ജയിലിൽനിന്ന് നിമിഷ പ്രിയയുടെ കത്ത് തനിക്ക് വേണ്ടി ഇടപെടുന്നവർക്ക് നന്ദി
സൻആ
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തുകഴിയുന്നതിനിടെ ജയിലിൽനിന്ന് നിമിഷപ്രിയയുടെ കത്ത്. 'സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ' ഭാരവാഹികൾക്കാണ് കത്തയച്ചത്. ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് നന്ദി അറിയിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
'ഞാൻ നിമിഷപ്രിയ, യമൻ ജയിലിൽ നിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തുമുള്ള ഓരോ ബഹുമാനപ്പെട്ടവർക്കും, പ്രത്യേകിച്ച് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു' - പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ കത്തിൽ എഴുതി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ വലിയ ശ്രമങ്ങളാണ് ആക്ഷൻ കൗൺസിൽ നടത്തുന്നത്. നിമിഷപ്രിയ കൊലപ്പെടുത്തിയ യമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇടപെടൽ തേടി അവരുടെ കുടുംബം കഴിഞ്ഞദിവസം പാണക്കാട്ട് എത്തിയിരുന്നു.
2017 ജൂലൈ 25ന് യമൻ പൗരനായ തലാൽ അബ്ദു മഹ്ദി എന്നയാളെ നിമിഷപ്രിയയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വധശിക്ഷയിൽ നിന്ന് ഇളവ് നൽകണമെന്നാവശ്യപ്പെട്ടുള്ള നിമിഷയുടെ ഹരജി യമനിലെ അപ്പീൽ കോടതി തള്ളിയതോടെയാണ് വധശിക്ഷ ഉറപ്പായത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരേ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അവർ അപ്പീൽ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."