തമാശ തിരിയാതെവരുമ്പോൾ
എ.പി കുഞ്ഞാമു
കുറച്ചുദിവസങ്ങൾക്കു മുമ്പ് ശശി തരൂർ തന്റെ സങ്കടം നാട്ടുകാരോട് പങ്കുവയ്ക്കുകയുണ്ടായി. നമ്മുടെ രാഷ്ട്രീയത്തിൽ തമാശക്ക് സ്ഥാനമില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ സങ്കടംപറച്ചിൽ. ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ' ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന്' പറഞ്ഞതിലെ തമാശ കോൺഗ്രസ് നേതാക്കൾക്ക് മനസിലാവാഞ്ഞതിലായിരുന്നു അദ്ദേഹത്തിനു സങ്കടം. കോൺഗ്രസ് രാഷ്ട്രീയത്തിൽ തമാശക്ക് സ്ഥാനമില്ലെന്ന് പഠിച്ചുവെന്നാണ് തരൂർ ഇപ്പോൾ പറയുന്നത്. ഏതായാലും 'ഹ്യൂമർ ഡെഫിഷ്യൻ്റ്' ആയ ഇന്ത്യൻ രാഷ്ട്രീയത്തിൽ (ന്യൂയോർക്ക് ടൈംസിന്റെ ഇന്ത്യൻ കറസ്‌പോണ്ടൻ്റായിരുന്ന ഹെതർ ടിമ്മൻസിന്റെ പ്രശസ്ത നിരീക്ഷണമാണല്ലോ അത്) ഒട്ടും തമാശ പറഞ്ഞുകൂടാ എന്ന് അദ്ദേഹം തിരിച്ചറിയുന്നത് ഇത് ആദ്യമല്ല. മുൻപും തമാശ പറഞ്ഞ് തരൂർ കുടുങ്ങിയിട്ടുണ്ട്. ഒഴിവുകഴിവുകൾ പലതും പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു അപ്പോഴെല്ലാം. 'കാറ്റിൽ ക്ലാസ്' പ്രയോഗമായിരുന്നു കൂട്ടത്തിൽ ഏറ്റവും മുന്തിയത്. ശരിക്കും അദ്ദേഹം അന്ന് പെട്ടുപോയിരുന്നു. എന്നിട്ടെന്ത്? അദ്ദേഹം വീണ്ടും പലതവണ പറഞ്ഞു, പലതവണ കുടുങ്ങി.
ഇങ്ങനെ വായവിട്ട വാക്കുമൂലം വിഷമത്തിലകപ്പെട്ട മറ്റൊരു പ്രമുഖ വ്യക്തിയാണ് ഇന്ത്യയുടെ സർവസൈന്യാധിപനായിരുന്ന സാം മനെക്ഷാ. വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. 1971ലെ ബംഗ്ലാദേശ് വിമോചനത്തിന്നു ചുക്കാൻപിടിച്ച സൈനിക മേധാവി എന്ന വീര പരിവേഷവുമായി വിരാജിക്കുന്ന കാലത്ത് അദ്ദേഹമൊരു വെളിപ്പെടുത്തൽ നടത്തി. ഇന്ത്യാ വിഭജനകാലത്ത് പാകിസ്താൻ പട്ടാളത്തിൽ ചേരാനുള്ള ഓഫറുണ്ടായിരുന്നു തനിക്ക് എന്ന്. പ്രസ്തുത ഓഫർ സ്വീകരിച്ചിരുന്നുവെങ്കിലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. '1971ലെ യുദ്ധത്തിന്റെ പരിണതി മറ്റൊന്നായേനെ'. ഈ വാക്കുകൾ അക്കാലത്തുണ്ടാക്കിയ പുകിലുകൾ കുറച്ചൊന്നുമല്ല. താൻ പറഞ്ഞ വെറുംതമാശ നാട്ടുകാർ ഉൾക്കൊണ്ടില്ല എന്നതിന്റെ പേരിൽ ഇന്ത്യയുടെ ചീഫ് ഓഫ് ആർമി സ്റ്റാഫായിരുന്ന ആ മനുഷ്യൻ ഒരുപാട് മനസ്താപപ്പെട്ടിരുന്നുവത്രേ പിന്നീട്. സൈനിക സംഘർഷങ്ങളെക്കുറിച്ചും രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും പ്രശസ്ത ഗ്രന്ഥങ്ങൾ രചിച്ച പി. ആർ ചാരി ഇതേപ്പറ്റി എഴുതിയിട്ടുണ്ട്. അതെ, ഹെതർ ടിമ്മൻസും ശശി തരൂരും പറഞ്ഞത് ശരിയാണ്. നർമബോധം നമ്മുടെ രാഷ്ട്രീയക്കാരുടെ ജനിതകത്തിൽ ഇല്ല.
