ശമ്പളം വേണ്ട, ഓണറേറിയം മതിയെന്ന് കെ.വി തോമസ്; സര്‍ക്കാറിന് കത്തു നല്കി
തിരുവനന്തപുരം: ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കേരള സര്‍ക്കാര്‍ നിയമിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ശമ്പളം വേണ്ടെന്ന് അറിയിച്ച് സര്‍ക്കാരിന് കത്ത് നല്കി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് തോമസ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള കെ വി തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളില്‍ മതിയെന്ന് കെ വി തോമസ് അറിയിച്ചിട്ടുണ്ട്.
ഈമാസം 18 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ക്യാബിനറ്റ് പദവിയോടെയായിരുന്നു നിയമനം. അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ട് മാസത്തിന് ശേഷമാണ് പദവി ലഭിച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോണ്‍ഗ്രസും തോമസും തമ്മില്‍ പൂര്‍ണ്ണമായും അകന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."