HOME
DETAILS

ഹിജാബ്: സമസ്ത സുപ്രിംകോടതിയിൽ ആവശ്യപ്പെടുന്നത്

  
backup
March 29 2022 | 04:03 AM

9465532456-2022-29-03-2022

അഡ്വ. പി.എസ് സുൽഫിക്കറലി
9911681171

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രിംകോടതിയിൽ പ്രത്യേക അനുമതി ഹരജി ഫയൽ ചെയ്തിരിക്കുകയാണ്. യൂനിഫോമിന്റെ ഭാഗമായി ഹിജാബ് നിരോധിച്ച സ്‌കൂൾ, യൂനിവേഴ്‌സിറ്റി അധികൃതരുടെ നടപടിക്കെതിരേ ഹൈക്കോടതിയിൽ കേസ് നടത്തിയ ഒരുകൂട്ടം വിദ്യാർഥികൾ വിധി ചോദ്യം ചെയ്ത് നേരത്തെ തന്നെ ഹരജി ഫയൽ ചെയ്തിരുന്നു. ആ വിദ്യാർഥികൾക്ക് ധാർമികമായും നിയമപരമായും പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയുമാണ് സമസ്ത പ്രത്യേക ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
കർണാടക സർക്കാരിന്റെയും അവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉത്തരവുകൾക്ക് ആ സംസ്ഥാനത്തിന് പുറത്ത് പ്രസക്തിയില്ലെങ്കിലും അവരുടെ നടപടി ശരിവച്ചുള്ള ഹൈക്കോടതി വിധിന്യായത്തിലെ കണ്ടെത്തലുകൾ രാജ്യത്താകമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഹിജാബ് ധരിക്കൽ ഇസ്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന കണ്ടെത്തലാണ് അതിൽ പ്രധാനം. മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലാത്ത ഈ വസ്ത്രധാരണാരീതിക്ക് ഭരണഘടനയുടെ 25ാംവകുപ്പ് ഉറപ്പുനൽകുന്ന സംരക്ഷണത്തിന് അർഹതയില്ലെന്നതാണ് ഹൈക്കോടതി ഉത്തരവിന്റെ കാതൽ. ഈ പരാമർശത്തിന്റെ പ്രാധാന്യം പരിഗണിച്ചും സമുദായത്തിന്റെ മൊത്തത്തിലുള്ള വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാണിച്ചുമാണ് ഹൈക്കോടതിയിൽ കക്ഷിയല്ലാതിരുന്നിട്ടും പ്രത്യേക അനുമതി ഹരജിയായി സമസ്ത കോടതിയെ സമീപിച്ചിരിക്കുന്നത്. കർണാടക ഹൈക്കോടതി അനുവർത്തിച്ചതുപോലുള്ള ഖുർആനിന്റെയും ഹദീസിന്റെയും സങ്കുചിതമായ വ്യാഖ്യാനം ഇതുപോലുള്ള മറ്റു പല ഇസ്‌ലാമിക വിശ്വാസ, ആചാര, പ്രമാണങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഹരജിയിൽ പങ്കുവയ്ക്കുന്നുമുണ്ട്.


