കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാ സഹായവും ഉറപ്പു നല്‍കി യു.എസും; മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പെടെ ഉടന്‍ ലഭ്യമാക്കും
വാഷിംഗ്ടണ്‍ : അതിരൂക്ഷമായി പടരുന്ന കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തുന്ന എല്ലാ പ്രവൃത്തികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി യു.എസ്. മഹാമാരിയുടെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യ എങ്ങിനെയാണോ യു.എസിനെ സഹായിച്ചത് അപ്രകാരം തങ്ങള്‍ തിരിച്ചും സഹായിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. അവശ്യസമയത്ത് ഇന്ത്യയെ സഹായിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു-അദ്ദേഹം തന്റെ ട്വീറ്റില്‍ ആവര്‍ത്തിക്കുന്നു.
വൈസ് പ്രസിഡന്റ് കമല ഹാരിസും ഇക്കാര്യം ഉറപ്പു നല്‍കി. കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതോടൊപ്പം ധീരരായ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പെടെ ഇന്ത്യന്‍ ജനതക്കായി പ്രാര്‍ത്ഥിക്കുമെന്നും കമല ട്വീറ്റ് ചെയ്തു.
ഇതിനായി ഇന്ത്യന്‍ ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ , അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ അമേരിക്ക അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ കൊറോണ വ്യാപനം രൂക്ഷമായത് സങ്കടകരമായ വാര്‍ത്തയാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഇന്ത്യയോടൊപ്പമുണ്ടെന്നും ബ്ലിങ്കണ്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് രാജ്യത്തിന് കൂടുതല്‍ മെഡിക്കല്‍ സഹായം എത്തിക്കുന്നുണ്ടെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവശ്യസാധനങ്ങളും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായപ്പോള്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ജനപ്രതിനിധികള്‍,യുഎസ് സമൂഹത്തിലെ പ്രമുഖ ഇന്ത്യന്‍ വംശജര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഇന്ത്യയ്ക്ക് സഹായമെത്തിക്കണമെന്ന ആവശ്യവുമായി ബൈഡന്‍ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇന്ത്യയിലേക്ക് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍, കൊറോണ പ്രതിരോധ വാക്‌സിന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കണമെന്ന ആവശ്യവുമാണ് ഇവര്‍ ഉന്നയിച്ചത്.
കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ യുഎസ് ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ അമേരിക്ക ഇതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയിലെ വാക്‌സിന്‍ ക്ഷാമം രൂക്ഷമാക്കി.
യുഎസിന്റെ വാക്‌സിന്‍ സംഭരണത്തില്‍ നിന്ന് ഇന്ത്യക്കും മറ്റ് വാക്‌സിന്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്കും നല്‍കണമെന്ന് പ്രമുഖ ഡെമോക്രാറ്റംഗം എഡ് മാര്‍ക്കി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ സഹായമെത്തിക്കുമെന്ന് ബൈഡന്റെ വക്താവായ ജെന്‍ സാക്കി വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വാക്‌സിന്‍ കയറ്റുമതിയോ വാക്‌സിന്‍ നിര്‍മാണത്തിനാവസ്യമായ അസംസ്‌കൃതവസ്തുക്കളുടെ കയറ്റുമതി സംബന്ധിച്ചോ സാക്കി പ്രതികരിച്ചിരുന്നില്ല.
ഇന്ത്യയിലെ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ജര്‍മ്മനിയും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളും ഇന്ത്യക്കുള്ള സഹായം ഉറപ്പാക്കിയിട്ടുണ്ട്. സഊദി അറേബ്യയും ഖത്തറും ഇന്ത്യക്ക് ഓക്‌സിജന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."