ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല രാജ്യപരമാധികാരം; അനില്‍ ആന്റണിയുടെ നിലപാട് അപക്വം: ശശി തരൂര്‍
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയെന്ന അനില്‍ ആന്റണിയുടെ പരാമര്‍ശം തള്ളി ശശി തരൂര്‍ എം.പി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തുവരുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും ദേശസുരക്ഷയെയും ബാധിക്കില്ലെന്നും അത്തരം നിലപാട് അപക്വമാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഗുജറാത്ത് കലാപ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. വിധിയില്‍ പലര്‍ക്കും അസന്തുഷ്ടിയുണ്ടാകും. പക്ഷേ വിധി വന്നശേഷം മറ്റൊരു രീതിയില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് . സര്‍ക്കാര്‍ ഡോക്യുമെന്ററി വിലക്കിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്.
പ്രദര്‍ശനം കോണ്‍ഗ്രസ് ഏറ്റെടുത്തത് ഈ സെന്‍സര്‍ഷിപ്പിന് എതിരെയാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടാകണം. മാധ്യമങ്ങള്‍ക്ക് പറയാന്‍ അവകാശമുള്ളതുപോലെ ജനങ്ങള്‍ക്ക് കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. ജനങ്ങളെ ഇഷ്ടമുള്ളത് കാണാന്‍ അനുവദിക്കാത്തത് ജനാധിപത്യത്തിന് വിരുദ്ധമാണ്. എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററിയില്‍ വലിയ അതിശയമുണ്ടാകേണ്ട കാര്യമില്ല. ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ ആഭ്യന്തരമായി അന്വേഷണം ഏര്‍പ്പെടുത്തുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ആഭ്യന്തരമായി നടത്തിയ ഒരു അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററിയെന്ന് ബി.ബി.സിയും വ്യക്തമാക്കിയതാണ്. ബ്രിട്ടിഷ് ലസ്റ്ററില്‍ കലാപാന്തരീക്ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയും ഇതേ രീതിയില്‍ പിന്തുടര്‍ന്നിട്ടുണ്ട്. ഒരു വിദേശ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടരുതെന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."