മറ്റ് പള്ളികള്‍ക്ക് മേലിലുള്ള അവകാശവാദം ഉപേക്ഷിക്കില്ല; മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയിലും തങ്ങളുടെ അജണ്ടകളില്‍ ഉറച്ച് ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: മുസ്ലിം നേതാക്കളും ബുദ്ധിജീവികളുമായുള്ള ചര്‍ച്ചയിലും തങ്ങളുടെ അജണ്ടകളില്‍ ഉറച്ച് ആര്‍.എസ്.എസ്. ജ്ഞാന്‍വാപിയും മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും വിട്ടുനല്‍കിയാലും കൂടുതല്‍ പള്ളികള്‍ക്ക് മേല്‍ അവകാശമുന്നയിക്കില്ലെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ലെന്നാണ് മുസ് ലിം സംഘടനാ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ആര്‍.എസ്.എസ് സ്വീകരിച്ച നിലപാട്. ഒരു വിഭാഗം നേതാക്കളെയും ബുദ്ധിജീവികളെയും ഉപയോഗപ്പെടുത്തി മുസ്ലിംസമുദായത്തെ അടുപ്പിക്കാന്‍ നീക്കം നടത്തുമ്പോഴും തങ്ങളുടെ അജണ്ടകളില്‍ ആര്‍.എസ്.എസ് ഒട്ടും പിന്നോട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം 14നാണ് മുസ് ലിം സംഘടനാ ഭാരവാഹികള്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ വീട്ടിലായിരുന്നു ചര്‍ച്ച. മുസ് ലിം പക്ഷത്ത് നിന്ന് ജമാഅത്തെ ഇസ് ലാമി ഹിന്ദ്, ജംഇയ്യത്ത് ഉലമായെ ഹിന്ദ് എന്നിവയുടെ നേതാക്കള്‍, അജ്മീര്‍ ദര്‍ഗയുടെ സല്‍മാന്‍ ചിഷ്തി അടക്കം 15 പേരാണ് പങ്കെടുത്തത്.
മുതിര്‍ന്ന നേതാക്കളായ ഇന്ദ്രേഷ് കുമാര്‍, രാംലാല്‍, കൃഷ്ണ ഗോപാല്‍ എന്നിവരായിരുന്നു ആര്‍.എസ്.എസ് പക്ഷത്തുനിന്നുണ്ടായിരുന്നത്. നേരത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവതുമായി മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വൈ.എസ് ഖുറേഷിയുടെ നേതൃത്വത്തില്‍ നജീബ് ജങ് അടക്കമുള്ള മുസ്‌ലിം പ്രമുഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ചര്‍ച്ച. രണ്ടാമത്തെ യോഗത്തിലും ഖുറേഷി പങ്കെടുത്തു. ചര്‍ച്ച സഹൃദപരമായിരുന്നുവെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചതായും ഇരുവിഭാഗവും വ്യക്തമാക്കി. പരസ്പരം മനസിലാക്കുകയെന്ന ഉദ്ദേശത്തോടെയുള്ള ചര്‍ച്ചയാണ് നടന്നതെന്നും ഇതൊരു തുടക്കമാണെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ് സെക്രട്ടറി നിയാസ് അഹമ്മദ് ഫാറൂഖി വിശദീകരിച്ചു.
ചേരിവല്‍കരണം രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നും അതിന് പരിഹാരം വേണമെന്നുമുള്ള ആശങ്ക മൂന്ന് മണിക്കൂര്‍ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ മുസ് ലിം നേതാക്കള്‍ പങ്കുവച്ചു. ന്യൂനപക്ഷങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കല്‍, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊല, വിദ്വേഷ പ്രസംഗങ്ങള്‍, അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ തുടങ്ങിയ വിഷയങ്ങള്‍ മുസ് ലിം നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. സമീപകാലത്തെ അഭിമുഖത്തില്‍ മോഹന്‍ ഭാഗവത് നടത്തിയ ചില പരാമര്‍ശങ്ങളും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളെ കാഫിര്‍ എന്ന് വിളിക്കുന്നു, ജിഹാദിന് ആഹ്വാനം ചെയ്യുന്നു, നിരോധിച്ചിട്ടും ഗോവധം തുടരുന്നു തുടങ്ങിയ പരാതികളാണ് ആര്‍.എസ്.എസ് നേതാക്കള്‍ ഉന്നയിച്ചത്. മാലിക് മുഅ്തസിം ഖാനാണ് ജമാഅത്തെ ഇസ് ലാമി പ്രതിനിധിയായി പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."