പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ ചുട്ടു കൊന്ന കേസിലെ മൂന്നു പ്രതികൾ ഹരിയാന പൊലിസിന്റെ ചാരൻമാർ; ചോർത്തി നൽകുന്നത് പശുക്കടത്ത് വിവരങ്ങൾ
ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ ചുട്ടു കൊന്ന കേസിൽ രാജസ്ഥാൻ പൊലിസ് പ്രതിചേർത്തവരിൽ മൂന്നു പേർ ഹരിയാന പൊലിസിന്റെ ചാരൻമാരെന്ന് റിപ്പോർട്ട്. റിങ്കു സൈനി, ലോകേഷ് സിഗഌ ശ്രീകാന്ത് എന്നിവരാണ് ചാരൻമാരെന്ന് തങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നുഹിലെ ഫിറോസ്പൂർ ജിർക്ക, നാഗിന പോലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രജിസ്റ്റർ ചെയ്ത നാല് എഫ്‌ഐആറുകളിലെങ്കിലും ഇവർ വിവര ദാതാക്കളായി വർത്തിച്ചിട്ടുണ്ട്.
ജുനൈദിനേയും നാസിറിനേയും തട്ടിക്കൊണ്ട് പോവുന്നതിന് മുമ്പ് ഫെബ്രുവരി 14നാണ് ഇവർ നൽകിയ വിവരത്തിലുള്ള അവസാന എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. ഫിറോസാബാദിലെ ജിർക്ക സ്‌റ്റേഷനിലാണ് ഇത് രജിസ്റ്റർ ചെയ്തത്.
കന്നുകാലി കടത്ത് നടത്തുന്ന അഞ്ച് പേർ രാജസ്ഥാനിലേക്ക് പിക്കപ്പ് ട്രക്കിൽ പോകുന്നുവെന്ന് റിങ്കുവും സംഘവും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നുഹിന്റെ അഗോൺ ഗ്രാമത്തിന് സമീപം ഒരു പൊലിസ് സംഘം നിലയുറപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു. കന്നുകാലികളെ, ബാരിക്കേഡുകൾ ഉപയോഗിച്ച് പിടികൂടാനായിരുന്നു ഇത്. പതിനഞ്ച് മിനുട്ടിന് ശേഷം റിങ്കു അടയാളം കാണിച്ചതിന്റെ അടിസ്ഥാനത്തിൽ പിക്കപ്പ് വാൻ തടഞ്ഞു. പൊലിസിനെ കണ്ട് വാൻ തിരിക്കാൻ ശ്രമിച്ചെങ്കിലും ട്രാഫിക് കാരണം കഴിഞ്ഞില്ല- എഫ്.ഐ.ആറിൽ പറയുന്നു. ഡ്രൈവറും കൂടെയുണ്ടായിരുന്ന നാലു പേരും ഓടി രക്ഷപ്പെട്ടു. എഫ്.ഐ.ആർ വിശദമാക്കുന്നു.
ജനുവരി 23ന് റിങ്കു നൽകിയ വിവരങ്ങളുടെ അടിസ്ഥാത്തിൽ ഹരിയാന പൊലിസ് ഖേര ഗ്രാമത്തിൽ പരിശോധന നടത്തിയിരുന്നു. ജനുവരി 19നും ജനുവരി ഒന്നിനുമാണ് റിങ്കുവും സംഘവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മറ്റ് രണ്ട് 'ഗോ രക്ഷാ' നീക്കങ്ങൾ ഹരിയാന പൊലിസ് നടത്തിയത്.
യുവാക്കളുടെ കൊലപാതകത്തിൽ ഹരിയാന പൊലിസിന്റെ മൗനാനുവാദം വെളിപെടുത്തുന്നതാണ് വിവരങ്ങൾ. രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്‌റംഗദൾ പ്രവർത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. മർദനമേറ്റ് അവശരായ യുവാക്കളെ പൊലിസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്.
അതിനിടെ കേസിൽ ഹരിയാന ജിർക്ക പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനൈദിനെയും നസീറിനെയും പൊലിസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയും യുവാക്കളെ പൊലിസ് മർദ്ദിച്ചുവെന്ന കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കും. എ.എസ്.പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
എല്ലാ പ്രതികളെയും പിടികൂടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് പൊലിസ് പറയുന്നത്. ഇതിൽ ഒരാളെ മാത്രമാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."