അനിയൻ ജ്യേഷ്ഠനെ കൊന്ന കേസിൽ വഴിത്തിരിവ് സഹോദരനെ യുവാവ് കുഴിച്ചുമൂടിയത് ജീവനോടെ
ചേർപ്പ്
മുത്തുള്ളിയാലിൽ അനിയൻ ജ്യേഷ്ഠനെ കൊന്ന കേസിൽ വഴിത്തിരിവ്. ബാബുവിനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിൽനിന്ന് മണ്ണും തലയിൽ ആഴത്തിലുള്ള മുറിവും പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തി.
ചേർപ്പ് മുത്തുള്ളിയാലിൽ സഹോദരനെ കുടുംബവഴക്കിനിടെ കഴുത്തുഞെരിച്ചു കൊന്നെന്നായിരുന്നു പ്രതി സാബു പൊലിസിനോട് കുറ്റസമ്മതം നടത്തിയത്. സാബുവിന്റെ ജ്യേഷ്ഠൻ ബാബു (27) നെയാണ് ഇക്കഴിഞ്ഞ 15 ന് രാത്രി സാബു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അവിവാഹിതരായ ബാബുവും, സാബുവും ഇടയ്ക്കിടെ മദ്യപിച്ചെത്തി വഴക്ക് ഉണ്ടാക്കുന്നത് പതിവായിരുന്നു. 15ന് രാത്രിയും ഇരുവരും തമ്മിൽ വഴക്ക് കൂടിയിരുന്നു. ഇതിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് മരണം സംഭവിച്ചത്. കൊലപാതകത്തിൽ ഇവരുടെ അമ്മയായ പത്മാവതി (52) ദൃക്സാക്ഷിയാണ്. ഇവരെ പ്രതി ചേർത്തിട്ടുണ്ട്.
പൊലിസ് കസ്റ്റഡിയിലുള്ള ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ചേർപ്പ് സി.ഐ.ടി.വി. ഷിബു പറഞ്ഞു. കൊലപ്പെട്ട ബാബുവിന്റെ മൃതദേഹം ലാലൂർ ശ്മശാനത്തിൽ സംസ്കരിച്ചു. പ്രതിയായ മുത്തുള്ളിയാലിൽ കൊട്ടെക്കാടു പറമ്പിൽ പരേതനായ ജോയിയുടെ മകൻ സാബു (25) നെ റിമാൻഡ് ചെയ്തു. ചാലക്കുടി ഡിവൈ.എസ്.പി.സി.ആർ. സന്തോഷിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."