ്ങള്‍ ഫാഷിസത്തിന്നെതിരേ പോരാടുന്നതിന്റെയും ഭരണാധികാരികള്‍ അവയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെയും ട്രാന്‍സ്ജന്‍ഡര്‍ വിഷയങ്ങളും ഒപ്പംതന്നെ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും രാത്രിജീവിതങ്ങളുടെയും സര്‍വോപരി, രക്തബന്ധങ്ങളെക്കാള്‍ ചിലപ്പോളെല്ലാം ജീവിതത്തിലെ ഓരോ പടവില്‍വച്ച് പരസ്പരം കൈകോര്‍ത്തു കൂടെച്ചേരുന്ന, ഏതൊരു പ്രതിസന്ധിയിലും അപകടത്തിലും കൈവിടാതെ ചേര്‍ന്നുനില്‍ക്കുന്ന സൗഹൃദത്തിന്റെയും എല്ലാം വളരെ മനോഹരമായ ആവിഷ്‌കാരമെന്നു പറയാവുന്ന ഈ നോവല്‍ 2019ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1940- 1990കളാണ് നോവലിലെ കാലഘട്ടം.
ജീവിതം നോവലില്‍
കാണുമ്പോള്‍
എലിഫ് ഷഫക്, ഇപ്പോള്‍ ജീവിക്കുന്നത് ഇംഗ്ലണ്ടിലാണെങ്കിലും ജനിച്ചത് ടര്‍ക്കിയിലാണ്. ആ പരിസരങ്ങളിലാണ് കഥ പറയുന്നത്. ഗ്ലോബല്‍ സിറ്റിസണ്‍ ആയിരിക്കാന്‍ ഏറ്റവുമധികം സാധിക്കുന്നത് എഴുത്തുകാര്‍ക്കാണെന്നു എലിഫ് പല സംഭാഷണങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. ടര്‍ക്കിയുടെ സ്വേച്ഛാധിപത്യ പ്രവണതയുള്ള ഭരണസംവിധാനങ്ങളെ എതിര്‍ക്കുകയും ഡെമോക്രസിക്കു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന അവര്‍ക്ക്, ഭരണാധികാരികളില്‍ നിന്നുള്ള എതിര്‍പ്പുമൂലം, ടര്‍ക്കിയില്‍ നിന്നു മാറിനില്‍ക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ഷഫക്, എന്നത് അവരുടെ മാതാവിന്റെ പേരാണ്. ഏറെക്കുറെ യാഥാസ്ഥിതിക മനോഭാവങ്ങള്‍ പുലര്‍ത്തിയിരുന്ന തന്റെ മുത്തശ്ശിയും അത്തരം കെടുപാടുകളില്‍ നിന്നു വേറിട്ടു ചിന്തിച്ചിരുന്ന തന്റെ മാതാവുമാണ് തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് വ്യക്തിത്വങ്ങള്‍ എന്നവര്‍ പറയുന്നു. ടര്‍ക്കിയില്‍ ഉണ്ടായിരുന്ന എതിര്‍പ്പിനെത്തുടര്‍ന്ന് തന്റെ മുത്തശ്ശിയുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനായില്ലെന്ന് എലിഫ് ഓര്‍മിച്ചെടുക്കുന്നുണ്ട്.
ലൈലയുടെ കഥ മുഴുവനും കേട്ടുകഴിയുമ്പോള്‍, ബോസ്ഫറസ്പാലത്തിനു മുകളില്‍നിന്നുകൊണ്ട് ഞാന്‍ താഴേക്കു നോക്കുകയാണെന്നു തോന്നി. കുഞ്ഞുമാലാഖയെപ്പോലേ തോന്നിക്കുന്ന ഒരു നീല ബെറ്റമത്സ്യത്തിന്നോടൊപ്പം എന്തൊക്കെയോ പറഞ്ഞുകൊണ്ട് ലൈല നീന്തിപ്പോകുന്നുണ്ടോ എന്ന് ഒരു നെടുവീര്‍പ്പോടെ, കുറച്ചധികം കനപ്പെട്ട മനസോടെ തെല്ലുനേരം നോക്കിനില്‍ക്കുകയുംചെയ്യുന്ന എന്നെ എനിക്കു കാണാനും സാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."