രണ്ടാം ഡോസ് വാക്സിനില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; സ്വകാര്യ ആശുപത്രികളില്‍ അമിത ചാര്‍ജ് അനുവദിക്കില്ല
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ വ്യത്യസ്ത നിരക്കുകള്‍ കൊവിഡ് ചികിത്സയ്ക്കായി ഈടാക്കുന്നുണ്ടെന്നും ഇതനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് വിവിധ ജില്ലകളില്‍ സൗകര്യം പരിശോധിക്കുന്നുണ്ട്. 2300 മുതല്‍ 20000 രൂപ വരെ ഒരു ദിവസത്തെ ചികിത്സയ്ക്കായി ഈടാക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ഇതു ക്രമീകരിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ഇടപെടണം.
കൊവിഡ് അവസരമായി കണ്ട് അമിത ചാര്‍ജ്ജ് അപൂര്‍വ്വം ചിലര്‍ ഈടാക്കുന്നുവെന്നാണ് മനസിലാവുന്നത്. സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ നടത്തണം. എന്നാല്‍ ന്യായമായ നിരക്കാവണം ഈടാക്കേണ്ടത്. സംസ്ഥാന തലത്തില്‍ നിരക്കുകള്‍ ഏകോപിപ്പിക്കും. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ശനിയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഇതോടൊപ്പം ഏതെങ്കിലും ആശുപത്രിയില്‍ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം ആദ്യത്തെ ഡോസ് വാക്സിന്‍ എടുത്തുവര്‍ക്ക് രണ്ടാമത്തെ ഡോസ് കിട്ടാന്‍ തടസമുണ്ടാകുമോ എന്ന ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കിന് അതും കാരണമാണ്. ഇവിടെ ഭൂരിപക്ഷം പേര്‍ക്കും കൊവിഷീല്‍ഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ലെന്നും രണ്ടാമത്തെ ഡോസ് അത്രയും വൈകുന്നതാണ് നല്ലതെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."