ഹൈക്കോടതി വിധിയിലെ ഭരണഘടനാപരമായ പിഴവുകൾ സുപ്രിംകോടതിയുടെ മുൻകാല വിധികളുടെ അടിസ്ഥാനത്തിലും ഖുർആൻ-ഹദീസ് വ്യാഖ്യാനത്തിൽ ഹൈക്കോടതിക്ക് പറ്റിയ പിഴവുകൾ ലഭ്യമായ മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലും ഹരജിയിൽ വിശദമായി പറയുന്നുണ്ട്. ഹിജാബ് എന്ന വാക്ക് ഖുർആനിലും ഹദീസിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ന്യായത്തിൽ, തലയും തലമുടിയും കഴുത്തും ചെവിയും പൊതുസ്ഥലത്ത് സ്ത്രീകൾ മറച്ചിരിക്കണമെന്ന നിബന്ധന ഖുർആനിൽ ഇല്ലെന്ന കണ്ടെത്തൽ യുക്തിരഹിതമാണെന്ന് ഹരജിയിൽ പറയുന്നു.
ഹിജാബ് ഒരു വസ്ത്രത്തിന്റെ പേര് മാത്രമാണ്. ആ വസ്ത്രമല്ല, മറിച്ച് അതിന്റെ ഉദ്ദേശമാണ് പ്രധാനം. ഇൗ ഉദ്ദേശ്യം ഖുർആൻ, ഹദീസ് എന്നീ പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തുന്നതിനാൽ അത് വിശ്വാസത്തിന്റെ ഭാഗമാണ്. അതിനാൽ ഭരണഘടനയുടെ 25 ാം അനുച്ഛേദത്തിന്റെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹരജിയിൽ വാദിക്കുന്നു. ഹിജാബ് എന്ന വാക്കല്ല, അതിന്റെ പിന്നിലുള്ള ഉദ്ദേശമാണ് പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടതെന്നും അതിനാണ് ഭരണഘടനാപരമായ സംരക്ഷണം നൽകേണ്ടതെന്നും പറയുന്നു. ഹൈക്കോടതി പരിശോധിച്ച അബ്ദുല്ല യൂസുഫലി എന്ന ഖുർആൻ പരിഭാഷകൻ അദ്ദേഹത്തിന്റെ അഭിപ്രായമായി ഒരു സൂക്തത്തിൽ കൊടുത്ത അടിക്കുറിപ്പിന് അമിതമായ പ്രാധാന്യം കൊടുത്തതാണ് കോടതി വിധിയിലെ പ്രധാനമായൊരു അപാകത. ഹൈക്കോടതി പ്രധാനമായും പരിശോധിച്ചത് രണ്ട് ഖുർആൻ വചനങ്ങളാണ്. ഒന്ന്, 24ാം അധ്യായത്തിലെ 31ാം സൂക്തം. മറ്റൊന്ന് 33 ാം അധ്യായത്തിലെ 59 ാം സൂക്തം.


