ദരിദ്രര്‍ക്ക് വാക്‌സിന്‍ സ്വപ്നമാകുന്ന കാലം വിദൂരമല്ല
പതിനെട്ടു വയസു മുതല്‍ 45 വരെയുള്ളവര്‍ ഇനി പണം കൊടുത്തു വേണം കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍. മെയ് ഒന്നു മുതല്‍ യുവാക്കള്‍ക്ക് കൊടുത്തു തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വാക്‌സിനുകള്‍ക്ക് ഇതിനകം തന്നെ മരുന്നു കമ്പനികള്‍ വിലയിട്ടുകഴിഞ്ഞു. എല്ലാം വിറ്റുകൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകൂടം മഹാമാരിയെയും കച്ചവടക്കണ്ണുകളോടെ കണ്ടതിന്റെ പരിണിത ഫലം അനുഭവിക്കാന്‍ പോകുന്നത് രാജ്യത്തെ യുവാക്കളാണ്.
150 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വാങ്ങുന്ന വാക്‌സിന്‍ ഒരു ഡോസിനു നാട്ടിലെ ചെറുപ്പക്കാര്‍ ആയിരത്തിലധികം രൂപ സ്വകാര്യ ആശുപത്രിയില്‍ ഒടുക്കേണ്ട ദുരവസ്ഥയാണ് വരാന്‍പോകുന്നത്. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് വില്‍ക്കുന്ന വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും വില്‍ക്കുന്ന കാര്യം മരുന്നു കമ്പനികള്‍ ഭരണകൂടവുമായി ആലോചിച്ചെടുത്തതാവണം. ഇന്ത്യയുടെ ആര്‍ജിത സ്വത്തുക്കള്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കാന്‍ വില നിശ്ചയിക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ച ഭരണകൂടത്തിന് കമ്പനികളുടെ വാക്‌സിന്‍ വില നിശ്ചയിക്കുന്നതില്‍ വലിയ പ്രയാസമുണ്ടാവില്ല.
600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസ് മരുന്ന് കമ്പനി നല്‍കുമ്പോള്‍ അവരത് പലവിധ സര്‍വിസ് ചാര്‍ജുകള്‍ ചുമത്തി ആയിരവും ചിലപ്പോള്‍ അതിലധികവും യുവാക്കളില്‍നിന്ന് ഈടാക്കും. 18 മുതല്‍ 45 വയസു വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി വാക്‌സിന്‍ കിട്ടുന്ന കവാടങ്ങള്‍ മുന്‍കൂട്ടി കേന്ദ്ര സര്‍ക്കാര്‍ അടച്ചത് കൊവിഡില്‍ വ്യാപാര സാധ്യത കണ്ടതിനാലാണ്. എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ 18 മുതല്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി തന്നെ മരുന്നു ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത് അവിടെയുള്ളവര്‍ക്ക് ആശ്വാസം പകരുന്നതാണ്. പുതുക്കിയ നയമനുസരിച്ച് സ്വകാര്യ ആശുപത്രികള്‍ മരുന്നു കമ്പനികളില്‍ നിന്ന് നേരിട്ടാണ് മരുന്നു വാങ്ങേണ്ടത്. ഈ വാങ്ങലുകളില്‍ സ്വാഭാവികമായും മത്സരമുണ്ടാകും. മരുന്നു കമ്പനികള്‍ അവസരം മുതലെടുത്ത് ഒരു ഡോസ് മരുന്നിന് 600 രൂപയിലധികം വില വര്‍ധിപ്പിച്ചേക്കാം. സ്വകാര്യ ആശുപത്രികള്‍ മരുന്നു കമ്പനികളില്‍നിന്ന് വര്‍ധിച്ച നിരക്കിലുള്ള വില കൊടുത്ത് വാക്‌സിന്‍ വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. അവരത് കൂടിയ വിലയ്ക്ക് 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് വിറ്റുകൊണ്ടിരിക്കുമെന്നതിനും സംശയമുണ്ടാകേണ്ട കാര്യമില്ല.
