കെട്ടിട നിര്‍മാണ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു: ജില്ലാ ടൗണ്‍ പ്ലാനര്‍ക്കെതിരേ നടപടി വേണമെന്ന് നഗരസഭ
പാലക്കാട്: കെട്ടിട നിര്‍മാണ, ഭവന നിര്‍മാണ അപേക്ഷകളില്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കാലതാമസം വരുത്തുന്ന ജില്ലാ ടൗണ്‍ പ്ലാനര്‍ക്കെതിരേ നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഏഴു മാസമായി പാലക്കാട് നഗരസഭയില്‍ സെക്രട്ടറിയില്ലാത്ത, അസി. എന്‍ജിനീയര്‍മാരില്ലാത്ത അവസ്ഥയും പരിഹരിക്കുന്നതിന് നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കെട്ടിട, ഭവന നിര്‍മാണ അപേക്ഷകളില്‍ മുന്‍സിപ്പല്‍ നിയമപ്രകാരം ചുരുക്കം ചില അപേക്ഷകളിലേ നഗരസഭാ സെക്രട്ടറി ഒപ്പിടേണ്ടതുള്ളൂവെന്നിരിക്കേ സെക്രട്ടറിയുടെ ഒപ്പില്ലെന്ന കാരണം പറഞ്ഞ് ജില്ലാ ടൗണ്‍ പ്ലാനര്‍ അപേക്ഷകള്‍ നിരസിക്കുന്നതായി യോഗത്തില്‍ സെക്രട്ടറി അറിയിച്ചു.
മുന്‍സിപ്പല്‍ നിയമപ്രകാരം 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ നഗരസഭാ സെക്രട്ടറിയുടെ ഒപ്പ് ആവശ്യമുള്ളൂ. അതിനു താഴെയുള്ള അപേക്ഷകളില്‍ അസി. എന്‍ജിനീയറുടെ ഒപ്പ് മാത്രമേ പതിക്കേണ്ടതുള്ളൂ. എന്നാല്‍ മുന്‍കാലങ്ങളില്‍ അതിന് വിപരീതമായി എല്ലാ കെട്ടിട നിര്‍മാണ, ഭവന നിര്‍മാണ അപേക്ഷകളിലും സെക്രട്ടറി ഒപ്പുവെച്ചിരുന്നു. എന്നാല്‍ നഗരസഭയില്‍ പുതിയ സെക്രട്ടറി ചാര്‍ജെടുത്ത ശേഷം ഇതിന് മാറ്റം വരുത്തുകയും 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള അപേക്ഷകളില്‍ മാത്രം ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ എല്ലാ അപേക്ഷകളിലും സെക്രട്ടറിയുടെ ഒപ്പ് വേണമെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ ശാഠ്യം പിടിക്കുകയാണെന്ന് നഗരസഭാ സെക്രട്ടറി യോഗത്തെ അറിയിച്ചു.
നഗരസഭാ സെക്രട്ടറിയുടേയും ടൗണ്‍ പ്ലാനറുടേയും വടംവലി മൂലം നഗരസഭയില്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കയാണെന്ന് സ്മിതേഷ് ആണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
160 ലേറെ അപേക്ഷകള്‍ ഇതുമൂലം കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടേ ഒഴിവ് നികത്താതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രമേയത്തിലൂടെ യോഗത്തെ അറിയിച്ചു. തുടര്‍ന്നാണ് സെക്രട്ടറി യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ജില്ലാ ടൗണ്‍ പ്ലാനറെ നിരവധി തവണ ഓഫിസിലേക്ക് വിളിപ്പിച്ചിട്ടും അദ്ദേഹം എത്തിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍ യോഗത്തെ അറിയിച്ചു.
പ്രമേയം വിശദമായി ചര്‍ച്ച ചെയ്ത യോഗം ജില്ലാ ടൗണ്‍ പ്ലാനര്‍ക്കെതിരേ നടപടി വേണമെന്ന് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
ടൗണ്‍ പ്ലാനര്‍ക്കെതിരെ നടപടി വേണമെന്ന് എല്‍.ഡി.എഫ് അംഗങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭവന നിര്‍മ്മാണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടിയതായി ചെയര്‍പേഴ്‌സണ്‍ യോഗത്തെ അറിയിച്ചു. അമൃത് പദ്ധതിയുടെ ഈ വര്‍ഷത്തെ മാസ്റ്റര്‍ പ്ലാനിന് യോഗം അംഗീകാരം നല്‍കി. അമൃത് പദ്ധതിക്കായി സംസ്ഥാന വാര്‍ഷിക ആക്ഷന്‍ പ്ലാനില്‍ 75.3 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പദ്ധതിയിലെ ശുദ്ധജല വിതരണം, മലിനജല സംസ്‌കരണം, നഗരഗതാഗതം എന്നിവയ്ക്കുള്ള തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് യോഗത്തില്‍ അസി. എന്‍ജിനീയര്‍ സ്മിത യോഗത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."