'വായ മൂടിക്കെട്ടല്‍': കൊവിഡ് തടയാനുള്ള അവസാന അടവ്
ഗുജറാത്തിലും ഡല്‍ഹിയിലും ശ്മശാനങ്ങളില്‍ രാപ്പകല്‍ ഭേദമില്ലാതെ കത്തിക്കൊണ്ടിരിക്കുന്ന ചിതയുടെയും വരിവരിയായി കിടത്തിയിരിക്കുന്ന മൃതദേഹങ്ങളുടെയും ചിത്രങ്ങള്‍ നമ്മള്‍ കണ്ടത് ഏതെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നല്ല, മറിച്ച്, റോയിട്ടേഴ്‌സ്, ഫോക്‌സ് ന്യൂസ് ഉള്‍പ്പെടെയുള്ള വിദേശമാധ്യമങ്ങളുടെ കാമറമാന്മാരിലൂടെയാണ്. വിദേശമാധ്യമങ്ങള്‍ക്കൊപ്പം നവസാമൂഹികമാധ്യമങ്ങളും കൊവിഡ് സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ പുറത്തുവിട്ടു. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ദിനേനയെന്നോണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഔദ്യോഗിക കണക്കുകളാവുന്നുള്ളൂവെന്ന് നമ്മളറിഞ്ഞതും സാമൂഹികമാധ്യമങ്ങളിലൂടെയാണ്. അങ്ങനെയാണ് കൊവിഡിനെ പ്രതിരോധിച്ചില്ലെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനെ തടയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിച്ചത്.
ഇന്ത്യയിലെ കൊവിഡിന്റെ ഭീകരാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു റോയിട്ടേഴ്‌സിന്റെ ദാനിഷ് സിദ്ദീഖി പകര്‍ത്തിയ ശ്മശാനങ്ങളിലെ കൂട്ടസംസ്‌കാരങ്ങളുടെ ചിത്രങ്ങള്‍. വൈകാതെ ശ്മശാനങ്ങളില്‍ അധികൃതരല്ലാത്തവര്‍ക്ക് പ്രവേശനാനുമതി വിലക്കി. പിന്നാലെ അവിടെനിന്നുള്ള ചിത്രങ്ങള്‍ എടുക്കുന്നിനും വിലക്കുണ്ടായി. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ചിത്രം പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തില്‍ നിന്ന് ദേശീയമാധ്യമങ്ങളുടെ പത്രാധിപന്‍മാര്‍ക്ക് സന്ദേശം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൊവിഡ് സംബന്ധിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കുറിപ്പുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ടി മന്ത്രാലയം ട്വിറ്ററിന് കത്തയക്കുകയും ചെയ്തു. നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എം.പി, ബംഗാള്‍ മന്ത്രി, ചലച്ചിത്ര പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കംചെയ്തു. നീക്കംചെയ്യപ്പെട്ടവയാവട്ടെ ഓക്‌സിജന്‍ ദൗര്‍ലഭ്യം, വീഴ്ചകള്‍ സംബന്ധിച്ചുള്ള കുറിപ്പുകള്‍ തുടങ്ങിയ ട്വീറ്റുകളാണ്
സി.എ.എ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പ്രഖ്യാപിച്ച പോലെ, ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ടെന്ന് പറയുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന ഭീഷണിയുമായി ഇതിനിടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തുവരികയുണ്ടായി. യു.പിയില്‍ കൊവിഡ് വ്യാപനം അതിഭീകരമാണെങ്കിലും അതുസംബന്ധിച്ച യഥാര്‍ഥ കണക്കുകളല്ല പുറത്തുവരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗി ആദിത്യനാഥിന്റെ ഭീഷണി. കൊവിഡിനെ പിടിച്ചുകെട്ടാനായില്ലെങ്കിലും സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കുകയെന്ന അവസാന അടവ് പയറ്റുകയാണ് ഇപ്പോള്‍ ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്.
വിദേശമാധ്യമങ്ങള്‍ കണ്ട കൊവിഡ്
ഒരുഡസനോളം വിദേശമാധ്യമങ്ങളാണ് ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതിയത്. നരേന്ദ്ര മോദിയുടെ വീഴ്ചകളോരോന്നായി ചൂണ്ടിക്കാണിക്കുന്ന ദി ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയവയിലെ മുഖപ്രസംഗങ്ങള്‍ വായിച്ചാല്‍ ഇന്ത്യന്‍ മാധ്യമങ്ങളെക്കാള്‍ വിദേശമാധ്യമങ്ങള്‍ രാജ്യത്തെ കൊവിഡ് സാഹചര്യം സൂക്ഷ്മമായി അവലോകനംചെയ്യുന്നുവെന്ന് വ്യക്തമാണ്. ഇന്ത്യയിലെ കൊവിഡിനെക്കുറിച്ചുള്ള യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന വിമര്‍ശനങ്ങളും രാജ്യാന്തര മാധ്യമങ്ങള്‍ നടത്തി.
