വെറുപ്പിനെ കീഴടക്കുന്ന രാഹുൽ
കെ.പി നൗഷാദ് അലി
9847524901
ജീവിതത്തിലെ അർധ വർഷക്കാലത്തോളം കാലദേശങ്ങൾ താണ്ടി ഒരു മനുഷ്യൻ 4080 കിലോമീറ്റർ ദൂരം സ്‌നേഹത്തിനും മാനവിക ഐക്യത്തിനുമായി നടന്നുതീർത്തിരിക്കുകയാണ്. സമകാലീന ജനാധിപത്യ പരിസരങ്ങളിൽ ഇത് അസാധാരണമാണ്. പരിഹാസ ശരങ്ങളെയും കൂവലുകളെയും സ്‌നേഹമുദ്രകൾ കാട്ടിയാണ് രാഹുൽ ഗാന്ധി നേരിട്ടത്. ബോധപൂർവ മാധ്യമ അവഗണനകളെ അതിശയിപ്പിച്ച് കടന്നുപോയ വഴികളിൽ ഭാരത് ജോഡോ യാത്രയെ സാധാരണക്കാർ നെഞ്ചിലേറ്റി. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കടമുറികൾ പണിയാമെന്ന രാഹുലിൻ്റെ വാക്കുകളുടെ പ്രതിധ്വനി വെറുപ്പിന്റെ ഉൽപ്പാദനശാലകളെ അക്ഷരാർഥത്തിൽ പ്രകമ്പനംകൊള്ളിച്ചിട്ടുണ്ട്. കാൽനട യാത്രകളിലൂടെ രാഷ്ട്രീയ ഇതിഹാസങ്ങൾ ചമച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ ഇരുപതാം നൂറ്റാണ്ടിലുണ്ട്. പുതിയ കാലത്ത് ഇതിനു നേതൃത്വം നൽകിയതിലൂടെ സഹനമാർഗം രാഷ്ട്രീയ ആയുധമാക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ പൊതു നേതാവായി രാഹുൽ ഗാന്ധി അടയാളപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ബി.ജെ.പി അനുവർത്തിച്ചുപോന്നിരുന്ന തന്ത്രം രാഹുൽഗാന്ധി തങ്ങൾക്കു ചേർന്ന രാഷ്ട്രീയ എതിരാളിയേ അല്ല എന്നായിരുന്നു. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തുടർച്ചയായി തിരിച്ചടികൾ നേരിട്ടതോടെ അതു വലിയ പരിഹാസത്തിനു വഴിമാറി. പ്രതിപക്ഷ പാർട്ടി നിരകളിലും അതേറ്റുപിടിക്കാൻ നേതാക്കൾ മുന്നോട്ടുവന്നു. ഇതു വിശ്വസിച്ചും ആവർത്തിച്ചും കോൺഗ്രസിന്റെ പടി വിട്ടിറങ്ങാനും ആളുണ്ടായി. എന്നാൽ ഭാരത് ജോഡോ യാത്രയുടെ അവസാന മണിക്കൂറുകളിൽ സുരക്ഷാനിരയെ പിൻവലിച്ചും തടസങ്ങൾതീർത്തും ബി.ജെ.പി ജനാധിപത്യവിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുകയാണ്. ബി.ബി.സി ഡോക്യുമെന്ററി തീർത്ത രാഷ്ട്രീയ നാണക്കേടും ഹിൻഡൻ ബർഗ് റിപ്പോർട്ടിലൂടെ തുറന്നുകാട്ടപ്പെടുന്ന അദാനി കഥകളിലെ നിരന്തര മോദി സാന്നിധ്യവും ബി.ജെ.പിയെ വലിയ കുരുക്കിൽ വീഴ്ത്തിയിട്ടുണ്ട്. ഫാസിസ്റ്റു നയങ്ങളെ നിരന്തരം ചെറുക്കുന്ന ഇന്ത്യൻ നേതാവ് എന്ന പരിവേഷം രാഹുൽ ഗാന്ധിക്ക് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിക്കഴിഞ്ഞു.
