തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വീടിന് നേരെ ബോംബെറിഞ്ഞു
തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചലില്‍ യുവാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. നിരവധി കേസില്‍ പ്രതിയായ അനീഷാണ് മലവിള സ്വദേശി കിരണിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്.
അനീഷ് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്ന വിവരം പൊലിസിനെ അറിയച്ചതാണ് കാരണം. ഇതിനെച്ചൊല്ലി കിരണും അനീഷും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബോംബെറിഞ്ഞത്. അനീഷിനെതിരെ ജില്ലയില്‍ പതിനഞ്ചോളം കേസുകളുണ്ട്. മയക്കുമരുന്ന് കേസിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
നഗരത്തില്‍ നിന്ന് മാറിയുള്ള മലയോര മേഖലയാണ് കുറ്റിച്ചല്‍. പ്രതികള്‍ വനമേഖലയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലിസ് നിഗമനം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ വൈകീട്ട് കഴക്കൂട്ടത്ത് ഗുണ്ടാസംഘത്തിന്റെ ബോംബേറില്‍ യുവാവിന്റെ കാല് തകര്‍ന്നിരുന്നു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലിസ് പിടികൂടിയിട്ടുണ്ട്. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (32), കുളത്തൂര്‍ സ്റ്റേഷന്‍ കടവ് സ്വദേശി അഖില്‍ വയസ് (21), വലിയവേളി സ്വദേശി രാഹുല്‍ ബനടിക്ട് (23) വെട്ടുകാട് ബാലനഗര്‍ സ്വദേശി ജോഷി (23) എന്നിവരെയാണ് പിടികൂടിയത്. ക്ലീറ്റസിനൊപ്പം നിന്ന സുഹൃത്ത് സുനിലിനെ ലക്ഷ്യമിട്ടാണ് ഗുണ്ടകള്‍ ബോംബെറിഞ്ഞതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."