പ്രണയവിവാഹ വിവാദം; തലയൂരാൻ സി.പി.എം ശ്രമം, നാക്കുപിഴയെന്ന് ജില്ലാ സെക്രട്ടറി, മലക്കംമറിഞ്ഞ് ജോർജ് എം. തോമസ്
കോഴിക്കോട്
ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ പ്രണയവിവാഹത്തിനെതിരേ മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം. തോമസ് നടത്തിയ പരാമർശം വിവാദമായതോടെ ഇതിൽനിന്ന് തലയൂരാൻ സി.പി.എം ശ്രമം.
ഇതര മതസ്ഥയെ വിവാഹം ചെയ്ത പാർട്ടി നേതാവിനെ തള്ളിപ്പറഞ്ഞ ജോർജ് എം. തോമസിന്റെ പ്രസ്താവനയിൽ ചില പിശകുകൾ പറ്റിയിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. അത് നാക്കുപിഴവായി കണ്ടാൽ മതി. ഇക്കാര്യം അദ്ദേഹവും പാർട്ടിയോട് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ചൊവ്വാഴ്ച നടത്തിയ പരാമർശത്തിൽ തെറ്റുപറ്റിയെന്ന് ജോർജ് എം. തോമസും വ്യക്തമാക്കി. വ്യത്യസ്ത മതങ്ങളിൽപ്പെട്ട പ്രായപൂർത്തിയായവർ വിവാഹം ചെയ്യുന്നതിൽ അസ്വാഭാവികത കാണുന്നില്ലെന്ന് പി. മോഹനൻ സൂചിപ്പിച്ചു. ലൗ ജിഹാദ് ആരോപണം ആർ.എസ്.എസ് ഉയർത്തുന്നതാണെന്നും കോടഞ്ചേരിയിലെ വിവാഹത്തിൽ ലൗ ജിഹാദില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാഹക്കാര്യം പാർട്ടിയോട് ആലോചിച്ചിട്ടില്ലെന്ന ജോർജ് എം. തോമസിന്റെ നിലപാട് ജില്ലാ സെക്രട്ടറിയും ആവർത്തിച്ചു. ഇരുവരും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതു നിയമവ്യവസ്ഥ അനുവദിക്കുന്നതാണ്. കുടുംബങ്ങളോട് ആലോചിച്ചു വേണമായിരുന്നു വിവാഹം. പെൺകുട്ടിയുമായി ഒളിച്ചുപോയത് ഉചിതമായില്ല. ചില സംഘടനകളുടെ ഇടപെടലാണ് വിവാദം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജോർജ് എം. തോമസ് നടത്തിയ പരാമർശങ്ങളിൽ ചില പിശകുകൾ പറ്റിയതായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും വിലയിരുത്തി.കോടഞ്ചേരി സംഭവത്തിൽ ലൗ ജിഹാദില്ലെന്നും ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടതെന്നും ജോർജ് എം. തോമസ് പറഞ്ഞു. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാർട്ടി സെക്രട്ടറിയെ അപ്പോൾത്തന്നെ അറിയിച്ചു. ഇ.എം.എസിനു പോലും നാക്കുപിഴ പറ്റിയിട്ടുണ്ടെന്നും ജോർജ് എം. തോമസ് സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."