'ഇനി ഞാന്‍ മദ്യപിച്ച് വാഹനം ഓടിക്കില്ല' പരിശോധനയില്‍ പിടിയിലായ ഡ്രൈവര്‍മാര്‍ക്ക് 1000 തവണ ഇംപോസിഷന്‍ നല്കി പൊലിസ്
തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ക്ക് 1000 ത്തിന്റെ പണി നല്കി പൊലിസ്. തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒമ്പത് മണിവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 16 ഡ്രൈവര്‍മാരാണ് പിടിയിലായത്. ഇവരെകൊണ്ട് 1000 തവണ ഇനി ഞാന്‍ മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് ഇംപോസിഷന്‍ എഴുതിച്ച ശേഷമാണ് ജാമ്യത്തില്‍ വിട്ടത്.
കരിങ്ങാച്ചിറ,വൈക്കം റോഡ് എന്നിവിടങ്ങളില്‍ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന. പിടിയിലായവരില്‍ നാല് പേര് സ്കൂള്‍ ബസ്സ് ഓടിച്ചവരും രണ്ടുപേര്‍ പേര് കെ.എസ്.ആര്.ടി.സി ബസ്സ് ഡ്രൈവര്‍മാരും 10 പേര് പ്രൈവറ്റ് ബസ്സ് ഓടിച്ച ഡ്രൈവര്‍മാരുമാണ്.
പിടിയിലായ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി കെ.എസ്.ആര്.ടി.സി അധികാരികള്‍ക്ക് അയക്കും. കൂടാതെ പിടിയിലായ ഡ്രൈവര്‍മാരുടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുന്നതിനും ഇവര്‍ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കും.
അതേസമയം, പ്രൈവറ്റ് ബസിലുണ്ടായിരുന്ന യാത്രക്കാരെ പൊലിസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ ബസ് സ്റ്റാന്റിലെത്തിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളെയും പൊലിസ് തന്നെയാണ് അതത് സ്കൂളുകളിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."