പദയാത്രകളുടെ ആഗോള-ദേശീയ രാഷ്ട്രീയം
ദീർഘദൂര പദയാത്രകൾ എല്ലാകാലത്തും കാല, ദേശാന്തര വ്യത്യാസമില്ലാതെ വലിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. യാത്രാനായകർ രാഷ്ട്രീയപ്രതാപം തിരിച്ചുപിടിക്കുകയും പരിവേഷമുയർത്തുകയും ചെയ്ത നിരവധി അനുഭവങ്ങൾ ചരിത്രത്തിൽ കാണാം. ചിയാങ്ങ്‌കൈഷക്കിന്റെ നേതൃത്വത്തിൽ ദേശീയവാദി ഭരണകൂടം ചൈന ഭരിക്കുന്ന കാലത്തായിരുന്നു 1931ൽ മാവോസേതൂങ്ങ് സോവിയറ്റ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭരണകൂടവും കമ്യൂണിസ്റ്റുകളും തമ്മിൽ രൂക്ഷമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട അക്കാലത്ത് ചിയാങ്ങ്‌കൈഷക്കിന്റെ ഉരുക്ക് മുഷ്ടിക്കു മുന്നിൽ പതിനായിരക്കണക്കിനു കർഷകർക്കു ജിവൻ വെടിയേണ്ടിവന്നു. അണികളുടെ രോഷം മുൻനിർത്തി കമ്യൂണിസ്റ്റ് സെൻട്രൽ കമ്മിറ്റി ചേർന്ന് മാവോയെ സ്ഥാനത്തുനിന്നു നീക്കുകയുണ്ടായി. 4000 മൈൽ ദൂരം താണ്ടിയ ലോങ് മാർച്ച് 1934 ഒക്ടോബർ 16ന് ആരംഭിക്കുമ്പോൾ മാവോ സേതൂങ്ങ് അതിൽ പങ്കെടുക്കുന്ന പല നേതാക്കളിൽ ഒരാൾ മാത്രമായിരുന്നു. ലോങ് മാർച്ചിനിടയിൽ സിയാങ് നദിക്കു സമീപം ഉൾപ്പെടെ പതിനായിരങ്ങളുടെ ജീവൻ ഹോമിച്ച പോരാട്ടങ്ങളിൽ മാവോ വഹിച്ച നേതൃപങ്ക് അദ്ദേഹത്തെ എതിരാളികളില്ലാത്തവിധം വീണ്ടും അനിഷേധ്യനാക്കി. 1949ൽ ചിയാങ്ങ്‌കൈഷക്ക് സ്ഥാനഭ്രഷ്ടനായതു മുതൽ 1976ൽ മരിക്കുന്നതുവരെ മാവോ ചൈനയെ നയിച്ചതു പിൽക്കാല ചരിത്രമാണ്.
1930 മാർച്ച് 12ന് സബർമതിയിൽനിന്ന് ദണ്ഡിയിലേക്ക് ഗാന്ധിജി നടത്തിയ 385കി.മീ മാർച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്തു വരുത്തിയ ആവേശം വിവരണാതീതമാണ്. ലക്ഷക്കണക്കിന് മനുഷ്യർ രാജ്യം മുഴുവൻ ഇതിനു പ്രതിധ്വനി തീർത്തു.
4260 കിലോമീറ്റർ താണ്ടിയ ഭാരത യാത്രക്ക് എസ്. ചന്ദ്രശേഖർ തുടക്കമിട്ടത് 1983 ജനുവരി 6ന് ആയിരുന്നു. ഗ്രാമങ്ങളിൽ രാപാർത്തും സംഭാവനകൾ സ്വീകരിച്ചും മുന്നേറിയ യാത്ര കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാരം, മതമൈത്രി, പട്ടികജാതി-വർഗ അഭിവൃദ്ധി എന്നിവ പ്രധാന മുദ്രാവാക്യമായി ഉയർത്തി. കോൺഗ്രസിനു ബദലാവാൻ തുനിഞ്ഞിറങ്ങിയ ചന്ദ്രശേഖറിനെ അൽപ്പം വൈകിയാണെങ്കിലും കാലത്തിന്റെ ഘടികാരസൂചികൾ ലക്ഷ്യത്തിലെത്തിച്ചു. 1990 നവംബർ 10ന് എസ്. ചന്ദ്രശേഖർ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിനകത്തും പുറത്തും ദീർഘദൂര പദയാത്രകൾ തീർത്ത ഇത്തരം രാഷ്ട്രീയ ചരിത്രങ്ങളാണ് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരേ തിരിയാൻ പലരെയും പ്രേരിപ്പിക്കുന്നതെന്ന് നിസ്സംശയം പറയാം.
