ജില്ലയില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം താഴോട്ട് എങ്ങിനെ കുടിക്കും...?
കാസര്‍കോട്: ജില്ലയില്‍ കിണറുകളില്‍ നിന്നു ലഭിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം കുത്തനെ കുറയുന്നു. ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് നടത്തിയ പരിശോധനയിലാണു കുടിവെള്ളത്തിന്റെ ഗുണനിലവാരം ഘട്ടംഘട്ടമായി കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നടത്തുന്ന പരിശോധന ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ മേയില്‍ നടത്തിയപ്പോള്‍ കുടിവെള്ളത്തില്‍ ഇരുമ്പയിരിന്റെ അംശം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ പരിശോധനയിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഘട്ടംഘട്ടമായി കുറഞ്ഞു വരികയാണെന്നാണ് കണ്ടെത്തല്‍. ഇത് ആശങ്കാജനകമാണെന്നു ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് വ്യക്തമാക്കുന്നു.
കുടിവെള്ള സ്രോതസുകളും പരിസരവും മലിനപ്പെടുന്നതാണു കുടിവെള്ളത്തിന്റെ ഗുണനിലവാരം കുറയുന്നതിനു കാരണമാകുന്നതെന്നാണു വിലയിരുത്തല്‍.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്ന കുടിവെള്ളമാണ് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് കോഴിക്കോടെ റീജ്യണല്‍ ലാബില്‍ നിന്നു പരിശോധിക്കുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരം അതിവേഗം കുറഞ്ഞുവരുന്ന പ്രവണത കാണിക്കുന്നത് കാസര്‍കോടാണെന്നാണ് റീജ്യണല്‍ ലാബില്‍ നിന്നുള്ള വിവരം.
ജില്ലയില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം കുറയുന്ന കാര്യത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ ഗുണനിലവാരം കുത്തനെ കുറയുന്നതിനൊപ്പം തന്നെ ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴോട്ടു പോകുന്ന പ്രവണതയുമുണ്ട്. പല സ്ഥലങ്ങളിലും കടുത്ത വരള്‍ച്ച നേരിടുന്ന കാലത്തു മൂന്നു മീറ്റര്‍ വരെ ജലനിരപ്പ് താഴോട്ടു പോയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ബേഡഡുക്ക പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ മൂന്നു മീറ്റര്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴോട്ടു പോയതായി കണ്ടെത്തിയിരുന്നു. അതേസമയം കനത്ത മഴക്കാലത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഉയരുന്ന സ്ഥിതി വിശേഷം അപൂര്‍വമായി മാത്രമാണ് സംഭവിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴുന്നത് ഭാവിയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കാര്‍ഷിക മേഖലയിലടക്കം വലിയ പ്രതിസന്ധികള്‍ക്കു വഴിവെക്കുമെന്നും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."