സിൽവർ ലൈനിൽ സർവേ തുടരാമെന്ന് സുപ്രിംകോടതി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെതിരേയും വിമർശനം
ന്യൂഡൽഹി
സിൽവർ ലൈനിൽ സർവേ തുടരാമെന്ന് സുപ്രിംകോടതി. ഇതിനെതിരേ സമർപ്പിച്ച ഹരജികൾ കോടതി തള്ളി.
സിൽവർലൈൻ പദ്ധതിയുടെ സർവേ തടയാനാകില്ലെന്നു പറഞ്ഞ കോടതി സർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ വിമർശിച്ചു. ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ തള്ളിയത്. സിൽവർ ലൈൻ സർവേയ്‌ക്കെതിരേ രണ്ട് ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലെത്തിയത്. ആലുവ സ്വദേശി സുനിൽ ജെ. അറകാലൻ സമർപ്പിച്ച ഒരു ഹരജിയും തൃശൂർ സ്വദേശി വി.വി വർമ ഉൾപ്പെടെയുള്ള അഞ്ചുപേർ സമർപ്പിച്ച രണ്ടാമത്തെ ഹരജിയും. കോടതി ചേർന്നപ്പോൾ തന്നെ ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ശക്തമായ ചോദ്യങ്ങൾ ഹരജിക്കാരുടെ അഭിഭാഷകൻ നിരഞ്ജൻ റെഡ്ഡിക്ക് നേരെ ഉയർന്നു.
സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്നും എന്തിനാണ് മുൻവിധികളെന്നും ബെഞ്ച് ചോദിച്ചു. ഉചിതമായ സമയത്ത് ഹരജിക്കാരുടെ എതിർപ്പുകൾ നിയമത്തിൽ അനുശാസിക്കും വിധം പരിഗണിക്കപ്പെടുമെന്നും കോടതി പറഞ്ഞു.
ഒരു പദ്ധതിയും തടയാനാകില്ലെന്നും കോടതി നിലപാടെടുത്തു. ഹൈക്കോടതി സിംഗിൾ ബെഞ്ച് പഠനം മാത്രമല്ല എല്ലാ നടപടികളും തടഞ്ഞു. എങ്ങനെയാണ് ഇടക്കാല ഉത്തരവിൽ ഇങ്ങനെയൊരു നിലപാടെടുക്കാൻ സിംഗിൾ ബെഞ്ചിന് കഴിയുകയെന്നും പദ്ധതികൾ ഇത്തരത്തിൽ തടസപ്പെടുത്തരുതെന്ന് അടുത്ത കാലത്ത് മറ്റൊരു കേസിൽ നിരീക്ഷിച്ചതും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിയായ ഇടപെടൽ നടത്തിയെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."