മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; ഒരാള്‍കൂടി പിടിയില്‍
മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലിസ് കസ്റ്റഡിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പൊലിസ് പിടിയിലായത്.
തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്.
സംഭവത്തില്‍ പ്രതി അബ്ദുല്‍ മജീദിനെ പൊലിസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്ന്ന് ആക്രമിച്ചത്.
ഭൂമി കച്ചവടം കഴിഞ്ഞ് പാലക്കാട് നിന്നും കാറില്‍ മഞ്ചേരിയിലേക്ക് വരികയായിരുന്നു കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘം. ഇവര്‍ പയ്യനാട് താമരശ്ശേരിയില്‍ നിന്ന് പ്രധാന റോഡില്‍ നിന്ന് മറ്റൊരു വഴിയില്‍ വാഹനം തിരിച്ചു. ഇവിടെ മദ്യപിക്കുകയായിരുന്ന മറ്റൊരു സംഘം വാഹനത്തിന്റെ ലൈറ്റ് താഴ്ത്താന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. കൗണ്‍സിലര്‍ ഇടപെട്ട് വാക്കേറ്റം ഒത്തുതീര്‍പ്പാക്കി.
ഇവര്‍ ഇവിടെ നിന്ന് പിരിഞ്ഞ് പോരുന്നതിനിടെ നേരത്തെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം ബൈക്കില്‍ പിന്നാലെയെത്തി. പയ്യനാട് താമരശ്ശേരിയില്‍ വെച്ച് ഹെല്‍മറ്റ് ഉപയോഗിച്ച് കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്തു. കൗണ്‍സിലറുടെ വാഹനം നിറുത്തിയതോടെ സംഘം ആയുധം ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ആഴത്തില്‍ മുറിവേറ്റ നിലയില്‍ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്.
പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. നഗരസഭയിലെ 16ാം വാര്‍ഡായ കിഴക്കേത്തലയിലെ മുസ്ലിം ലീഗ് കൗണ്‍സിലറാണ് ഇദ്ദേഹം. മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."