ദേശവ്യാപകമായി ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള നേതാക്കളും രാജ്യം മുഴുവൻ നടന്നുതീർക്കാൻ കഴിവുള്ളവരും വിവിധ പാർട്ടികളിലുണ്ട്. എന്നാൽ ഇവ രണ്ടും സമ്മേളിക്കുന്ന ഇന്ത്യയിലെ ശുഷ്‌കം പേരുകളിലൊന്നാണ് രാഹുൽഗാന്ധി. അതിലുപരി സംഘ്പരിവാറിനെതിരായ പോരാട്ടത്തിലെ രാഷ്ട്രീയ സത്യസന്ധതയും വിശ്വസ്തതയുമാണ് രാഹുലിന്റെ ഏറ്റവും വലിയ മൂലധനം. കേന്ദ്രഭരണവുമായും ആർ.എസ്.എസുമായും രാഹുൽ എവിടെയെങ്കിലും സന്ധി ചെയ്തതായി അദ്ദേഹത്തിന്റെ തീവ്രവിമർശകർ പോലും ഇന്നേവരെ ആരോപിച്ചിട്ടില്ല. 75 പിന്നിട്ട മാതാവിനും തനിക്കുമെതിരേ ഇ.ഡി ചോദ്യം ചെയ്യുന്ന വേള മുതൽ ക്രൂര പരിഹാസങ്ങൾക്ക് മുന്നിൽവരെ കടുത്തഭാഷയിലുള്ള വിമർശനങ്ങൾക്കു രാഹുൽ ഗാന്ധി കുറവുവരുത്തിയിട്ടില്ല.
2024ൽ ബി.ജെ.പിക്കെതിരേ ഐക്യനിര രൂപപ്പെടുത്തുന്ന ചർച്ചകൾ പ്രതിപക്ഷനിരയിൽ വ്യാപകമായി കേൾക്കാറുണ്ട്. യാത്രയിലൊരിടത്തും പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ സ്വയം ഉയർത്തിക്കാട്ടിയിട്ടില്ല. പ്രതിപക്ഷ ഐക്യത്തിനും ഏകോപനത്തിനും ഒരു തടസവുമുണ്ടാവരുത് എന്ന നിർബന്ധ ബുദ്ധിയാണ് അതുവഴി അദ്ദേഹം പ്രകടിപ്പിക്കുന്നത്. അതേസമയം, കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ച പാർട്ടികളുടെ നിര വലിയ നിരാശ നൽകുന്നു. ജെ.എം.എം, ടി.ഡി.പി, ജെ.ഡി.എസ്, ബി.എസ്.പി, വൈ.എസ്.ആർ കോൺഗ്രസ്, ശിവസേന, അകാലിദൾ, ബി.ജെ.ഡി, ജനതദൾ(യു) എന്നിങ്ങനെ പട്ടിക നീണ്ടതാണ്. ബി.ജെ.പിക്കെതിരായ നിലപാട് ഊന്നിപ്പറയാൻ ചന്ദ്രശേഖർ റാവു കൂട്ടാളിയാക്കാൻ തെരഞ്ഞെടുക്കുന്നത് കേജ്‌രിവാളിനെപ്പോലുള്ളവരെയാണ്. അഖിലേഷും മായാവതിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ തയാറായില്ല. പ്രതീക്ഷയർപ്പിക്കുന്നവരിൽ ചിലരെങ്കിലും ഇടയ്ക്കു വെടിനിർത്തുന്ന പ്രവണത പുലർത്തുന്നവരാണ്. രാഹൂൽഗാന്ധി സംഘ് വിരുദ്ധ ജനമനസ്സുകളുടെ പ്രതീക്ഷയാകുന്ന സാഹചര്യമവിടെയാണ്. ഭാരത് ജോഡോ യാത്ര വിലയിരുത്തുമ്പോൾ ബി.ജെ.പിയുടെ ആദ്യഘട്ടത്തിലെ നിശിത പരിഹാസങ്ങൾ പിന്നീട് നീണ്ട മൗനത്തിലേക്കും ശേഷം പ്രതികാര നടപടികളിലേക്കും കടക്കുന്നതായി കാണാം.
