ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രി; ഫോണില വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് താന്‍ തന്നെയെന്ന് ദിലീപ്
കൊച്ചി: ഫോണിലെ വിവരങ്ങള്‍ താന്‍ സ്വയം ഡിലീറ്റ് ചെയ്തതാണെന്ന് നടന്‍ ദിലീപ് അന്വേഷണ സംഘ്ത്തിന് മൊഴി നല്‍കി. ചില ചാറ്റുകള്‍ താന്‍ തന്നെ ഡിലീറ്റ് ചെയ്തു എന്നാണ് ദിലീപ് അറിയിച്ചത്. ഈ ചാറ്റുകളൊക്കെ അന്വേഷണ സംഘം തിരികെ എടുത്തിട്ടുണ്ട്. ചാറ്റുകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം പൂര്‍ണമായി നശിപ്പിച്ചതിനു കൃത്യമായ തെളിവുകളുണ്ട് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
അതേസമയം ബാലചന്ദ്രകുമാറിന്റെ മൊഴിയെ ദിലീപ് എതിര്‍ത്തു. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ ചിലത് മാത്രമാണ് തന്റേതെന്നും മറ്റ് പലതും മിമിക്രിയാണെന്നും ദിലീപ് പറഞ്ഞു. ബാലചന്ദ്രകുമാര്‍ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായുള്ള കഥകള്‍ മാത്രമാണ്. ശബ്ദ സാമ്പിളുകളില്‍ രണ്ടെണ്ണം മാത്രമാണ് തന്റേതെന്നും ദിലീപ് പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഒന്‍പതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."