കൊവിഡ് രണ്ടാം തരംഗം നിസാരമല്ല
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം സജീവമാകുകയാണ്. പ്രതിദിനം കൊവിഡ് കേസുകള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ കുതിച്ചുയരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ കേരളത്തിലും രോഗവ്യാപന ഭീതി വര്‍ധിക്കുകയാണ്. ആഗോളതലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നും രണ്ടാം കൊവിഡിനെ നേരിടുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ഒന്നാം കൊവിഡ് നിയന്ത്രണങ്ങളില്‍ മനംമടുത്ത ജനങ്ങള്‍ രോഗഭീതി അകന്നെന്ന ആശ്വാസത്തിലേക്ക് വരുമ്പോഴാണ് വീണ്ടും ഭീതിവിതച്ച് രണ്ടാം തരംഗം സജീവമാകുന്നത്. വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ ജനങ്ങള്‍ മാനസികമായി ഇതിനോട് എത്രമാത്രം സഹകരിക്കുമെന്നാണ് ഉയരുന്ന ചോദ്യം. പൊതുജന സഹകരണം കുറഞ്ഞാല്‍ രോഗം നിയന്ത്രണാതീതമാകുകയും ചെയ്യും. രണ്ടാം കൊവിഡിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തി സ്വയം സുരക്ഷയ്ക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് സര്‍ക്കാരിനു മുന്നിലുള്ള മാര്‍ഗം. ഈ ഘട്ടത്തില്‍ ജാഗ്രത കൈവിട്ടാല്‍ കൊവിഡിനെ ഇനിയും പിടിച്ചുനിര്‍ത്തുക വെല്ലുവിളിയാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വില്ലനാണ് രണ്ടാം കൊവിഡ്
കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്നതേയുള്ളൂവെങ്കിലും രണ്ടാം തരംഗം ദേശീയതലത്തില്‍ വ്യാപിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. രണ്ടാം കൊവിഡിനെക്കുറിച്ച് ക്ലിനിക്കല്‍ ഗവേഷണങ്ങളും ഇതിനകം പലരും നടത്തിയിട്ടുണ്ട്. രോഗലക്ഷണം, മരണനിരക്ക് തുടങ്ങിയ കാര്യങ്ങളില്‍ ഇത് വ്യത്യസ്തമാണെന്നാണ് കണ്ടെത്തല്‍. ആദ്യ കൊവിഡ് ഒരു ജലദോഷപ്പനിയുടെ സ്വഭാവത്തിലായിരുന്നു. ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്കും മറ്റുമായിരുന്നു കൂടുതല്‍ ഭീഷണിയുണ്ടായിരുന്നത്. മരണ നിരക്കും കുറവായിരുന്നു. ചുമ, പനി, തൊണ്ടവേദന തുടങ്ങിയവായിരുന്നു പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍, രണ്ടാം കൊവിഡിന് ലക്ഷണങ്ങളില്‍ പോലും വ്യത്യാസമുണ്ട്. ദഹന, ഉദരവ്യവസ്ഥയെയും ഇതു ബാധിക്കുന്നു. രോഗബാധിതരില്‍ കൂടുതല്‍ പേര്‍ക്കും വയറുവേദന, അതിസാരം, ഓക്കാനം, ഛര്‍ദി, ചുവന്ന കണ്ണുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രക്തപരിശോധനയില്‍ വൈറല്‍ ലോഡും കൂടുതലാണ്. രക്തചംക്രമണ വ്യവസ്ഥയില്‍ വൈറസിന്റെ തോത് എത്രയാണെന്നു കണക്കാക്കുന്നതാണ് വൈറല്‍ ലോഡെന്നു പറയുന്നത്. ആദ്യ കൊവിഡിനേക്കാള്‍ രണ്ടാം കൊവിഡില്‍ വൈറസിന്റെ അളവ് കൂടുതലാണ് എന്നര്‍ഥം. വൈറസ് അളവ് രക്തത്തില്‍ കൂടുന്നത് അണുബാധ തോതും കൂട്ടും. ഒന്നാം കൊവിഡിനെ അപേക്ഷിച്ച് ആരോഗ്യമുള്ള വ്യക്തികളില്‍ പോലും രണ്ടാം കൊവിഡ് അപകടകാരിയാകുമെന്ന് ചുരുക്കം.
