മെട്രോ തൂണിൻ്റെ ചരിവ് നിവർത്തൽ; നടപടി തുടങ്ങി മറ്റ് തൂണുകളും പരിശോധിക്കും
സ്വന്തം ലേഖിക
കൊച്ചി
കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ ചരിഞ്ഞ തൂണ് നേരെയാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ജോലികൾ ആരംഭിച്ചത്. 45 ദിവസംകൊണ്ട് പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതോടൊപ്പം, സമീപത്തെ തൂണുകളും പരിശോധിക്കും. കൊച്ചി മെട്രോയുടെ 347ാം നമ്പർ തൂണിന് ചെറിയ ചരിവുള്ളതായി അടുത്തിടെയാണ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കെ.എം.ആർ.എൽ എൻജിനീയർമാർ പരിശോധന നടത്തിയിരുന്നു. ഇതോടൊപ്പം, ഈ ഭാഗത്തെ കൊച്ചി മെട്രോ നിർമാണത്തിന് കരാറെടുത്തിരുന്ന എൽ ആൻഡ് ടി കമ്പനി, നിർമാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഡി.എം.ആർ.സി, ഡിസൈൻ തയറാക്കിയ കമ്പനി എന്നിവയുടെ എൻജിനീയർമാരും പരിശോധന നടത്തി തൂണിന് ചരിവുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തകരാർ പരിഹരിക്കണമെന്നും നിർദേശിച്ചു.
ഇതേത്തുടർന്നാണ് ഈ ഭാഗത്തെ ചരിവ് നിവർത്തുന്നതിനുള്ള സാങ്കേതിക നടപടികൾ ആരംഭിച്ചത്. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത്, ചരിവുള്ള തൂണ് സ്ഥിതി ചെയ്യുന്ന ഭാഗത്തെ പാളത്തിലൂടെ മെട്രോ സർവിസ് നടത്തുകയില്ല. അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത്, സമാന്തരമായി സമീപത്തെ മറ്റ് തൂണുകളിലും പരിശോധന നടത്തും. എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ പരിഹരിക്കുകയും ചെയ്യും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മെട്രോ ഗതാഗതം സുരക്ഷിത പാളത്തിലൂടെ വഴിതിരിച്ചുവിടും. ഇതുകാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുമായി യാത്രക്കാർ സഹകരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."