രാഹുലിൻ്റെ ടീഷർട്ടിനെ വിവാദമാക്കിയത് ബി.ജെ.പിയായിരുന്നു. പിന്നീട് പൂജ്യം ഡിഗ്രിയോളം താഴുന്ന അതിശൈത്യത്തെ വെള്ള ടീഷർട്ടിൽ അതിജീവിക്കുന്ന രാഹുൽ വാർത്തയായി. വീണ്ടുമുയർന്ന ചോദ്യങ്ങളെ തണുപ്പിനെ അകറ്റാൻ വഴിയില്ലാത്ത രാജ്യത്തെ ലക്ഷക്കണക്കിന് ദരിദ്രരുടെ ദുരവസ്ഥയുമായി ബന്ധിപ്പിച്ച രാഹുലിന്റെ മറുപടിക്കു മുന്നിൽ എതിരാളികൾ നിഷ്പ്രഭമായി. രാഷ്ട്രീയമായി ഇരുത്തംവന്ന, സ്വയം അഗ്നിശുദ്ധി നടത്തി പുനർജനിച്ച, പിഴക്കാത്ത നേതാവായി രാഹുലിനെ ഇന്ത്യ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
സംവാദങ്ങളിലും വിമർശനങ്ങളിലും എന്തിന് പത്രസമ്മേളനങ്ങളിൽപോലും വിശ്വാസമില്ലാത്ത ഭരണമാണ് ഇന്ത്യയെ നയിക്കുന്നത്. ബ്യൂറോക്രസി, ജുഡീഷ്യറി, മീഡിയ എന്നിവയിൽ നിന്ന് സമ്പൂർണ വിധേയത്വമാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. സാമ, ഭേദ, ദാന, ദണ്ഡങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ എതിർശബ്ദങ്ങളെ ഇവർ വരുതിക്ക് നിർത്തുന്നു. നാം പ്രതീക്ഷിക്കാത്ത വ്യക്തികളും കൂട്ടായ്മകളുമൊക്കെ നിശബ്ദമാകുന്നത് ഇന്ന് ആശ്ചര്യത്തിനു വകയില്ലാത്തതായി മാറിക്കഴിഞ്ഞു. അദാനിയും അംബാനിയും ലോകത്തിലെ അതി സമ്പന്നനായി മാറുന്നത് രാജ്യത്തിന്റെ പൊതുസമ്പത്ത് തീറെഴുതി വാങ്ങിയാണ്. ബാങ്കിന്റെ മടിശ്ശീലയും പൊതുമേഖല സ്ഥാപനങ്ങളുടെ പതിനായിരക്കണക്കിന് കോടികളും സ്വന്തം ശേഖരത്തിലേക്ക് ചേർത്തുവച്ചാണ് അവർ മുന്നേറുന്നത്. ശതകോടീശ്വരൻമാരുടെ എണ്ണം വർധിക്കുന്ന ഇന്ത്യയിൽ അതിദരിദ്രരുടെ പട്ടികക്ക് അനുദിനം വലിപ്പമേറുകയാണ്. യാഥാർഥ്യ ബോധത്തിലേക്ക് തിരിച്ചുവരുന്ന ജനസമൂഹത്തിന് ഇന്നു വേണ്ടത് ഒരു നായകനാണ്. സത്യസന്ധതയും വിശ്വസ്തതയും അവർ രാഹുലിൽ കാണുന്നുണ്ട്. ജനക്കൂട്ടം അതിനു തെളിവാണ്. കാലം ആ മനുഷ്യനെയും അയാളുടെ ആശയത്തെയും രാജ്യത്തെയും വിജയതീരമണയിക്കുമെന്നുതന്നെ പ്രത്യാശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."