എന്നാൽ, ഇപ്പറഞ്ഞതിനെയെല്ലാം നിരാകരിക്കുന്ന മട്ടിലുള്ള നർമബോധം പലപ്പോഴും രാഷ്ട്രീയക്കാരിൽ കാണാറുമുണ്ട്. നട്‌വർ സിങ്ങിനെയും മണിശങ്കർ അയ്യരെയും കഥാപാത്രങ്ങളാക്കി പറഞ്ഞുപോരുന്ന ഒരു തമാശയാണ് ഓർമവരുന്നത്. രണ്ടുപേരും ഡൽഹിയിലെ സെയിന്റ് സ്റ്റീഫൻസ് കോളജിലാണ് പഠിച്ചത്. കോളജിലെ സന്ദർശക പുസ്തകത്തിൽ നട്‌വർ സിങ് ഇപ്രകാരം കുറിച്ചിട്ടു. 'ഞാൻ ഇന്ന് ആയിത്തീർന്നിട്ടുള്ള എല്ലാറ്റിനും കാരണം ഈ കലാലയമാണ്'. അതിനു തൊട്ടുതാഴെ മണിശങ്കർ അയ്യർ എഴുതിയത് ഇങ്ങനെ. 'ശരി, പക്ഷേ അതിനു കോളജിനെ പഴിക്കുന്നതെന്തിന് ?' സംഗതി സംഭവിച്ചതുതന്നെയാണെന്ന് മണിശങ്കർ അയ്യർ വെളിപ്പെടുത്തിയതിനു ഞാൻ സാക്ഷി. അതിനാൽ രാഷ്ട്രീയരംഗത്ത് തമാശക്ക് സ്ഥാനമില്ലെന്ന് ശശി തരൂർ വിഷമിക്കേണ്ടതില്ല. നമ്മുടെ മുമ്പിൽത്തന്നെയില്ലേ ഒന്നാന്തരം മാതൃകകളായി ഇ.കെ നായനാരും സി.എച്ച് മുഹമ്മദ് കോയയും എം.പി വീരേന്ദ്രകുമാറുമെല്ലാം?
