കോവിഡ്: കോഴിക്കോട് വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നു; കൂടുതല്‍ എഫ്.എല്‍.സി.ടികള്‍ ഒരുക്കും
കോഴിക്കോട്: കോവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിന് ജില്ലയിലെ 21 ആശുപത്രികളിലായി 3499 കിടക്കകളുണ്ട്. ഇതില്‍ 1874 കിടക്കകളാണ് നിലവില്‍ ഒഴിവുള്ളത്്. വെന്റിലേറ്ററോട് കൂടിയ ഐ.സി.യു 36 എണ്ണം ഒഴിവുണ്ട്. 59 വെന്റിലേറ്ററില്‍ 33 എണ്ണമാണ് ഒഴിവുള്ളത്. സര്‍ക്കാര്‍ മേഖലയിലുള്ള നാല് കോവിഡ് ആശുപത്രികളിലായി 297 കിടക്കകളില്‍ 137 എണ്ണം ഒഴിവുണ്ട്. സ്വകാര്യ മേഖലയില്‍ 17 ആശുപത്രികളിലായി 3202 ബെഡുകളുള്ളതില്‍ 1737 എണ്ണം ഒഴിവാണ്. 55 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 29 എണ്ണവും ഒഴിവാണ്.
അഞ്ചുമാസത്തിനിടെ ആദ്യമായാണ് ജില്ലയില്‍ ഞായറാഴ്ച രോഗികളുടെ എണ്ണം ആയിരം കടന്നത്. സംസ്ഥാനത്തുതന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലുള്‍പ്പെട്ട കോഴിക്കോട് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.89 ആണ്.
355 കോവിഡ് കെയര്‍ സെന്ററുകളും 342 ഇന്‍സ്റ്റിറ്റ്യൂട്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങളും 13 പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളുമാണ് ജില്ലയില്‍ ഉള്ളത്. കൊയിലാണ്ടി താലൂക്കില്‍ 93, കോഴിക്കോട് 138, താമരശ്ശേരി 50, വടകര 74 എന്നിങ്ങനെയാണ് കോവിഡ് കെയര്‍ സെന്ററുകളുടെ എണ്ണം. രോഗവ്യാപനം കൂടുതലുള്ള തദ്ദേശസ്വയംഭരണസ്ഥാപന പരിധിയിലും ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. കോവിഡ് ഹോട്ട് സ്‌പോട്ടുകളായ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ 100 കിടക്കകളില്‍ കുറയാത്ത എഫ്.എല്‍.ടി.സികളും കോര്‍പ്പറേഷനില്‍ സാധ്യമായ എണ്ണവും ഉടന്‍തന്നെ സജ്ജമാക്കാനാണ് നിര്‍ദേശം. ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരില്‍ കൂടുതലും രോഗലക്ഷണം ഇല്ലാത്തവരാണ്. ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം എഫ്.എല്‍.സി.ടി.കളിലും വീടുകളിലും ചികിത്സ എത്തിക്കുന്നതിനും ആരോഗ്യവിഭാഗം തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.
അടച്ചിടലിലേക്കു പോവാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാവിഭാഗം ആളുകളില്‍നിന്നും ഉണ്ടാവണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. ഓരോ പോലീസ് സ്റ്റേഷനിലും ഒരു എസ്.ഐ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പട്രോളിങ്് ടീം രൂപീകരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഞായറാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍, തിങ്കളാഴ്ച മുനിസിപ്പാലിറ്റികള്‍, ചൊവ്വാഴ്ച കോഴിക്കോട് താലൂക്കിലെ ഗ്രാമപഞ്ചായത്തുകള്‍, വ്യാഴാഴ്ച താമരശ്ശേരി താലൂക്ക്, വെള്ളിയാഴ്ച വടകര താലൂക്ക്, ശനിയാഴ്ച കൊയിലാണ്ടി താലൂക്ക് എന്നിങ്ങനെ വാക്‌സിന്‍ കുത്തിവെപ്പ് ക്യാമ്പുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."