സർവിസ് സംഘടനാ നിലപാടിനെതിരേ പണിയെടുത്ത് പങ്കാളിത്ത പെൻഷൻകാരുടെ പ്രതിഷേധം
കൽപ്പറ്റ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സർവിസ് സംഘടനകളുടെ നിലപാടിനെതിരേ പണിമുടക്ക് ദിനത്തിൽ പണിയെടുത്ത് പ്രതിഷേധിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർ.
രണ്ടു ദിവത്തെ ദേശീയ പണിമുടക്കിൽ കേരളത്തിലെ എല്ലാ തൊഴിലാളി സർവിസ് സംഘടനകളും പണിമുടക്കിയപ്പോഴാണ് 2013 ഏപ്രിൽ ഒന്നിനു ശേഷം സർവിസിൽ പ്രവേശിച്ച ജീവനക്കാർ വ്യത്യസ്ത പ്രതിഷേധം തീർത്തത്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരേ സമരം ചെയ്യേണ്ടതിനോട് യോജിപ്പുണ്ടെങ്കിലും കേരളത്തിൽ പണിമുടക്കിന് നേതൃത്വം നൽകുന്ന സർവിസ് സംഘടനകളുടെ പ്രവൃത്തികളിലും മുദ്രാവാക്യങ്ങളിലും വിയോജിപ്പുള്ളതിനാലാണ് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്ടീവ് കേരളയുടെ നേതൃത്വത്തിൽ പണിയെടുത്തുള്ള പ്രതിഷേധം.
യു.ഡി.എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയപ്പോൾ അതിനെതിരേ അനിശ്ചിതകാല പണിമുടക്കിന് നേതൃത്വം നൽകിയവരാണ് നിലവിൽ അധികാരത്തിലുള്ളത്. പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രകടനപത്രികയിൽ 2016ലെ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പുനഃപരിശോധനാ സമിതി റിപ്പോർട്ട് സർക്കാർ സ്വീകരിക്കാൻ അഞ്ചു വർഷമെടുത്തു.
ഈ റിപ്പോർട്ട് 11 മാസമായി ധനമന്ത്രിയുടെ കൈകളിൽ തീരുമാനമെടുക്കാതെ ഇരിക്കുകയാണ്.
ഇതിനെതിരേ ചെറുവിരൽ അനക്കാത്ത ഇടതു സർവിസ് സംഘടനകൾ ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുകയെന്ന മുദ്രാവാക്യവുമായി പണിമുടക്കിന് നേതൃത്വം നൽകുന്നത് വഞ്ചനാപരമായ സമീപനമായാണ് ഈ വിഭാഗം ജീവനക്കാർ വിലയിരുത്തുന്നത്.
പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ടിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാരിന് സാധിക്കുമെന്ന് വ്യക്തമാക്കുകയും മറ്റു ചില സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ച് ജീവനക്കാരുടെ വിഹിതം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഒരു ശ്രമവും നടത്താതെ ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന മുദ്രാവാക്യവുമായി സർക്കാർ ജീവനക്കാരെ സമരത്തിന് ഇറക്കുന്നത് വിരോധാഭാസമാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
2013ൽ പുതിയ ജീവനക്കാരുടെ പെൻഷൻ ഇല്ലാതാക്കിയപ്പോൾ കോടികൾ കിട്ടുമെന്നായിരുന്നു വലതുപക്ഷ സർവിസ് സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്.
എന്നാൽ, എട്ട് വർഷങ്ങൾക്കു ശേഷം വിരമിച്ച 1300ഓളം ജീവനക്കാർക്ക് അഞ്ഞൂറും അറുന്നൂറും രൂപ മാത്രമാണ് പെൻഷൻ ലഭിക്കുന്നതെന്ന് അറിഞ്ഞിട്ടും ഇപ്പോഴും പങ്കാളിത്ത പെൻഷനെ അനുകൂലിക്കുന്ന പ്രതിപക്ഷ സർവിസ് സംഘടനയോടൊപ്പം പണിമുടക്കുന്നതിലെ എതിർപ്പും ഈ വിഭാഗം ജീവനക്കാർക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."