മരണസംഖ്യ പതിനായിരം കവിയുമെന്ന് മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളോട് സാക്ഷ്യപ്പെടുത്തിയതായി ടൈം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ നരകമാവുകയാണെന്ന് ഗാര്‍ഡിയനും മുഖപ്രസംഗം എഴുതി. ആദ്യഘട്ട വ്യാപനത്തിന് ശമനമുണ്ടായതിന് പിന്നാലെ ജനങ്ങളെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലേക്ക് ക്ഷണിച്ചതും കുംഭ മേള സംഘടിപ്പിച്ചതും അഞ്ചിടത്ത് തെരഞ്ഞെടുപ്പ് നടത്തിയതും പ്രതിരോധത്തിനായി യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതിരുന്നതാണ് ഇന്ത്യയിലെ വര്‍ത്തമാനകാല അവസ്ഥയ്ക്ക് കാരണമായതെന്ന് ബി.ബി.സിയും എഴുതി. മാസ്‌ക് പോയിട്ട് വസ്ത്രം പോലും ശരിയായി ധരിക്കാതെ കൂട്ടംകൂടി ഗംഗാനദിയില്‍ നില്‍ക്കുന്ന സന്ന്യാസിമാരുടെ ചിത്രസഹിതമാണ് എന്തുകൊണ്ട് ഇന്ത്യയില്‍ കൊവിഡ് വ്യാപിക്കാനിടയാക്കിയതെന്ന റിപ്പോര്‍ട്ട് എ.ബി.സി ന്യൂസ് പ്രസിദ്ധീകരിച്ചത്.
ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം കൊവിഡ് മരണം സംബന്ധിച്ച കണക്ക് പൂഴ്ത്തിവയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ശ്മശാനത്തിലെ ഉദാഹരണമായി ഇക്കാര്യം ടൈം തന്നെ റിപ്പോര്‍ട്ട്‌ചെയ്യുന്നു. 94 മൃതദേഹങ്ങള്‍ കൊവിഡ് മാനദണ്ഡം പാലിച്ചു സംസ്‌കരിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് മൂന്നുപേര്‍ മാത്രം മരിച്ചുവെന്നാണ്.
വീഴ്ച വരുത്തിവച്ച ദുരന്തം
ഇന്ത്യയിലെ ഇപ്പോഴത്തെ രണ്ടാംഘട്ട വ്യാപനത്തിന്റെ തീവ്രതയുടെ തോത് കുറയ്ക്കാമായിരുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ആദ്യഘട്ട വ്യാപനം ഉണ്ടായപ്പോള്‍ രാജ്യം അടച്ചിടുകയാണ് ചെയ്തത്. ഈ വര്‍ഷം മാര്‍ച്ചില്‍ രണ്ടാംഘട്ട വ്യാപനം തുടങ്ങുമ്പോള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ഫലം അഭിമാനപ്രശ്‌നമായി കണ്ട് നരേന്ദ്ര മോദിയും അമിത് ഷായും തുടര്‍ച്ചയായ ദിവസങ്ങളില്‍ ബംഗാളില്‍ തങ്ങി. പ്രതിദിന കൊവിഡ് മൂന്നുലക്ഷം കവിഞ്ഞപ്പോള്‍ മാത്രമാണ് അമിത് ഷാ ബംഗാളിലെ പ്രചാരണം മതിയാക്കി ഗുജറാത്തിലേക്ക് മടങ്ങിയത്.
ഇന്ത്യയിലെ ഭീകരമായ അവസ്ഥകള്‍ രാജ്യാന്തരമാധ്യമങ്ങളിലൂടെ വന്നപ്പോഴാണ് നരേന്ദ്ര മോദി പ്രചാരണം അവസാനിപ്പിച്ചത്. അപ്പോഴേക്കും പ്രതിദിന കേസുകള്‍ രണ്ടരലക്ഷം ആയിരുന്നു. കേന്ദ്രസര്‍ക്കാരിന് സമ്പൂര്‍ണമായി വഴങ്ങിയ തെരഞ്ഞെടുപ്പ് കമ്മിഷനോട്, വൈകിയവേളയിലെങ്കിലും അവസാനഘട്ട വോട്ടെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കമ്മിഷന്‍ അതു തള്ളുകയായിരുന്നു. രാജ്യതലസ്ഥാനത്തുള്‍പ്പെടെ ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍, കൊല്‍ക്കത്തയില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന അമിത്ഷാ തന്റെ മുന്‍പിലുള്ള പതിനായിരക്കണക്കിന് ആള്‍ക്കൂട്ടത്തെ ചൂണ്ടി അഭിമാനം കൊള്ളുകയായിരുന്നു. കൊല്‍ക്കത്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടമാണിതെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന സമയത്ത് തന്നെ, ഇന്ത്യയുടെ ഓക്‌സിജന്‍ കയറ്റുമതി 700 ശതമാനം വര്‍ധിച്ചെന്ന വിവരാവകാശ രേഖയും പുറത്തുവന്നു. ലോകത്തെ വലിയ ഓക്‌സിജന്‍ ധാതാക്കളാണ് തങ്ങളെന്ന് അവകാശവാദം ഉന്നയിക്കല്‍ മാത്രമായിരുന്നു മോദിയുടെ ലക്ഷ്യം. ഒപ്പം വിദേശത്തേക്ക് വാക്‌സിനും റെംഡിസിവര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധമരുന്നുകളും കയറ്റുമതിചെയ്ത്, ലോകത്തെ മരുന്നുനിര്‍മാണത്തിന്റെ തലസ്ഥാനമാണ് ഇന്ത്യയെന്ന് മോദി പ്രഖ്യാപിക്കുകയും ചെയ്തു. വാക്‌സിന്‍ ദൗര്‍ലഭ്യംമൂലം വിവിധ സംസ്ഥാനങ്ങളില്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ ഓരോന്നായി അടച്ചുപൂട്ടിക്കൊണ്ടിരുന്നു. വാക്‌സിന് വേണ്ടിയുള്ള മുറവിളി, കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്കും നയിച്ചു. ഇതിനിടെ രണ്ടാംഘട്ട വ്യാപനത്തിന് ശേഷം ആദ്യമായി കഴിഞ്ഞയാഴ്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. സംസ്ഥാനങ്ങളെ ഉത്തരവാദിത്വം ഓര്‍മിപ്പിച്ച് 'ധന്യവാദ്' പറയുകയാണ് മോദി ചെയ്തത്.
സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തും, ധാരാളം ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും എന്നിവയുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഒരിക്കലും ബി.ജെ.പിയുടെ അജന്‍ഡയായിരുന്നില്ല. യൂറോപ്പില്‍ ആഞ്ഞടിച്ചതുപോലൊരു രണ്ടാംതരംഗം ഇന്ത്യയിലും ഉണ്ടാവുമെന്നും അത് യൂറോപ്പിന്റെ അത്ര മെഡിക്കല്‍ സംവിധാനമില്ലാത്ത ഇന്ത്യയെ കാര്‍ന്നുതിന്നുമെന്നും കഴിഞ്ഞവര്‍ഷം മധ്യത്തോടെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. മതിയായ ഓക്‌സിജന്‍ ആവശ്യമാണെന്ന് ഇതുസംബന്ധിച്ച പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. അതായത്, നേരിടാനും മുന്നൊരുക്കങ്ങള്‍ക്കും വേണ്ടുവോളം സമയം ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ അവസരം നഷ്ടപ്പെടുത്തിയിട്ട് പൗരന്‍മാരെ മരണത്തിന് വിടുകയായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ പക്ഷേ ഈ പൊള്ളുന്ന യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചുപിടിച്ചു. ദി വെയര്‍, സ്‌ക്രോള്‍, പ്രിന്റ് ഉള്‍പ്പെടെയുള്ള സമാന്തര പോര്‍ട്ടലുകളാണ് ഈ യാഥാര്‍ഥ്യത്തിലേക്ക് എത്തിനോക്കുകയെങ്കിലും ചെയ്തത്.
എന്നാല്‍, എങ്ങനെയെങ്കിലും ബംഗാള്‍ പിടിക്കുക, ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കുക എന്നിവയില്‍ ഒതുങ്ങി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മുന്‍ഗണനാവിഷയങ്ങള്‍. ഒന്നാം കൊവിഡ് വ്യാപനത്തിനിടെ തിരക്കുപിടിച്ചാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങ് മോദിയും യോഗി ആദിത്യനാഥും നടത്തിയത്. രാജ്യത്ത് ഭീകരമായി കൊവിഡ് വ്യാപിക്കുമ്പോഴും മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. മോദി ബംഗാളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിമാരുടെയും ആരോഗ്യവിദഗ്ധരുടെയും മരുന്ന് നിര്‍മാതാക്കളുടെയും ഉള്‍പ്പെടെ യോഗം വിളിച്ചുകൂട്ടി കൊവിഡ് വ്യാപനം തടയാന്‍ നടപടി സ്വീകരിച്ചു തുടങ്ങിയത്. അപ്പോഴേക്കും ബ്രസീലിനെ പിന്തള്ളി ലോകത്ത് ഏറ്റവും കേസുകള്‍ റിപ്പോര്‍ട്ട്‌ചെയ്ത രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു.
ആദ്യവ്യാപനം അതിന്റെ തീവ്രതയില്‍ നില്‍ക്കുമ്പോള്‍ അമിത് ഷാ പറഞ്ഞത്, ഈ കൊവിഡ് ഒന്ന് അടങ്ങട്ടെ എന്നിട്ട് വേണം എന്‍.ആര്‍.സി കൊണ്ടുവരാന്‍ എന്നായിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിലും അമിത് ഷാ അതു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. കാരണം, ബി.ജെ.പിയുടെ അജന്‍ഡകളില്‍ രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സ്ഥാനമില്ലെന്നും ഹിന്ദുത്വആശയങ്ങള്‍ നടപ്പാക്കുന്നതിനപ്പുറം അവര്‍ക്ക് കാഴ്ചപ്പാടില്ലെന്നും പാര്‍ട്ടി തന്നെ പൗരന്‍മാരെ ബോധ്യപ്പെടുത്തികൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."