സംസ്കാരവും വിവാദങ്ങളും
ബുദ്ധിജീവികളെക്കൊണ്ട് എന്തുപ്രയോജനം എന്ന് ചോദിച്ചത് പ്രശസ്ത കഥാകൃത്ത് സക്കറിയയാണ്. പ്രയോജനമുണ്ട് കെട്ടോ. സാംസ്‌കാരികപ്രവർത്തനങ്ങളിൽ വിവാദങ്ങൾക്കാവശ്യമായ തീപ്പൊരികൾ കണ്ടെത്തുകയും അവ ഊതിക്കത്തിച്ച് തീയും ചൂടും സൃഷ്ടിക്കാൻ അവർ ഇല്ലെങ്കിൽ സാധിക്കുമായിരുന്നുവോ? ഉദാഹരണത്തിനു കോഴിക്കോട്ട് കുറച്ചുമുൻപ് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ കാര്യമെടുക്കുക. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നാണത്. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് സ്ഥാനം കണ്ടെത്താൻ ഏറെ സഹായക ആഘോഷം. ഈ സാധ്യത തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം കേരള സർക്കാർ കെ.എൽ.എഫിന് അകമഴിഞ്ഞ പിന്തുണ നൽകിയത്. കെ.എൽ.എഫിന്റെ വിജയത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടായിരിക്കണം കേരളത്തിൽ പല സ്ഥലങ്ങളിലും സാഹിത്യോത്സവങ്ങളുണ്ടാവുകയും ചെയ്തു. ചുരുക്കത്തിൽ എഴുത്തിനും പുസ്തകങ്ങൾക്കുമൊക്കെ നല്ലകാലം. സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കാൻ ആവേശപൂർവം ഇരമ്പിയെത്തുന്ന യുവതലമുറയെ കാണുമ്പോഴെങ്കിലും പുസ്തകം മരിക്കുന്നു എന്ന് പറയരുത്. മറ്റെവിടെ മരിച്ചാലും കേരളത്തിൽ പുസ്തകം മരിക്കുകയില്ല. ആളുകൾ പുസ്തകം വായിക്കുന്നുണ്ടോ എന്ന വിഷയം വേറെയൊന്ന്.അതായത് പുസ്തകത്തിന് കേരളത്തിൽ പുതുജീവൻ ലഭിച്ചിരിക്കുകയാണ്. അതിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ നല്ല പങ്കു വഹിച്ചിട്ടുമുണ്ട്. എന്നിട്ടും ഏതാനും കൊല്ലം കഴിഞ്ഞപ്പോഴേക്കും ഇത്തവണത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ വിവാദമായി.
കെ.എൽ.എഫിനെതിരായി പ്രധാനമായും എതിർപ്പ് ഉയർന്നുവന്നത് അതിനുവേണ്ടി സർക്കാർ ചെലവഴിക്കുന്ന പണത്തെച്ചൊല്ലിയാണ്. ഫെസ്റ്റിവൽ നടത്തുന്നത് സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനമാണ്. അവരുടെ പുസ്തകങ്ങളാണ് അവിടെ വിൽപന നടത്തുന്നത്. സർക്കാർ ധനസഹായത്തോടെ ഇങ്ങനെയൊരു ആഘോഷം നടക്കുന്നത് ശരിയല്ലെന്ന ചെറുകിട പ്രസാധകരുടെ പണ്ടേയുള്ള മുറുമുറുപ്പിന് തിടംവെക്കുകയായിരുന്നു ഇത്തവണ. ചില എഴുത്തുകാർ ഫെസ്റ്റിവലിനെതിരിൽ രംഗത്തുവന്നതോടെ അതിനു സാംസ്‌കാരിക മാനങ്ങൾ കൈവരികയും ചെയ്തു. പക്ഷേ രസം അതൊന്നുമല്ല. എഴുത്തുകാർ ഫെസ്റ്റിവലിന് എതിരായത് തങ്ങളെ ക്ഷണിച്ചില്ല എന്നതിന്റെ പേരിലാണ്. ഫെസ്റ്റിവലിന് ക്ഷണിച്ചില്ലെന്നതിന്റെ പേരിൽ സാഹിത്യ അക്കാദമി അംഗത്വംതന്നെ രാജിവച്ചുകളഞ്ഞു ഒരുകവി. കവിയുടെ ലോജിക് ഇങ്ങനെ; സർക്കാർ സഹായത്തോടെ നടത്തുന്ന ഫെസ്റ്റിവലിനു സർക്കാർവക സാഹിത്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിലൊരാളായ തന്നെ ക്ഷണിച്ചില്ലെങ്കിൽ താൻ പ്രസ്തുത സ്ഥാനത്തിരിക്കുന്നതിന് എന്തർഥം? ഈ ലോജിക്കിന്റെ പിന്നാലെപ്പോയി പലതും ചികഞ്ഞെടുത്തു അദ്ദേഹം. അവയിലെല്ലാം ഫെസ്റ്റിവലിന് ക്ഷണിക്കാത്തതിന്റെ നീരസത്തിന്റെ കയ്പ് ഊറിക്കിടപ്പുണ്ടായിരുന്നു. കുറച്ചുകൂടി വിചിത്ര ന്യായമാണ് കോഴിക്കോട്ടുള്ള ഒരു കഥാകാരൻ മുന്നോട്ടുവച്ചത്. തന്റെ തൊട്ടടുത്താണ് ഫെസ്റ്റിവൽ. പക്ഷേ തന്നെ ക്ഷണിച്ചില്ല. കഴിഞ്ഞ കൊല്ലം ക്ഷണിച്ചിരുന്നു. ഇക്കൊല്ലവും ക്ഷണിക്കേണ്ടതല്ലേ? ഇതൊക്കെ മനസ്സിലാക്കാം. ആകയാൽ ഫെസ്റ്റിവൽ ഒരു വരേണ്യവർഗ ജനവിരുദ്ധ അഭ്യാസമാണ്. സാംസ്‌കാരിക കേരളമേ എതിർക്കുക. അദ്ദേഹത്തിന്റെ ഈ നിലപാടാണ് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്.