രോഗവ്യാപനം വര്‍ധിക്കും
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൊവിഡ് വ്യാപന നിരക്ക് ഇത്തവണ കൂടുമെന്ന ആശങ്കയിലാണ് ആരോഗ്യ രംഗത്തുള്ളവര്‍. വൈറസിലെ ജനിതക മാറ്റം ഇതിനു കാരണമാകും. ഏപ്രില്‍ നാലിനു തന്നെ രാജ്യത്ത് ദിനംപ്രതി രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത് ഇതിനു തെളിവാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാലും എത്രത്തോളം പാലിക്കപ്പെടുമെന്ന ആശങ്കയാണ് സര്‍ക്കാരിനുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തും രണ്ടാം കൊവിഡിന്റെ പ്രഹരശേഷിയെക്കുറിച്ച് അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ കണ്ണടച്ചുവെന്നത് ഗുരുതരമായ വീഴ്ചയാണ്. ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ രാഷ്ട്രീയഭേദമന്യേ ഒത്തുകൂടിയതിന്റെ പരിണിത ഫലം അടുത്ത രണ്ടാഴ്ചത്തെ കൊവിഡ് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സംസ്ഥാനത്ത് ഇതിനകം 10.76 ശതമാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് വന്നുപോയിട്ടുള്ളൂ. പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും പതിനായിരം പിന്നിടുമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു മുകളില്‍ പോകുന്നത് രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്.
വയറുവേദനയെ നിസാരമാക്കേണ്ട
കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രധാന രോഗലക്ഷണമായി കാണുന്നത് വയറുവേദനയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വയറുവേദന കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൈറസിലെ അഇഋ2 എന്‍ട്രി റിസപ്റ്ററുകള്‍ കൂടുതലായതിനാല്‍ വൈറസ് ബാധ ദഹനവ്യവസ്ഥയില്‍ പിടികൂടുന്നതാണ് കാരണമെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. ചിലര്‍ക്ക് ഇത് ഛര്‍ദി, ഓക്കാനം, അതിസാരം, വയറുവേദന എന്നിങ്ങനെ അനുഭവപ്പെടാം. ആന്തരികാവയവങ്ങളെ ബാധിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കും.
ജനിതകമാറ്റവും വാക്‌സിനേഷനും
രാജ്യം കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തിലേക്ക് നീങ്ങവെയാണ് കൊവിഡിന്റെ രണ്ടാം വരവ്. പ്രതിരോധശേഷി പരമാവധി കൂട്ടിയശേഷം കൊവിഡിനെ നിയന്ത്രിക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. സ്വയം കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയും ചിലരില്‍ ആര്‍ജിക്കും. ആര്‍ക്കെല്ലാം എന്നറിയാത്തതിനാല്‍ എല്ലാവരും വാക്‌സിനേഷന്‍ ഉള്‍പ്പെടെ സ്വീകരിക്കുകയാണ് നല്ലത്. വാക്‌സിന്‍ ഓരോ ശരീരത്തിനും നല്‍കുന്ന പ്രതിരോധശേഷിക്ക് അനുസരിച്ചാണിത്. വാക്‌സിനെടുത്താലും മാസ്‌കും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള സ്വയം
സുരക്ഷ ഉറപ്പാക്കുന്നതാണ് ഉചിതം. കൊറോണ വൈറസിന്റെ ജനിതക മാറ്റം സര്‍വസാധാരണമാണ്. ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെടുന്നതാണ് കൊറോണ വൈറസും. സ്‌പൈക്ക് പ്രോട്ടീനുകളുടെ ജനിതമാറ്റം രോഗം കൂടുതല്‍ പേരിലേക്ക് പടരാന്‍ പര്യാപ്തമാണ്.
വൈറസിന്റെ ബ്രസീലിയന്‍, കെന്റ് വ്യതിയാനങ്ങളോട് സാമ്യതയുള്ള രോഗലക്ഷണമാണ് ഇന്ത്യയിലും കണ്ടുവരുന്നത്. ഗുജറാത്തിലെ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. വ്യത്യസ്തമായ രോഗലക്ഷണമാണ് പലര്‍ക്കും എന്നതിനാല്‍ കൊവിഡ് പരിശോധന എല്ലാവര്‍ക്കും നടത്തേണ്ട സ്ഥിതിയാണ് ഇവിടെ. ആദ്യ തരംഗത്തില്‍ ലക്ഷണം അടിസ്ഥാനമാക്കിയായിരുന്നു രോഗപരിശോധനക്ക് നിര്‍ദേശം നല്‍കിയിരുന്നത്. സന്ധിവേദന, ക്ഷീണം, വിശപ്പിലായ്മ തുടങ്ങി നിരവധി ലക്ഷണങ്ങളാണുള്ളത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ നേരിടാന്‍ പര്യാപ്തമാണോ എന്നതില്‍ വ്യക്തതയില്ല. ആന്റിബോഡികളെ അടിച്ചമര്‍ത്തി ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്ക് ശരീരത്തില്‍ പ്രവേശിക്കാനാകും. വൈറസ് ബാധിച്ചാല്‍ തന്നെ വാക്‌സിനെടുത്തവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അപകട സാധ്യത കുറവാകുമെന്നു മാത്രം. അതിനാല്‍ വാക്‌സിനെടുത്തെന്ന് കരുതി പ്രതിരോധം സ്വീകരിക്കാതിരിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."