24ാം അധ്യായത്തിലെ 31ാം സൂക്തത്തിൽ വളരെ കൃത്യമായി സ്ത്രീകളോട് അവരുടെ ശിരോവസ്ത്രം മാറിടം വരെ താഴ്ത്തിയിടണമെന്ന് അർഥശങ്കയ്ക്കിട നൽകാതെ പറയുന്നുണ്ട്. ഈ ഖുർആൻ വചനവും ഖുർആൻ ഇറങ്ങിയ ആ പ്രദേശത്തെ ചരിത്രപശ്ചാത്തലവും പരിശോധിച്ചാൽ ഈ സൂക്തത്തിന്റെ ഉദ്ദേശ്യം വ്യക്തമാവും. ഖുംറ് എന്ന ശിരോവസ്ത്രത്തെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ഇസ്‌ലാമിന് മുമ്പ് അറബികൾ ധരിച്ചിരുന്ന ശിരോവസ്ത്രമാണ്. ഈ വസ്ത്രം കഴുത്തും ചെവിയും മാറിടവും വരെ മറയുന്ന വിധത്തിൽ താഴ്ത്തിയിടണമെന്നാണ് 24ാം അധ്യായത്തിലെ 31ാം സൂക്തത്തിൽ നിഷ്‌കർഷിക്കുന്നത്. ഈ ശിരോവസ്ത്രം താഴ്ത്തിയിട്ടല്ലാതെ സ്ത്രീകളുടെ ശരീരം അവരുടെ അടുത്ത കുടുംബബന്ധത്തിൽ അല്ലാത്തവരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നത് നിഷിദ്ധമാണെന്ന് അതിന്റെ തുടർച്ചയായി ഖുർആനിൽ പറയുന്നുണ്ട്.
എന്നാൽ, സ്ത്രീകളോട് അവരുടെ പുറംവസ്ത്രം ശരീരം മുഴുവൻ മറക്കുന്നവിധത്തിൽ ധരിക്കാനാണ് 33ാം അധ്യായത്തിലെ 59 ാം സൂക്തത്തിൽ തികച്ചും വ്യത്യസ്തമായ മറ്റൊരു സന്ദർഭത്തിൽ ഖുർആൻ പറയുന്നത്. ഈ സൂക്തത്തിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്ക് ജലാബീബ് എന്നാണ്. ജലാബീബ് എന്ന അറബി വാക്കിന്റെ അർഥം വലുതായ ഒരു പുറംവസ്ത്രം എന്നാണ്. ഈ സൂക്തത്തിന്റെ പരിഭാഷയിൽ അബ്ദുല്ല യൂസുഫലി എഴുതിയ അടിക്കുറിപ്പിലാണ് സ്ത്രീകളുടെ സംരക്ഷണത്തിനും അവരുടെ സൗകര്യത്തിനും വേണ്ടിയാണ് ഇത്തരമൊരു വസ്ത്രം നിഷ്‌കർഷിച്ചിട്ടുള്ളതെന്ന് പറയുന്നത്. ഈ അടിക്കുറിപ്പിനെ ചൂണ്ടിക്കാണിച്ചാണ് ഇത്തരത്തിലൊരു വസ്ത്രധാരണാരീതി ഖുർആൻ നിർബന്ധമാക്കിയതല്ലെന്നും സ്ത്രീകളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടി അവർ സ്വമേധയാ ധരിക്കുന്ന ഒരുവസ്ത്രമാണിതെന്നും ഐച്ഛികമായ വസ്ത്രമാണെന്നുമാണ് കർണാടക ഹൈക്കോടതി വിധിച്ചത്. നേരത്തെ സൂചിപ്പിച്ച 24ാം അധ്യായത്തിലെ 31ാം സൂക്തം, ജലാലീബ് എന്ന വസ്ത്രത്തെക്കുറിച്ചു പറയുന്ന 33ാം അധ്യായത്തിലെ 59 ാം സൂക്തം എന്നിവ സന്ദർഭത്തിൽനിന്ന് എടുത്തുമാറ്റി യുക്തിരഹിതമായി യോജിപ്പിച്ച് വായിച്ചതുകൊണ്ടാണ് ഇത്തരത്തിൽ ഗുരുതരമായ പിഴവിലേക്ക് ഹൈക്കോടതി എത്തിയത്. ഈ പിഴവും രണ്ട് സൂക്തങ്ങളെ സംബന്ധിച്ചും സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ സമസ്ത വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, ഖുർആനിക സൂക്തത്തിന്റെ പ്രത്യക്ഷ അർഥങ്ങൾക്കുപരി വിവർത്തനത്തിൽ സൂക്തത്തിന് അനുബന്ധിച്ചു നൽകിയ അടിക്കുറിപ്പിന് പ്രാധാന്യം നൽകിയ ഹൈക്കോടതി നടപടിയെയും ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സുപ്രിംകോടതിയിൽ ഒട്ടനവധി വിധിയിലൂടെ വ്യക്തമാക്കിയ പ്രധാനപ്പെട്ട ഇസ്‌ലാമിക നിയമങ്ങളുടെ ആധികാരികതയായി പറയുന്നത് ഖുർആനും ഹദീസുമാണ്. മറിച്ച്,വിവർത്തകരുടെ അഭിപ്രായങ്ങളല്ല. വിവർത്തകരുടെ അഭിപ്രായങ്ങൾക്ക് ഖുർആനെയോ ഹദീസിനെയോ പോലെ പ്രാമാണ്യം കൊടുക്കുന്നത് ശരിയല്ലെന്നാണ് സമസ്തയുടെ വാദം.


ഹിജാബ് ധരിക്കാതിരിക്കുന്നതിൽ പ്രത്യേക ശിക്ഷയോ മറ്റോ ഖുർആനിലോ ഹദീസിലോ പറഞ്ഞിട്ടില്ലെന്നതാണ് ഹിജാബ് ധരിക്കൽ മതവിശ്വാസത്തിലെ അവിഭാജ്യഘടകമല്ലെന്ന ഹൈക്കോടതി വിധിയുടെ മറ്റൊരു പശ്ചാത്തലം. എന്നാൽ ഇസ്‌ലാമിന്റെയും മറ്റു മതങ്ങളുടെയും അവിഭാജ്യഘടകങ്ങൾ ഏതെന്ന് സംബന്ധിച്ച് നിരവധി വിധികൾ സുപ്രിംകോടതിയിൽ നിന്നുണ്ടായിട്ടുണ്ട്. ശിക്ഷാനടപടി മതഗ്രന്ഥത്തിലുണ്ടെങ്കിൽ മാത്രമേ ഒരു പ്രത്യേക ആചാരം, അല്ലെങ്കിൽ വിശ്വാസം മതവിശ്വാസത്തിൻ്റെ ഭാഗമായി കണക്കാക്കാനാകൂ എന്ന് ഇക്കാലം വരെയുള്ള ഒരു വിധിയിലും സുപ്രിംകോടതി പറഞ്ഞിട്ടില്ല. സിഖ് വിശ്വാസികളുടെ തലപ്പാവ്, ശബരിമലയിലേക്ക് പോവുന്ന അയ്യപ്പഭക്തരുടെ കറുത്ത വസ്ത്രവുമൊക്കെ മതവിശ്വാസത്തിൻ്റെ ഭാഗമാണെന്ന് കോടതികൾ കണ്ടെത്തിയത് അവ ധരിക്കാതിരുന്നാൽ ശിക്ഷാനടപടിയുണ്ടെന്ന് പറഞ്ഞതിനാലല്ല. മറിച്ച്, ആ വിഭാഗത്തിൻ്റെ ആചാരങ്ങളുടെ ഘടകമാണെന്ന കണ്ടെത്തലായതിനാലാണ്. അതുകൊണ്ട് ശിക്ഷ നിശ്ചയിക്കുക എന്നത് ആചാരത്തിന്റെയോ മതനടപടികളുടെയോ അനിവാര്യതയും മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതിനുള്ള മാനദണ്ഡവുമാക്കരുതെന്നും ഹരജിയിൽപറയുന്നു.


