ആശങ്കയുണ്ടാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍
ഇന്ത്യയിൽ ഓരോ ദിവസം കഴിയുന്തോറും മുസ് ലിംകൾക്ക് നേരെയുള്ള അക്രമങ്ങൾ പെരുകുകയാണ്. അവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും സർക്കാർ മേൽനോട്ടത്തിൽ ഇടിച്ചുനിരപ്പാക്കുന്നു. കച്ചവട സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് തകർക്കുകയോ, കൊള്ളയടിക്കുകയോ ചെയ്യുന്നു. അവരുടെ ആരാധനാലയങ്ങൾക്ക് മുകളിൽ കയറി ജയ് ശ്രീറാം വിളിക്കുന്നു. കാവിക്കൊടി നാട്ടുന്നു. ജെ.എൻ.യുവിലെ മെസിൽ അക്രമം അഴിച്ചുവിടുന്നു. ഹരിദ്വാറിന് പിന്നാലെ ഡൽഹിയിലും, ഷിംലയിലും മുസ് ലിം വംശീയാക്രമണങ്ങൾക്ക് ആഹ്വാനങ്ങൾ നടത്തുന്നു. ഈയൊരു പശ്ചാത്തലത്തിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞതിന് ഏറെ പ്രസക്തിയുണ്ട്.
ജോ ബൈഡൻ സർക്കാരും ഇന്ത്യയിലെ മുസ് ലിം ന്യൂനപക്ഷങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന ആരോപണം ബൈഡന്റെ പാർട്ടിയിൽ നിന്നും ഉയർന്നുവന്നതാണ്. ഈയൊരു പശ്ചാത്തലത്തിലാണ് പ്രസിഡൻ്റ് ജോ ബൈഡനെ നിശിതമായി വിമർശിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഇൽഹാൻ ഉമർ രംഗത്ത് വന്നത്. മോദി ഭരണകൂടം ന്യൂനപക്ഷത്തിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന നടപടികളിൽ പ്രതികരിക്കാൻ ബൈഡൻ ഭരണകൂടം മടിക്കുന്നതെന്തുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞാഴ്ച ഇൽഹാൻ ഉമർ ചോദിച്ചത്. പൗരത്വ ബിൽ, ഹിജാബ് നിയമം എന്നീ വിഷയങ്ങൾ ഉയർത്തിക്കാണിച്ചായിരുന്നു ജോ ബൈഡൻ ഭരണകൂടത്തെ അദ്ദേഹം വിമർശിച്ചത്. സ്വന്തം പാർട്ടിയിലെ ഒരു നേതാവ് തന്റെ സർക്കാരിന്റെ നടപടികളെ പരസ്യമായി വിമർശിച്ചതിനെത്തുടർന്നാണ് യു.എസ് വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ യു.എസ് നിരീക്ഷിച്ചു വരികയാണെന്ന് മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞത്. ഇന്ത്യ-യു.എസ് മന്ത്രിതല ചർച്ചയ്ക്ക് ശേഷം നടന്ന മാധ്യമ സമ്മേളനത്തിൽ, ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന. പിന്നാലെ യു.എസ് മനുഷ്യാവകാശ വാർഷിക റിപ്പോർട്ടും പുറത്തുവരികയുണ്ടായി. ഇതിൽ ഇന്ത്യയെ പരാമർശിക്കുന്ന ഭാഗവും പ്രാധാന്യത്തോടെ ചേർത്തിട്ടുണ്ട്.
