ചൈനീസ് സൈനിക പിന്മാറ്റം ഉടൻ വേണമെന്ന് ഇന്ത്യ
ന്യൂഡൽഹി
ഇന്ത്യയും ചൈനയും തമ്മിൽ നയതന്ത്ര ബന്ധം അസ്വസ്ഥമാണെന്നും പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ. അതിർത്തിയിൽ നിന്ന് ചൈനീസ് സൈനിക പിന്മാറ്റം എത്രയും വേഗത്തിൽ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഡൽഹിയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി മൂന്നു മണിക്കൂറോളം ചർച്ച നടത്തിയ ശേഷം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ആണ് ഇന്ത്യയുടെ നിലപാട് അറിയിച്ചത്.
അതിർത്തിയിലെ സൈനികരെ പിൻവലിക്കുന്നതു വരെ ചൈനയുമായി സാധാരണ നിലയിലുള്ള ബന്ധം തുടരാൻ കഴിയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അതിർത്തി സംഘർഷത്തെ തുടർന്ന് 15 റൗണ്ട് സൈനിക കമാൻഡർ തല ചർച്ച നേരത്തെ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഡൽഹിയിലെത്തിയത്. നേരത്തെ 2019 ലാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയിരുന്നത്.
മൂന്നു കാര്യങ്ങളിലൂന്നിയാണ് ഇന്ത്യ നിലപാടിലുറച്ചു നിന്നത്. നേരത്തെ കശ്മിർ വിഷയത്തിൽ പാക് അനുകൂല നിലപാട് സ്വീകരിച്ച ചൈനീസ് വിദേശകാര്യ മന്ത്രിയുടെ നടപടിയും ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചു. ചൈനയിൽ ബ്രിക്‌സ് ഉച്ചകോടി നടത്തുന്നതിനെയും മോദി പങ്കെടുക്കുന്നതിനെയും കുറിച്ച് ചൈന ചർച്ച ചെയ്തു.
ഉക്രൈൻ, അഫ്ഗാനിസ്ഥാൻ വിഷയങ്ങൾ, പാകിസ്താനിൽ നിന്നുള്ള ഭീകരത അമർച്ച ചെയ്യൽ, ഇന്ത്യയുടെ യു.എൻ രക്ഷാകൗൺസിൽ സ്ഥിരാംഗത്വം എന്നിവയും ചർച്ചയായി.
ഹൈദരാബാദ് ഹൗസിലാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ നിന്നും ചൈന വിട്ടുനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."