പശു ചത്തു. എന്നിട്ടും മോരിന്റെ പുളി പോയിട്ടില്ലെന്ന് പറഞ്ഞതുപോലെ ഫെസ്റ്റിവലൊക്കെ കഴിഞ്ഞിട്ടും ഇത് പറയുന്നതിലെന്തു പുതുമ എന്ന് ചോദിക്കുന്നവരോട് മറുപടി ഇങ്ങനെ; നമ്മുടെ എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും നേരെ ചൊവ്വെ ഒരു വിവാദമുണ്ടാക്കാൻ പോലും അറിയില്ലെന്ന് വരുമ്പോൾ ഇതെങ്കിലും പറയാതെയെങ്ങനെ?
പേരിൽ പലതുമിരിക്കുന്നു
ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാറുണ്ട്. പഞ്ചസാരക്ക് കാന്താരിമുളക് എന്നു പേരിട്ടാലും അത് മധുരിക്കും. പക്ഷേ പേരിൽ പലതുമിരിക്കുന്നു എന്നാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാരും അതിനെ പിന്തുണയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയക്കാരും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിലെ മുഗൾ ടെൻ്റ് എന്ന വേദിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ചോമുവിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാംലാൽ ശർമ്മയും മറ്റൊരു ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയുമൊക്കെ ഒച്ചയുണ്ടാക്കിയത്. ഈ ഫെസ്റ്റിവലിൽ 2016 മുതൽ ഒരു വേദിക്ക് മുഗൾ ടെൻ്റ് എന്നാണ് പേര്. ഫ്രൻ്റ് ലോൺ, ചാർബാഗ്, ദർബാർ ഹാൾ, ബൈഠക്ക് എന്നിവ മറ്റു വേദികൾ. പക്ഷേ മുഗൾ ടെൻ്റ് എന്ന പേരു ബി.ജെ.പിക്കാർക്ക് സഹിക്കാനായില്ല. മുഗൾ എന്ന പേര് നീണ്ടുനീണ്ട് മുസ്‌ലിംകളിലേക്ക് ചെന്നെത്തുന്നതാണ് ആ പ്രശ്‌നമെന്ന് തിരിച്ചറിയാൻ പ്രയാസം ഒട്ടുമില്ലാത്തതിനാലാവണം ഫെസ്റ്റിവലിന്റെ സംഘാടകനായ സഞ്ജയ് കെ. റോയ് ഉറച്ച നിലപാടെടുത്തു. പേരു മാറ്റുന്ന പ്രശ്‌നമില്ല. രാജസ്ഥാൻ ഭരിക്കുന്നത് കോൺഗ്രസാകയാൽ വലിയ പ്രശ്‌നമില്ലാതെ ഫെസ്റ്റിവൽ കടന്നുപോയി. രാജസ്ഥാനിലല്ല യു.പിയിലോ എം.പിയിലോ ആയിരുന്നു ഇങ്ങനെയൊരാവശ്യം ഉയർന്നത് എന്ന് ഓർക്കുമ്പോഴാണ് സംഗതിയുടെ ഗൗരവം ബോധ്യപ്പെടുക.
