വാളെടുത്ത് കെ.പി.സി.സി അച്ചടക്ക സമിതി, നേതാക്കളെയും പാർട്ടിയേയും അപകീർത്തിപ്പെടുത്തിയാൽ മുഖം നോക്കാതെ നടപടി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ഇനി കോൺഗ്രസിനെയോ നേതാക്കളെയോ അപകീർത്തിപ്പെടുത്തുന്ന പാർട്ടി പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കെ.പി.സി.സിയുടെ അച്ചടക്ക സമിതി . സാമൂഹ്യമാധ്യമങ്ങൾ നേതാക്കളെയും പാർട്ടിയേയും അപകീർത്തിപ്പെടുത്തുന്നവർക്കെതിരേ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കാനാണ് കെ.പി.സി.സി ആസ്ഥാനത്ത് ഇന്നലെ ചേർന്ന അച്ചടക്ക സമിതിയുടെ തീരുമാനം. വർധിച്ച് വരുന്ന ഇത്തരം നടപടികളെ ആശങ്കയോടെയാണ് കാണുന്നതെന്ന് വിലയിരുത്തിയ സമിതി ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിന്റെയും യശസും അന്തസും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തവും കടമയുമാണ്. എന്നാൽ ചിലരെങ്കിലും വികാരവിക്ഷോഭത്തിന് വിധേയമായി ബഹുജനശ്രദ്ധക്കായി സാമൂഹ്യമാധ്യങ്ങളിലൂടെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിവരുന്നു. ഇത്തരം പ്രവണത ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പരാതികൾ പറയുവാനും പരിഹാരം കണ്ടെത്താനുമുള്ള നിശ്ചിതമായ പാർട്ടി ഫോറങ്ങളിൽ വിഷയം ഉന്നയിക്കാതെ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചാരണം നടത്തി ആരോപണമുന്നയിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സമിതി വിലയിരുത്തിയതായി തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിക്കുള്ളിൽ പറയേണ്ട വിഷയങ്ങൾ വ്യവസ്ഥാപിതമായ മാർഗത്തിലുടെ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. അതിന് ശ്രമിക്കാതെ കോൺഗ്രസ് വിരോധികൾക്ക് ആയുധം നൽകുന്ന ചിലരുടെ നടപടി കർശനമായി തടയും.
മാധ്യമങ്ങൾ വഴി വ്യക്തിവിരോധം തീർക്കുന്നതിനും നേതൃത്വത്തെ അപമാനിക്കുന്നതിനും ആരെങ്കിലും ശ്രമിച്ചാൽ പാർട്ടി അച്ചടക്ക ലംഘനമായി കണക്കാക്കും. നേതൃത്വത്തിനെതിരേ ദുഷ്പ്രചരണം നടത്തുന്ന കേന്ദ്രം ഏതാണെന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി അത്തരക്കാർക്കെതിരേ കടുത്ത അച്ചടക്ക നടപടി സമിതി സ്വീകരിക്കും. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് കൂടുതൽ ഐക്യത്തോടെയും പരസ്പരവിശ്വാസത്തോടെയും മുന്നോട്ട് പോകുന്നതിന് വേണ്ടിയാണ് കർശനമായ നടപടി സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. അച്ചടക്ക സമിതി അംഗങ്ങളായ എൻ. അഴകേശൻ, ഡോ.ആരീഫ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."