പിടിമുറുക്കി കൊവിഡ് രണ്ടാം തരംഗം
കൊവിഡ് രണ്ടാം തരംഗം അതിവേഗതയിലാണ് രാജ്യത്തു പടരുന്നത്. വകഭേദം വന്ന വൈറസുകളാണിപ്പോള്‍ രാജ്യത്ത് രോഗബാധ ഏറ്റുന്നത്. രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് കാര്യമായ വ്യാപനം ഇല്ലെന്ന് ആശ്വസിച്ചിരിക്കേ, എല്ലാ കണക്കുകൂട്ടലുകളും കീഴ്‌മേല്‍ മറിച്ചുകൊണ്ട് കേരളത്തിലും കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂചനയെന്നോണം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിരിക്കുകയാണ്. 45,171 സാമ്പിളുകള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചതില്‍ ടി.പി.ആര്‍, ആറിന് മുകളിലെത്തിയിരിക്കുന്നു. ആശങ്കയുയര്‍ത്തിക്കൊണ്ടാണ് രാജ്യത്ത് കൊവിഡ് പ്രതിദിന നിരക്ക് ഉയരുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2020 സെപ്റ്റംബര്‍ 16ന് ആയിരുന്നു. 97,894 കേസുകളാണ് അന്നു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 1,03,558. ഇന്നലെവരെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,25,89,067 ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നത്. 513 പേരാണ് പുതുതായി മരണമടഞ്ഞത്. ഇതോടെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ ഞായറാഴ്ച വരെ 1,64,623 ആയി. മരണനിരക്ക് 1.32 ശതമാനമായി ഉയരുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അരലക്ഷമാണ് കടന്നത്. കൂടുതല്‍ മരണവും മഹാരാഷ്ട്രയില്‍ത്തന്നെ. 55,656 പേര്‍ അവിടെ കഴിഞ്ഞ ഞായറാഴ്ചവരെ മരണമടഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ ശനിയും, ഞായറും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രികാല കര്‍ഫ്യു തുടരുന്നുമുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ വര്‍ക്ക് അറ്റ് ഹോമിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.
ഇത്രയൊക്കെയായിട്ടും കേരളം രണ്ടാം തരംഗത്തിന്റെ രൂക്ഷ വ്യാപനം വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നത് അത്ഭുതകരം തന്നെയാണ്. സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളും തന്നെയാണ് ഈ അലസ സമീപനത്തിന് ഉത്തരവാദികള്‍. സര്‍ക്കാര്‍ ഒരുഭാഗത്ത് ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുകയും മറുഭാഗത്ത് പറഞ്ഞതിനെല്ലാം വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ എല്ലാ പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മന്ത്രിമാരടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ ഇടപെടലുകള്‍. ജനക്കൂട്ടങ്ങള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മന്ത്രിമാരെയും പ്രമുഖ രാഷ്ട്രീയ നേതാക്കളെയും മാസ്‌ക് ധരിക്കാതെയും തോളോട് തോള്‍ ചേര്‍ന്നും മുന്‍നിരകളില്‍ തന്നെ കാണാമായിരുന്നു. പിന്നെ എങ്ങനെയാണ് ഇവരുടെയൊക്കെ പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ക്ക് സാധാരണക്കാര്‍ ചെവികൊടുക്കുക? തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിമാര്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും മാറിനില്‍ക്കാനാവില്ല.
കേരളത്തിലെ ആറ് ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗൗരവതരമാണെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘാംഗം ഡോ. സുനില ഗാര്‍ഗ് നല്‍കുന്ന സൂചന. കണ്ണൂരില്‍ കഴിഞ്ഞ ദിവസം 350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ടും, എറണാകുളത്തും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞതവണത്തെപ്പോലെ തന്നെയാണ് രണ്ടാം തരംഗത്തിലും രോഗം വ്യാപിക്കുന്നത്. മഹാരാഷ്ട്ര, കേരള, കര്‍ണാടക, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായിരുന്നു നേരത്തെ രോഗബാധ രൂക്ഷമായിരുന്നതെങ്കില്‍ രണ്ടാം തരംഗത്തിലും സ്ഥിതി അതുതന്നെയാണ് .
തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷമായിരിക്കും കേരളം ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടിവരിക. രോഗത്തെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ചിരുന്ന കേരളമാണിപ്പോള്‍ രണ്ടാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ നിഴലില്‍ കഴിയുന്നത്. എറണാകുളം, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലും രോഗതീവ്രത കൂടാനുള്ള സാധ്യത ഏറെയാണെന്നാണ് ഡോ. സുനീല ഗാര്‍ഗ് പറയുന്നത്. മെയ് അവസാനംവരെ തീവ്രവ്യാപനം തുടരും.
ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായിത്തുടരുകയല്ലാതെ വേറെ പോംവഴികളൊന്നുമില്ല. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവര്‍ നിര്‍ബന്ധമായും അകലം പാലിക്കുകതന്നെ വേണം. മാസ്‌ക് ശരിയാംവണ്ണം ധരിക്കുകയും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം. സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പഴയതുപോലെ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് രാജ്യം പോവില്ല. വൈറസ് ചുറ്റിലുമുണ്ടെന്ന് ഉറപ്പിച്ച് നമ്മള്‍ സൂക്ഷ്മത പാലിക്കുക എന്നതു തന്നെയാണ് മുന്‍പിലുള്ള ഏക വഴി.
വ്യാപനശേഷിയേറിയ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിന് പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൈക്രോ ലോക്ക്ഡൗണ്‍ ഇതില്‍ പ്രധാനമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുകയില്ല. സംസ്ഥാനത്തെ മുഴുവനായും ലോക്ക്ഡൗണിനു കീഴില്‍ കൊണ്ടുവരാതെ, രോഗവ്യാപനം രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ മാത്രം കുറച്ചുദിവസത്തേയ്ക്ക് ഏര്‍പ്പെടുത്തുന്ന മൈക്രോ ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ വലിയതോതില്‍ പരുക്കേല്‍പ്പിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇത്തരത്തിലുള്ള പ്രാദേശിക ലോക്ക്ഡൗണായിരുന്നു പശ്ചിമ ബംഗാളില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
രണ്ടാം ഘട്ട വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചിന നയം നിര്‍ദേശിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അഞ്ചിന നയം നടപ്പാക്കാന്‍ തീരുമാനമുണ്ടായത്. കിടക്കകളുടെ ലഭ്യത, പരിശോധനാ സൗകര്യം, ഓക്‌സിജന്‍, വെന്റിലേറ്റര്‍ ലഭ്യത എന്നിവ എല്ലാ സംസ്ഥാനങ്ങളും ഉറപ്പുവരുത്തണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതെല്ലാം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് നിര്‍വഹിക്കേണ്ട ചുമതലകളാണ്. യോഗം ചേര്‍ന്ന് തീരുമാനിച്ചതുകൊണ്ട് പ്രാവര്‍ത്തികമാവുകയില്ല. ഏറ്റവുമധികം ആവശ്യമായിവരുന്ന ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവ ഓരോ സംസ്ഥാനങ്ങള്‍ക്കും ആവശ്യാനുസരണം എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. നിര്‍ദേശങ്ങള്‍ക്കൊപ്പം അവ പ്രാവര്‍ത്തികമാക്കാനുള്ള സംവിധാനവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."