പ്രധാനമായും പറയുന്നത് ഇന്ത്യയിലെ മുസ് ലിംകളും, ദലിതുകളും വർഗീയ കലാപങ്ങൾക്കും വിവേചനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്നു എന്നാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് കൊണ്ടുള്ളതാണ് പല നടപടികളും. കസ്റ്റഡി കൊലപാതകങ്ങൾ, ഏകപക്ഷീയമായ അറസ്റ്റുകൾ, ജയിലിലെ മോശം പെരുമാറ്റങ്ങൾ, പൗരാവകാശവും, അഭിപ്രായ സ്വാതന്ത്ര്യവും വ്യാപകമായി തടയുന്നത് എന്നീ കാര്യങ്ങൾ റിപ്പോർട്ടിൽ എടുത്ത് പറയുന്നു. പൊതുസ്ഥലങ്ങളിൽ മുസ് ലിംകളെ ബലപ്രയോഗത്തിലൂടെ ജയ് ശ്രീറാം വിളിപ്പിക്കുന്നതും, പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം മുസ്‌ലിംകളെ തല്ലിക്കൊല്ലുന്നതും, ക്ഷേത്രത്തിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിൽ ഗാസിയാബാദിൽ പതിനാലുകാരനായ മുസ്‌ലിം ബാലനെ കൊന്ന സംഭവവും മുസ് ലിംകൾക്കെതിരായ മോദി ഭരണകൂടത്തിന്റെ ചെയ്തികളായി യു.എസ് വിദേശകാര്യ സെക്രട്ടറി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു. മൂന്നേ മുക്കാൽ ലക്ഷം പേർ വിചാരണ കാത്ത് ഇന്ത്യൻ തടവറകളിൽ കഴിയുന്നു. ദലിതർക്ക് നേരെയുള്ള ആക്രമണങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. 2020ൽ അരലക്ഷത്തിലധികം ദലിതുകൾക്ക് നേരെയാണ് ആക്രമണങ്ങൾ ഉണ്ടായത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതേതര രാഷ്ട്രമെന്ന ഖ്യാതി നേടിയ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അമേരിക്കൻ മനുഷ്യാവകാശ വാർഷിക റിപ്പോർട്ടിൽ പറയുക എന്നത് നമ്മുടെ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. വൈവിധ്യമാർന്ന സംസ്കാരം കൊണ്ട് സമ്പന്നമായ രാജ്യത്തെ മറ്റു ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ തലയുയർത്തി നിൽക്കാൻ ത്രാണി നൽകുന്നത് നാനാത്വത്തിലെ ഏകത്വമെന്ന മഹനീയമായ പൈതൃകമാണ്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും മത സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഭരണകൂട സഹായത്തോടെ അവ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 2016ലെ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ടിലും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്.
1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ദേശീയ തലത്തിലും, സംസ്ഥാന തലങ്ങളിലും മനുഷ്യാവകാശ കമ്മിഷനുകൾ രൂപീകൃതമായിട്ടുണ്ട്. ജീവിതത്തിലെ പല കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് മനുഷ്യാവകാശം എന്നതിനാൽ വ്യക്തിസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, തുല്യതയും മനുഷ്യാവകാശങ്ങളിൽ അധിഷ്ഠിതമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ അവകാശങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെടുന്നതിനാൽ വളരെ വിപുലമായ അർഥമാണ് മനുഷ്യാവകാശങ്ങൾക്കുള്ളത്. ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപരിധിയിൽ വരുന്നതാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അതിനാൽ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ യു.എസ് മനുഷ്യാവകാശ വാർഷിക റിപ്പോർട്ടിൽ വരുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. പരാമർശവിധേയമാകുന്നതിൽ അസഹ്യത പ്രകടിപ്പിക്കേണ്ടതുമില്ല. മനുഷ്യാവകാശങ്ങൾ ഇന്ത്യയിലെ മുസ് ലിം-ദലിത് ന്യൂനപക്ഷങ്ങൾക്ക് പരസ്യമായി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്.
ലോകത്തെങ്ങുമുള്ള മനുഷ്യർക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് മനുഷ്യാവകാശ നിയമങ്ങളിൽ അടിവരയിട്ട് പറയുന്നുണ്ട്. അതിനാലാണ് ഇത് ലംഘിക്കുന്നവർക്കെതിരേ നടപടികളെടുക്കാനായി സിവിൽ കോടതികളുടെ അധികാരം മനുഷ്യാവകാശ കമ്മിഷനുകൾക്ക് നൽകിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏത് ഓഫിസിലും കയറി പരിശോധിക്കാനും, രേഖകൾ പിടിച്ചെടുക്കാനും നിയമപരമായ അധികാരം കമ്മിഷനുകൾക്കുണ്ട്. പരാതികളില്ലാതെ തന്നെ സ്വമേധയാ കേസെടുക്കാനുള്ള അധികാരവും കമ്മിഷനുകളിൽ നിക്ഷിപ്തമാക്കിയത് ലോകം മനുഷ്യാവകാശത്തിന് നൽകുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
വോട്ട് ബാങ്ക് ലക്ഷ്യംവച്ച് മനുഷരെ ഭിന്നിപ്പിക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും പിന്മാറണം. കോടതികൾ നിരാകരിച്ച ലൗ ജിഹാദ് സംസ്ഥാനത്തുണ്ടെന്ന് പറഞ്ഞ സി.പി.എം നേതാവ് രണ്ട് മതസ്ഥരുടെ മനുഷ്യാവകാശത്തിലാണ് കൈവച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രയോഗിക്കുന്ന ഇത്തരം വാക്കുകളും പ്രവർത്തികളും രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താനല്ല ഉപകരിക്കുക. യു.എസ് മനുഷ്യാവകാശ വാർഷിക റിപ്പോർട്ടിന്റെ അന്തഃസത്ത ഉൾക്കൊണ്ട് പരസ്പര സഹവർത്തിത്വവും സഹകരണവും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."