ബജറ്റിനെതിരേ ഇന്ന് കോൺഗ്രസിന്റെ കരിദിനം, ജില്ലാതലങ്ങളിൽ പ്രകടനം, മണ്ഡലങ്ങളിൽ പന്തംകൊളുത്തി പ്രകടനം
തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ കരിദിനം. ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനവും നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം അഴിച്ചു വിടാനാണ് കെ.പി.സി.സി യോഗത്തിലുണ്ടായ തീരുമാനം. ഹൈക്കോടതി നിർദേശ പ്രകാരം മുൻ കൂട്ടി നോട്ടീസ് നൽകി കൊണ്ട് ഹർത്താൽ ആചരിക്കുന്ന കാര്യവും കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്.
ബജറ്റിന് പിന്നാലെ ഇന്നലെ വൈകിട്ട് ചേർന്ന കെ.പി.സി.സിയുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാൻ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ മടിക്കുന്ന സർക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയിൽക്കെട്ടിവെച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
അധിക വിഭവ സമാഹരണത്തിന് ബദൽ ധനാഗമന മാർഗങ്ങൾക്കായി ക്രിയാത്മക നിർദ്ദേശങ്ങൾ കണ്ടെത്താത്ത ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേൽ അധിക നികുതി അടിച്ചേൽപ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്ന് കെ..പിസി.സി വിലയിരുത്തി.
ഓരോ കുഞ്ഞും പിറന്നുവീഴുന്നത് ഒരുലക്ഷം രൂപയുടെ കടത്തിലാണെന്നത് കേരള സർക്കാർ മറക്കരുത്. സർക്കാരിന്റെ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും തുടരുന്നതിന് വേണ്ടിയാണ് സാധാരണ ജനങ്ങളെ ബലിയാടാക്കിയത്. ആഢംബര കാറുകളും വിദേശയാത്രകളും അനധികൃത നിയമനങ്ങൾ നടത്താനും മറ്റുമാണ് സാധാരണക്കാരെ പിഴിയുന്നത്.
ഇതോടൊപ്പമാണ് ഇരുട്ടടിപോലെയുള്ള നികുതി വർധനവ്. ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും ഇടതുമുന്നണിയും വിസ്മരിക്കരുതെന്നും കെ.പി.സി.സി ഓർമ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."