തെരഞ്ഞെടുപ്പ് സത്യസന്ധമാകണം
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് കള്ളവോട്ടര്‍മാരുടെ തള്ളിക്കയറ്റമാണ്. ജനാധിപത്യ ഭരണസംവിധാനത്തെ അപ്രസക്തമാക്കുംവിധമാണ് ഓരോ മണ്ഡലങ്ങളിലെയും കള്ളവോട്ടര്‍മാരുടെ കണക്ക്. വോട്ടര്‍പ്പട്ടികയില്‍ 3,16,671 കള്ളവോട്ടര്‍മാരുണ്ടെന്നാണ് ആദ്യം പ്രതിപക്ഷം കണ്ടെത്തിയിരുന്നത്. കള്ളവോട്ടര്‍മാരുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പരാതി നല്‍കിയെങ്കിലും 38,586 കള്ളവോട്ടര്‍മാരേ ഉള്ളൂവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.
വ്യാജ, ഇരട്ട വോട്ടുകള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബോധ്യപ്പെടുത്തല്‍. എന്നാല്‍, അടുത്തദിവസം മുഴുവന്‍ കള്ളവോട്ടര്‍മാരുടെയും വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. നേരത്തെ പറഞ്ഞതിലും കൂടുതലായിരുന്നു ഇത്. അതായത് 4.34 ലക്ഷം കള്ളവോട്ടര്‍മാരുടെ പേരുകള്‍ വെബ്‌സൈറ്റിലൂടെ അദ്ദേഹം പുറത്തുവിട്ടു. ഇവര്‍ വോട്ട് ചെയ്താല്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യം തന്നെയില്ലല്ലോ. തെരഞ്ഞെടുപ്പില്‍ ഒരാളെയും അനധികൃതമായി വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും വോട്ടര്‍പ്പട്ടികയുടെ പവിത്രത നിലനിര്‍ത്തുമെന്നും കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടണം.
ജനുവരി 20ന് ശേഷം അന്തിമ പട്ടിക തയാറാക്കുമ്പോഴാണ് കള്ളവോട്ടുകള്‍ ചേര്‍ത്തതെന്ന വാദം പാടെ തള്ളിക്കളയുന്നതായിരുന്നു പിന്നീട് പുറത്തുവന്ന വിവരങ്ങള്‍. പല മണ്ഡലങ്ങളിലും 80 ശതമാനം കള്ളവോട്ടുകള്‍ നേരത്തെതന്നെ ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് പിന്നീടുള്ള പരിശോധനയില്‍ തെളിഞ്ഞത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇരട്ട വോട്ടുകളെല്ലാം ഒഴിവാക്കിയെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നത്. എന്നാല്‍, അതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാപകമായ തോതില്‍ ലക്ഷക്കണക്കിന് കള്ളവോട്ടുകള്‍ ചേര്‍ത്തു. ഇതൊരിക്കലും അനുവദിച്ചുകൂടാത്തതാണ്. പൗരന്റെ സമ്മതിദാനാവകാശത്തെ അട്ടിമറിച്ച് ഭൂരിപക്ഷംവരുന്ന വോട്ടര്‍മാരെയും അപ്രസക്തരാക്കി കള്ളവോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നത് ജനാധിപത്യത്തെയാണ് കളങ്കപ്പെടുത്തുന്നത്. വോട്ടര്‍പ്പട്ടികയുടെ പവിത്രത നിലനിര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് അക്ഷരംപ്രതി പാലിക്കപ്പെടണം.
ഇതോടൊപ്പം വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ് കൊവിഡ് പ്രോട്ടോക്കോള്‍. ഓരോരുത്തരും വോട്ട് ചെയ്യുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഇത് ശ്രദ്ധിക്കേണ്ടത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ അതിവേഗതയിലാണ് രോഗവ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അകലംപാലിച്ചും മാസ്‌ക് ശരിയാംവണ്ണം ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കിയും വേണം വോട്ട് രേഖപ്പെടുത്താന്‍. സംസ്ഥാനത്ത് ഇപ്പോള്‍ രോഗവ്യാപനം ഗുരുതരമല്ലെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവസ്ഥ ഗുരുതരമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. കൊവിഡ് പ്രോട്ടോക്കോളിന് യാതൊരു വിലയും കല്‍പ്പിക്കാത്ത തരത്തിലായിരുന്നു എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. എല്ലായിടത്തും വമ്പിച്ച ആള്‍ക്കൂട്ടമായിരുന്നു. റാലികളില്‍ മാസ്‌ക് ധരിക്കാതെ നേതാക്കളും സ്ഥാനാര്‍ഥികളും പങ്കെടുത്തു. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും ഇക്കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയതായി കണ്ടില്ല. അതിനാല്‍ വോട്ടിങ് കഴിഞ്ഞാലുള്ള അവസ്ഥയെ ആശങ്കയോടെ കാണേണ്ടിവരും. വോട്ടിങ് ദിവസമെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും ബദ്ധശ്രദ്ധരാകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ ജോലികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് നിര്‍വഹിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതുമുതല്‍ ഇവരൊക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലാണ്. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെപ്പോലെ അവരും സത്യസന്ധമായും നിഷ്പക്ഷമായും ജോലി നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയാശയങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥരും ഇതില്‍നിന്ന് ഭിന്നരല്ല. പക്ഷേ, അവരുടെ രാഷ്ട്രീയാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഇടമായി പോളിങ് ബൂത്തുകളെ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ വോട്ടര്‍പ്പട്ടികയുടെ പവിത്രത കാത്തുസൂക്ഷിക്കുമെന്ന് വാക്കുകൊടുത്തതുപോലെ പോളിങ് ബൂത്തുകളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥരുടെ കക്ഷിതാല്‍പര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഇടമായി പോളിങ് ബൂത്തുകളെ ദുരുപയോഗപ്പെടുത്തരുത്.
നമ്മുടെ മഹത്തായ മതേതര, ജനാധിപത്യ ഭരണഘടനയെ തകര്‍ക്കാനുള്ള ഗൂഢശക്തികളുടെ പ്രവര്‍ത്തനം മുന്‍പത്തെക്കാളും ശക്തിപ്പെട്ടിരിക്കുകയാണ്. ഉത്തമരെന്ന് കരുതിയവര്‍ പോലും കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കണ്ടു. ഇത്തരം ഛിദ്രശക്തികളെ എന്നെന്നേക്കുമായി തൂത്തെറിയാനുള്ള അവസരമായി ഈ വോട്ടെടുപ്പിനെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ വിലയേറിയ വോട്ടുകള്‍ ഉപയോഗിക്കേണ്ടത് മതനിരപേക്ഷ, ജനാധിപത്യ സംസ്ഥാനത്തെ അഭംഗുരം നിലനിര്‍ത്താനുതകുന്നതിന് വേണ്ടിയാകണം. അതിനായി ഒരു വോട്ടും നഷ്ടപ്പെടുത്താതെ നിര്‍ഭയരായി രേഖപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."