ചീര്‍പ്പിങ്ങല്‍പാലം: പ്രവൃത്തി ഇഴഞ്ഞുതന്നെ
തിരൂരങ്ങാടി: കാളംതിരുത്തി ചീര്‍പ്പിങ്ങല്‍ പാലം അപ്രോച്ച് റോഡ് പ്രവൃത്തി പാതിവഴിയില്‍. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയേയും നന്നമ്പ്ര ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിച്ച് ചീര്‍പ്പിങ്ങല്‍ തോടിനു കുറുകെ ഒരുവര്‍ഷം മുന്‍പു തുടങ്ങിയ പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണപ്രവൃത്തിയാണ് ഇഴയുന്നത്.
ഒന്നര വര്‍ഷത്തോളമായി പാലത്തിന്റെ പ്രവൃത്തി തുടങ്ങിയിട്ട്. എന്നാല്‍, അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സ്ഥലമേറ്റെടുക്കേണ്ട സാഹചര്യമോ മറ്റു തടസങ്ങളൊന്നുമില്ലാഞ്ഞിട്ടും കരാറുകാരന്‍ അനാവശ്യമായ കാലതാമസം കാണിക്കുന്നതായാണ് ആരോപണം. അപ്രോച്ച് റോഡ് പോകുന്ന ഭാഗം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഭൂമിയാണ്.
ആറ് കോടി രൂപയാണ് പാലത്തിനും അപ്രോച്ച് റോഡിനുമായി അനുവദിച്ചിട്ടുള്ളത്. പരപ്പനങ്ങാടി കീരനെല്ലൂര്‍ ഭാഗത്ത് 200 മീറ്ററും നന്നമ്പ്ര കാളം തിരുത്തി ഭഗത്ത് 180 മീറ്ററുമാണ് അപ്രോച്ച് റോഡ് നിര്‍മിക്കാനുള്ളത്. പരപ്പനങ്ങാടി ഭാഗത്ത് ഏകദേശം പ്രവൃത്തി പൂര്‍ത്തിയായെങ്കിലും നന്നമ്പ്ര ഭാഗത്ത് ഒരു ഭാഗത്തെ സൈഡ് ഭിത്തിപോലും പൂര്‍ത്തിയായിട്ടില്ല. റോഡിന്റെ മറുവശത്തും അപ്രോച്ച് റോഡിനായി കീറിയതിനാല്‍ ഈ പ്രദേശത്തുകൂടെ മുന്‍പുണ്ടായിരുന്ന റോഡും ഇടിഞ്ഞു വീഴുകയാണ്.
ഈ പാലം പ്രവൃത്തി ഇഴഞ്ഞ് നിങ്ങുന്നതിനാല്‍ വലിയ പ്രയാസത്തിലാണ് കാളംതിരുത്തി പ്രദേശവാസികള്‍. പാലത്തിന് 11.5 മീറ്റര്‍ വീതിയില്‍ 28.5 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനാണുള്ളത്. വാഹനങ്ങള്‍ പോകുന്നതിന് ഏഴര മീറ്ററും പാലത്തിന്റെ ഇരു വശത്തും ഒന്നര മീറ്റര്‍ നടപ്പാതയുമുണ്ട്. ഇരുവശത്തും ഒരു മീറ്റര്‍ ഉയരത്തില്‍ കൈവരിയുമുണ്ട്. അപ്രോച്ച് റോഡിന് പാലത്തിന്റെ ഭാഗത്ത് 15 മീറ്റര്‍ വീതിയും അവസാനത്തേക്ക് എട്ട് മീറ്റര്‍ വീതിയുമാണ് ഉണ്ടാകുക. അടുത്ത മാര്‍ച്ചോടെ മാത്രമെ പ്രവൃത്തി പൂര്‍ത്തിയാക്കാനാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."