സി.പി.എം ശക്തിക്ഷയം; വീഴ്ച സമ്മതിച്ച് കേന്ദ്ര നേതൃത്വം
വി. അബ്ദുൽ മജീദ്
കണ്ണൂർ
സി.പി.എമ്മിന് സംഭവിച്ച ശക്തിക്ഷയത്തിൽ വീഴ്ച സമ്മതിച്ച് കേന്ദ്ര നേതൃത്വം. 23ാം പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
പശ്ചിമ ബംഗാളിലും ത്രിപുരയിലുമടക്കം വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ശക്തി ക്ഷയിച്ചതിന് കേന്ദ്ര നേതൃത്വം ഉത്തരവാദികളാണെന്ന് രാഷ്ട്രീയ പ്രമേയ ചർച്ചയിൽ വിർശനമുയർന്നിരുന്നു. കേരള ഘടകത്തിൽ നിന്നായിരുന്നു കൂടുതൽ വിമർശനം. ഇതിന് കാരാട്ട് ഇന്നലെ നൽകിയ മറുപടിയിൽ വീഴ്ച സമ്മതിച്ചു. ഈ കുറ്റസമ്മതമടക്കം ഉൾപ്പെടുത്തിയാണ് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്.
ഇന്ത്യൻ യാഥാർഥ്യങ്ങൾ മനസിലാക്കുന്നതിൽ കേന്ദ്ര നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മറുപടിയിൽ പറയുന്നു. തൊഴിലാളി-കർഷക ഐക്യത്തിലൂന്നിയതാണ് പാർട്ടിയുടെ അടിസ്ഥാന രാഷ്ട്രീയ കാഴ്ചപ്പാടെങ്കിലും കർഷക വിഷയങ്ങളിലെ ഇടപെടലിൽ പാർട്ടിക്ക് വീഴ്ചയുണ്ടായി. ഡൽഹിയിൽ നടന്ന കർഷകസമരത്തിൽ പാർട്ടിയുടെ കർഷക സംഘടന പങ്കെടുത്തെങ്കിലും നേതൃത്വപരമായ പങ്കുവഹിക്കാനായില്ല.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് മുതൽ ഈ പാർട്ടി കോൺഗ്രസ് വരെയുള്ള കാലയളവിൽ പാർട്ടിയുടെ അംഗസംഖ്യയിൽ വലിയ ഇടിവാണുണ്ടായത്. ഇതിനു പ്രധാന കാരണം കൊവിഡ് വ്യാപന കാലത്ത് ഫലപ്രദമായി പാർട്ടി പ്രവർത്തനം നടത്താനാവാതെ പോയതാണെന്നാണ് രാഷ്ട്രീയ പ്രമേയത്തിൽ കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ, വൻതോതിൽ കൊവിഡ് വ്യാപനമുണ്ടായ കേരളത്തിൽ ഈ കാലയളവിൽ പാർട്ടി നന്നായി പ്രവർത്തിച്ചെന്നും സംസ്ഥാനത്ത് പാർട്ടിയുടെ അംഗബലം ഗണ്യമായി വർധിച്ചെന്നും ചർച്ചയിൽ പങ്കെടുത്ത കേരള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അതും ചർച്ചയ്ക്കുള്ള മറുപടിയിൽ അംഗീകരിച്ചിട്ടുണ്ട്.രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ പാർട്ടിയിലേക്ക് കൂടുതൽ അംഗങ്ങളെ കൊണ്ടുവരുന്നതിൽ വീഴ്ച വന്നു. ദലിതർ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാനായില്ല. മധ്യവർഗത്തെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിലും വീഴ്ചയുണ്ടായി. ബി.ജെ.പി, തൃണമൂൽ കോൺഗ്രസ് അടക്കമുള്ളവർ പാർട്ടി പ്രവർത്തകർക്കു നേരെ നടത്തിയ ആക്രമണങ്ങളും ഇതിനു കാരണമായിട്ടുണ്ട്. ഇത്തരം തെറ്റുകൾ തിരുത്തി പാർട്ടിയെ കൂടിതൽ ശക്തിപ്പെടുത്തുന്ന തരത്തിൽ മുന്നോട്ടുപോകാൻ പുതിയ നേതൃത്വം തയാറാകണമെന്നും ചർച്ചയ്ക്കുള്ള മറുപടിയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."