കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹം; പുറത്താക്കണമെന്ന് കോണ്‍ഗ്രസിന് തോന്നുന്നത് ദൗര്‍ഭാഗ്യകരം: എം.വി ജയരാജന്‍
കൊച്ചി: എ.ഐ.സി.സി വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സി.പി.എം. സെമിനാറില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ കെ.വി തോമസിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസിന് തോന്നുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അങ്ങനെ പുറത്താക്കിയെങ്കില്‍ അത് ചരിത്രത്തിലാദ്യമാണെന്നും എം.വി ജയരാജന്‍ പ്രതികരിച്ചു.
സെക്യുലറിസത്തെ പറ്റി നടക്കുന്ന സെമിനാറില്‍ എങ്ങനെയാണ് നെഹറുവിന്റെ പാര്‍ട്ടിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
പാര്‍ട്ടിയിലേക്കല്ല തോമസ് വരുന്നത് സെമിനാറിലേക്കാണ്. ബി.ജെ.പി സര്‍ക്കാരിന്റെ ഭരണഘടനാ നയങ്ങളെ തുറന്നുകാട്ടുകയാണ്. ബി.ജെ.പിയുടെ ഫാസിസ്റ്റ് നിലപാടുകളെ എതിര്‍ക്കുന്നവരെയല്ല ഒറ്റപ്പെടുത്തേണ്ടത്. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് ഇറങ്ങിവന്നവരാരും വഴിയാധാരമായിട്ടില്ലെന്നും അദ്ദഹം പറഞ്ഞു.
കൊച്ചിയില്‍ സ്വവസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ് വ്യക്തമാക്കിയത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാന്‍ പോകുന്നതെന്നും സെമിനാറില്‍ പങ്കെടുത്ത് പറയാനുള്ളത് പറയുമെന്നും കെ.വി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."