കൊവിഡിനെ കേന്ദ്ര സര്‍ക്കാര്‍ വില്‍പന വസ്തുവാക്കിയതിനാല്‍ മെഡിക്കല്‍ എത്തിക്‌സിന്റെ അസ്വസ്ഥതകളൊന്നും സ്വകാര്യ ആശുപത്രി ഉടമകളെയും ഉടമസ്ഥതയില്‍ പങ്കാളികളായ ഡോക്ടര്‍മാരെയും ബാധിക്കുകയുമില്ല. ഈ മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ തടിച്ചുകൊഴുക്കാന്‍ പോകുന്നത് മരുന്നു കമ്പനികളും സ്വകാര്യ ആശുപത്രി ഉടമകളുമായിരിക്കും. മരുന്നു കമ്പനി 150 രൂപയ്ക്ക് വാക്‌സിന്‍ ഒരു ഡോസ് കേന്ദ്ര സര്‍ക്കാരിന് നല്‍കുമ്പോള്‍ തന്നെ അവര്‍ക്ക് ചെറിയ ലാഭം കിട്ടുന്നുണ്ട്. അപ്പോള്‍ 400 രൂപയ്ക്കും 600 രൂപയ്ക്കും പുറത്തേയ്ക്ക് വില്‍ക്കുമ്പോള്‍ അവരുടെ ലാഭം എത്ര മടങ്ങായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളുടെയും ഉടമസ്ഥതയില്‍ അവിടുത്തെ ഡോക്ടര്‍മാരും പങ്കാളികളായതിനാല്‍ കച്ചവട തര്‍ക്കങ്ങളും ഉണ്ടാകില്ല. കച്ചവടത്തില്‍ തഴക്കം വന്ന കേന്ദ്ര ഭരണകൂടത്തിന് മരുന്നു കമ്പനികളെയും സ്വകാര്യ ആശുപത്രികളെയും ഒരേസമയം തടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദിക്കാം.
വാക്‌സിന്‍ വിപണനരംഗത്ത് മരുന്നു കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുമ്പോള്‍ സ്വാഭാവികമായും മരുന്നിനു ക്ഷാമം അനുഭവപ്പെടും. അപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ മരുന്നു കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കി വാക്‌സിനുകള്‍ വാങ്ങിക്കൂട്ടും. കൈയില്‍ നിന്നു പണം മുടക്കാതെ മരുന്നു കമ്പനികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന മുന്‍കൂര്‍ പണം കൊണ്ട് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന ഒരു കാലം വരികയാണെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.
കൊവിഡ് വാക്‌സിനേഷന്‍ ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ 'ജന്‍ ആന്തോളന്‍ കൊവിഡ് 19 വാക്‌സിനേഷന്‍' പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ ജനതയ്ക്ക് ശാസ്ത്രീയമായി വിജയിപ്പിച്ച സുരക്ഷിതമായ വാക്‌സിന്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി തുല്യനീതി ഉറപ്പാക്കിക്കൊണ്ടുള്ള വിതരണ സമ്പ്രദായമായിരിക്കും വാക്‌സിന്റെ കാര്യത്തില്‍ കൈക്കൊള്ളുക എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നിട്ടിപ്പോള്‍ 18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ തുല്യനീതിയില്‍ നിന്ന് പുറത്തായിരിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യ 84 രാജ്യങ്ങളിലേക്കായി 65 ദശലക്ഷം ഡോസ് വാക്‌സിന്‍ കയറ്റി അയച്ചതും. വാക്‌സിന്‍ സംഭരണത്തില്‍ ഇതുവരെ തുടര്‍ന്നുവന്ന നയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മെയ് ഒന്നു മുതല്‍ കാതലായ മാറ്റം വരുത്താന്‍ പോകുന്നത്.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു സന്ദര്‍ഭമാണിത്. ഒരു ഡോസ് വാക്‌സിന് 400 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ കോടികളുടെ ബാധ്യതയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ചുമക്കേണ്ടിവരിക. മരുന്നു കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ അന്‍പത് ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്നാണ് മറ്റൊരു വ്യവസ്ഥ. ഈ അന്‍പത് ശതമാനം രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പകരം പുറം നാടുകളിലേക്ക് വില്‍പനയ്ക്കായി കയറ്റി അയച്ചുകൂടായ്കയില്ല. ഇപ്പോള്‍ത്തന്നെ സംസ്ഥാനം ആവശ്യപ്പെടുന്നതിന്റെ പത്ത് ശതമാനം വാക്‌സിന്‍ മാത്രമാണ് ലഭ്യമാകുന്നത്.
മുതലാളിത്ത രാജ്യമായ അമേരിക്ക പോലും അവരുടെ പൗരന്മാര്‍ക്ക് സൗജന്യമായി മരുന്നു നല്‍കുമ്പോഴാണ് ഇന്ത്യയില്‍ വാക്‌സിന്‍, വില്‍പന ചരക്കാക്കി മാറ്റിയിരിക്കുന്നത്. പരിഷ്‌കരിച്ച കൊവിഡ് വാക്‌സിന്‍ നയം നടപ്പിലാകുമ്പോള്‍ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് വാക്‌സിന്‍ കിട്ടാക്കനിയാകുവാന്‍ ഏറെ താമസം ഉണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."