കരിയാണിമല ക്വാറി പ്രക്ഷോഭം രണ്ടുദിവസം പിന്നിട്ടു
നന്മണ്ട: എരമംഗലം, കരിയാണിമല, ഉപ്പൂത്തിക്കണ്ടി എന്നിവിടങ്ങളിലെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനം ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹം രണ്ടുദിവസം പിന്നിട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പിന്നീട് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ക്വാറിയുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുകയായിരുന്നു.
ബാലുശ്ശേരി, നന്മണ്ട ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വരുന്ന ക്വാറിയുടെ പ്രവര്‍ത്തനം നന്മണ്ട പഞ്ചായത്തിലെ കോളിയോട്മല നിവാസികളുടെ ജീവിതമാണു ദുരിതത്തിലാക്കുന്നത്. ഏകദേശം അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളാണ് ക്വാറിയുടെ പ്രവര്‍ത്തനംമൂലം പാരിസ്ഥിതിക വെല്ലുവിളി നേരിടുന്നത്. ആദിവാസികളടക്കം നൂറോളം കുടുംബങ്ങളുടെ സുരക്ഷിതത്വത്തിനും നിലനില്‍പ്പിനുമാണു ക്വാറി മാഫിയ ഭീഷണിയാകുന്നത്.
പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ തൊട്ടടുത്ത സ്ഥലത്തു മറ്റൊരു ക്വാറി ആരംഭിക്കാന്‍ ക്വാറി ഉടമ ബാലുശ്ശേരി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് നിയോഗിച്ച അഞ്ചംഗ സമിതി നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നു ക്വാറി ആരംഭിക്കുന്നതിനെതിരേ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പെരിങ്ങിനി മാധവന്‍, കെ.കെ പരീദ്, എന്‍.പി നദീഷ്‌കുമാര്‍, രൂപലേഖ കൊമ്പിലാട്, കെ. ഗണേശന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് പ്രതികൂലമായതിനാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു ക്വാറി ഉടമ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
രണ്ടാംദിന സത്യഗ്രഹം സി.പി.എം നേതാവ് പി. അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.പി വാസു അധ്യക്ഷനായി. പി. ശ്രീനിവാസന്‍, പൂളയില്‍ ബാലന്‍, എ.കെ ശശി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."