അതുപോലെ പ്രധാനമായും നാലു ഹദീസുകൾ സുപ്രിംകോടതി മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. തുർമുദിയും അബൂദാവൂദും റിപ്പോർട്ട്‌ ചെയ്ത ഹദീസുകളാണവ. മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗങ്ങൾ സ്ത്രീകൾ പൊതുസ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ മറച്ചിരിക്കണമെന്ന് പ്രവാചകൻ അനുയായികളെ പഠിപ്പിച്ചതായി ഈ രണ്ടു ഹദീസ് ഗ്രന്ഥങ്ങളും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. പ്രവാചകൻ വിലക്കിയ ഒരു കാര്യം ചെയ്യുന്നത് മുസ്‌ലിംകൾക്ക് വിലക്കപ്പെട്ടതാണ് എന്നതാണ് ഈ ഹദീസുകളുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ വിലക്കപ്പെട്ട ഒരു കാര്യം ചെയ്യുന്നതിന് സ്‌കൂൾ അധികാരികളോ സർക്കാരോ മുസ്‌ലിം സ്ത്രീകളെ നിർബന്ധിക്കുന്നത് അവർക്ക് ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് സമസ്ത വാദിക്കുന്നു.
യൂനിഫോം മുഴുവനായും അംഗീകരിക്കാൻ കഴിയില്ലെന്ന വാദം സമസ്ത ഒരിക്കലും ഉയർത്തുന്നുമില്ല. എന്നാൽ സ്‌കൂൾ അധികാരികൾ നിഷ്‌കർഷിക്കുന്ന യൂനിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ മുസ്‌ലിംപെൺകുട്ടികളെ അനുവദിക്കണമെന്നാണ് സുപ്രിംകോടതിയിൽ സമസ്ത അഭ്യർഥിക്കുന്നത്. യൂനിഫോം സ്‌കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമായി നിർദേശിക്കുന്നതിൽ തെറ്റില്ലെന്നും അതിൽ സമസ്തക്ക് വിയോജിപ്പില്ലെന്നും ഹരജിയിൽ പറയുന്നു. എന്നാൽ യൂനിഫോം വസ്ത്രധാരണയ്ക്കും യൂനിഫോം നിറത്തിനും അപ്പുറത്ത് ഒരേ രീതിയിലുള്ള വസ്ത്രധാരണാരീതി മുഴുവൻ കുട്ടികളും പിന്തുടരണമെന്നും ആ വസ്ത്രരീതി മതവിലക്കുകൾക്ക് എതിരാണെങ്കിൽ പോലും ഓരോ സ്‌കൂളിലെയും എല്ലാ കുട്ടികളും പിന്തുടരണമെന്നും പറയുന്നത് ഇന്ത്യൻ ഭരണഘടന അവതരിപ്പിക്കുന്ന ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും മറിച്ച്, അത് നാസി ആശയത്തിന്റെ പിന്തുടർച്ചയാണെന്നും ഹരജി വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സർക്കാർ നടപടികൾ ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹരജിയുടെ ആവശ്യം.

(സുപ്രിംകോടതി അഭിഭാഷകനാണ്
ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago