വിവാഹേതര ലൈംഗിക ബന്ധം: 2018 ലെ വിധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി; 'വിധി സൈനിക നിയമത്തിന് ബാധകമല്ല'
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സൈനികര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രധാന വിധിയില്‍ ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തി. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ സൈനിക നിയമപ്രകാരം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് കെ.എം ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2018ലെ വിധി സായുധസേനാ നിയമങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടതല്ലെന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി. സഹപ്രവര്‍ത്തകന്റെ ഭാര്യയുമായുള്ള വിവാഹേതര ബന്ധം സായുധ സേനാ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്.
2018ല്‍ ജോസഫ് ഷൈന്‍ എന്നയാളുടെ ഹര്‍ജി പരിഗണിക്കവേ വിവാഹേതര ബന്ധം സംബന്ധിച്ചുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 497 ഭരണഘടനാവിരുദ്ധമാണെന്നു കാട്ടി കോടതി എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ സായുധ സേനാംഗങ്ങള്‍ക്ക് ഇത് ബാധകമാണോയെന്ന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ സുപ്രധാന വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."