മുഗൾ എന്ന പേരിന് പക്ഷേ രക്ഷകിട്ടിയെന്ന് ഇനിയും പറഞ്ഞുകൂടാ. രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ ഉദ്യാനമാണിപ്പോൾ ദേശീയതാ വികാരതരംഗത്തിൽപ്പെട്ട് അമൃത് ഉദ്യാനമായി വേഷം മാറിയെത്തുന്നത്. ഔദ്യോഗികമായി മുഗൾ ഗാർഡനെന്ന് ഈ പൂന്തോട്ടത്തിന് പേരില്ലെന്നത് നേരുതന്നെ. എങ്കിലും പതിനഞ്ചേക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന പൂന്തോട്ടം അറിയപ്പെടുന്നത് മുഗൾ ഗാർഡൻ എന്നാണ്. മുഗൾ ചക്രവർത്തിമാരുടെ ഭരണകാലത്തെ ഉദ്യാനങ്ങളെ അനുസ്മരിപ്പിക്കുന്നതിനാലായിരിക്കണം എഡ്വിൻ ലുട്വൻസിന്റെ ഈ നിർമിതിയെ ആളുകൾ മുഗളരുമായി ചേർത്തുപറഞ്ഞത്. മുഗൾ എന്ന പേരു പ്രസരിപ്പിക്കുന്ന സാംസ്‌കാരിക ഊർജത്തോടുള്ള അനിഷ്ടമാണ് പുതിയ പേരിടലിനു പിന്നിലുള്ളതെന്നു വ്യക്തം. കൊളോണിയൽ കാലത്തിന്റെ ബാക്കിപത്രമാണു പുതിയ പേരിട്ടതിലൂടെ ഇല്ലാതായതെന്ന വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ട്വീറ്റും മറ്റും ചുമ്മാ!
മുഗളരെ ഒരു കൊളോണിയൽ ഏച്ചുകെട്ടായി കാണുന്ന മനോനിലയെ കേവല പേരുമാറ്റപ്രക്രിയയിലേക്ക് ലഘൂകരിക്കുന്നതിൽ വലിയ ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. മുഗളമായ എല്ലാറ്റിനെയും മായ്ച്ചുകളയുന്നതിലൂടെ ഇന്ത്യയിൽ നാനാത്വത്തിൽ അധിഷ്ഠിത ഏകത്വം രൂപപ്പെടുത്തിയതിൽ പ്രമുഖ പങ്കുവഹിച്ച സംസ്‌കാരത്തെ പാടെ മായ്ച്ചുകളയുകയാണ് സർക്കാർ. നമ്മുടെ കലയ്ക്കും സംസ്‌കാരത്തിനും ഭക്ഷണരീതിക്കുമെല്ലാം മുഗളർ നൽകിയ സംഭാവനകളെ ഒരു പൂന്തോട്ടത്തിന്റെ പേരു മാറ്റത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമോ സർക്കാരിന്? നിഘണ്ടുവിൽ കയറിക്കൂടിയ, വലിപ്പത്തെയും ഗംഭീരതയെയും സൂചിപ്പിക്കുന്ന വാക്കുമാത്രമല്ല മുഗൾ എന്നത്. അത് ഇന്ത്യയെ ഇന്ത്യയാക്കിയ പ്രബല ഘടകത്തിന്റെ പ്രതീക സൂചനയായ സംജ്ഞയാണ്. അതൊക്കെ ആരുമനസ്സിലാക്കുന്നു?
അവശിഷ്ടം: ഇങ്ങനെ പോയാൽ വെണ്ടയ്ക്കാ, കയ്പക്കാ തുടങ്ങിയ പേരുകളിലെ ഇയ്ക്കാ എടുത്തുമാറ്റുമോ സർക്കാർ. അവയ്ക്ക് ഒരു മുസ്‌ലിം ചുവയുണ്ടല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."