ഒ. കുട്ടി മുസ്‌ലിയാര്‍: അറിവിന്റെ ആഴം തേടിയ പണ്ഡിത കാരണവര്‍
മലപ്പുറം: വിജ്ഞാന സമ്പാദനത്തിനും പ്രാചാരണത്തിനും ഒരായുസ് മുഴുക്കെ ചിലവഴിച്ച പണ്ഡിതകാരണവരായിരുന്നു ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍. സമുന്നതരായ മതപണ്ഡിതരില്‍ നിന്നും വിജ്ഞാനം നുകര്‍ന്ന കുട്ടി മുസ്‌ലിയാര്‍ സംസ്ഥാനനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളിദര്‍സുകളില്‍ അധ്യാപനം നിര്‍വഹിച്ചിട്ടുണ്ട്. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ സമുന്നത നേതൃനിരയില്‍ നിന്നും അറിവു നുകര്‍ന്നും സഹവസിച്ചും കര്‍മമേഖലയില്‍ നിലകൊണ്ട ഒ. കുട്ടി മുസ്‌ലിയാര്‍ പഴയകാല പ്രഭാഷണ വേദിയിലും സജീവമായിരുന്നു. മുതിര്‍ന്ന പണ്ഡിതവര്യരായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, അരിപ്ര മൊയ്തീന്‍ ഹാജി തുടങ്ങിയവരുടെ ശിഷ്യത്വം നേടിയ കുട്ടി മുസ്‌ലിയാര്‍ അധ്യാപനം ആരംഭിച്ച ശേഷവും ആഴങ്ങളിലേക്ക് താണ്ടി ജ്ഞാനം നുകര്‍ന്ന പണ്ഡിതപ്രതിഭയാണ്.
പാണക്കാട് സാദാത്ത് കുടുംബമായും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങി പ്രഗല്‍ഭ പണ്ഡിതരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വാഴയൂരില്‍ മുദരിസായി ജോലി ചെയ്ത ശേഷമാണ് കുട്ടി മുസ്‌ലിയാര്‍ ദയൂബന്തില്‍ പോവുന്നത്. ഖാസിമി ബിരുദധാരിയായ ശേഷം വീണ്ടും ഖാസി സ്ഥാനത്തും ദര്‍സ് മേഖലയിലും നിലകൊണ്ടു.
കണ്ണിയത്തുസ്താദിന്റെ നിര്‍ദേശപ്രകാരമാണ് ശിഷ്യനായ കുട്ടി മുസ്‌ലിയാര്‍ വാഴയൂര്‍ മുദരിസായത്. ഇതേസമയം തന്നെ കാലിക്കറ്റ് സര്‍വകാലശാലയുടെ അഫ്ദലുല്‍ ഉലമാ കോഴ്‌സിനു അപേക്ഷിച്ചു ബിരുദം നേടി. സുന്നീ പ്രാസ്ഥാനിക മേഖലയില്‍ നിന്നും അഫ്ദലുല്‍ ഉലമാ ബിരുദമേഖലയില്‍ കൊണ്ടോട്ടി കേന്ദ്രീകരിച്ച് മദ്ഹറുല്‍ ഉലൂം അറബിക് കോളജ് സ്ഥാപിച്ചു പ്രഥമ പ്രിന്‍സിപ്പലായിരുന്നു ഇദ്ദേഹം. സുന്നീ ആദര്‍ശ പ്രഭാഷണ രംഗത്ത് പഴയകാല നേതൃനിരയോടൊപ്പം നിലകൊണ്ടു. കെ.ടി മാനു മുസ്‌ലിയാര്‍, കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍, ഇബ്‌നു ഖുത്വുബി സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ സഹപാഠികളാണ്.
1957ലാണ് സമസ്തയുടെ സംഘടനാ രംഗത്ത് സജീവമാകുന്നത്. വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരും കെ.ടി മാനു മുസ്‌ലിയാരും കെ.കെ അബ്ദുല്ല മുസ്‌ലിയാരും കൂട്ടുചേര്‍ന്ന മലപ്പുറത്തെ കിഴക്കനേറനാട്ടില്‍ സുന്നീ ആദര്‍ശ പ്രചാരണത്തില്‍ പങ്കാളിയായിരുന്നു കുട്ടി മുസ്‌ലിയാര്‍. തെക്കന്‍ കേരളത്തിലും മലപ്പുറം, കോഴിക്കോട് ജില്ലകളിലും നിരവധി ദര്‍സുകളിലായി മതാധ്യപകനായി സേവനരംഗത്ത് നിറഞ്ഞു നിന്നു. 2009 മുതല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായി. ആഴത്തിലുള്ള പഠനവും അന്വേഷണവുമായി നിറഞ്ഞു നിന്ന കുട്ടി മുസ്‌ലിയാര്‍ പാണ്ഡിത്യത്തിലും പ്രബോധന രംഗത്തും തന്റെ പുത്രന്‍മാരെയും പെണ്‍മക്കളേയും പ്രാപ്തരാക്കുകയും ചെയ്തു. വിനയാന്വിത വ്യക്തിത്വവും സാത്വിക ജീവിതം നയിച്ചു വൈജ്ഞാനിക ജീവിതത്തില്‍ മാതൃക സൃഷ്ടിച്ചാണ് വിശുദ്ധി റമദാനിലെ വെള്ളിയാഴ്ച പണ്ഡിത കാരണവര്‍ മടക്കയാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."