അര്‍ഹതയുണ്ടെങ്കില്‍ കിട്ടിയിരിക്കും
മാരണപ്രയോഗം നടത്തുന്ന സിദ്ധന്റെ അടുക്കല്‍ ചെന്ന് അയാള്‍ പറഞ്ഞു:
''ലോകത്ത് ഒരു ഭര്‍ത്താവിനും തന്റെ ഭാര്യയില്‍നിന്നു കിട്ടാത്ത സ്‌നേഹമാണ് എനിക്ക് എന്റെ പങ്കാളിയില്‍നിന്നു ലഭിക്കേണ്ടത്. അതിനാവശ്യമായതു താങ്കള്‍ ചെയ്തുതരണം!''
സിദ്ധന്‍ ആദ്യം ഒന്നും പറഞ്ഞില്ല. അല്‍പനേരം ചിന്തയിലാണ്ടു. എന്നിട്ടു ചോദിച്ചു: ''താങ്കള്‍ ആവശ്യപ്പെട്ടത് എളുപ്പം സാധിക്കുന്ന സംഗതിയല്ല. വലിയ ത്യാഗം വേണം. അതു സഹിക്കാന്‍ തയാറാണോ?''
അയാള്‍ പറഞ്ഞു: ''താങ്കള്‍ ആവശ്യപ്പെടുന്ന എന്തിനും ഒരുക്കമാണ്.''
''എങ്കില്‍ താങ്കള്‍ ചെന്ന് ഒരു സിംഹരോമം കൊണ്ടുവരണം. അത് സിംഹത്തിന്റെ പിരടിയില്‍നിന്നെടുത്തതാവുകയും വേണം!''
''ഹൊ! അതെങ്ങനെ സാധിക്കും? സിംഹം ഒരു ഹിംസ്രജന്തുവല്ലേ. കടിച്ചുകീറുകയില്ലേ.'' അയാള്‍ ആശങ്കയറിയിച്ചു.
''പറഞ്ഞിട്ടെന്തു ചെയ്യും? നീ ആവശ്യപ്പെട്ടതു നടക്കാന്‍ അതേ മാര്‍ഗമുള്ളൂ.''- സിദ്ധന്‍ കൈമലര്‍ത്തി.
സിംഹരോമം കിട്ടാന്‍ വഴിയാലോചിച്ച് അയാള്‍ നടന്നു. പലരുമായും കൂടിയാലോചന നടത്തി. കൂട്ടത്തില്‍ ആരോ പറഞ്ഞു: ''വിശക്കുമ്പോഴാണ് സിംഹം അക്രമാസക്തമാവുക. വയറു നിറയെ ഉണ്ണാന്‍ കൊടുത്താന്‍ താനേ ഇണങ്ങും.''
അയാള്‍ അതൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കാട്ടില്‍ സിംഹത്തെ തേടിയലഞ്ഞു. കുറെ കാത്തിരുന്നപ്പോഴതാ ഒരു സിംഹം. അതിനെ കണ്ടതും അയാള്‍ തന്റെ കൈയിലുണ്ടായിരുന്ന ഇറച്ചിപ്പൊതി അതിനു മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. സിംഹം ഓടിവന്ന് സന്തോഷത്തോടെ അത് അകത്താക്കി. രണ്ടാം ദിവസവും അയാള്‍ കൃത്യസമയത്തു സ്ഥലത്തെത്തി. സിംഹവും സമയം തെറ്റിച്ചില്ല. സ്വാദിഷ്ടമായ മാംസാഹാരം കഴിച്ച് അതു തിരിച്ചുപോയി. മൂന്നാം ദിവസവും നാലാം ദിവസവും ഇതുതന്നെ ആവര്‍ത്തിച്ചു. പതിയെ പതിയെ സിംഹവും അയാളും ഇഷ്ടത്തിലായി. ഓരോ തവണയും സിംഹത്തിലേക്ക് അയാള്‍ കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ തമ്മില്‍ ശാരീരികമായും മാനസികമായും അടുത്തു. അങ്ങനെയിരിക്കെ അന്നാദ്യമായി അയാള്‍ സധൈര്യം സിംഹത്തെ തൊട്ടു. അരുമയോടെ തലോടി. സിംഹം ഒന്നും ചെയ്തില്ല. എന്തും ചെയ്‌തോളൂ എന്ന മട്ടില്‍ അയാള്‍ക്കു മുന്നില്‍ കിടന്നുകൊടുത്തു. അവസരം മുതലെടുത്ത് അയാള്‍ അതിന്റെ പിരടിയില്‍നിന്ന് ഒരു രോമം നുള്ളി.
നിധി കിട്ടിയ സന്തോഷത്തോടെ അയാള്‍ അതുമായി സിദ്ധന്റെ അടുക്കല്‍ ചെന്നു. സിദ്ധന്‍ ചോദിച്ചു: ''ഈ രോമം കിട്ടാന്‍ നീ എന്തു വേലയാണൊപ്പിച്ചത്?''
അയാള്‍ നടന്നതെല്ലാം വിശദീകരിച്ചു. വയറു നിറച്ചുണ്ണാന്‍ കൊടുത്തത്. അനിഷ്ടകരമായതൊന്നും സംഭവിക്കാതിരിക്കാന്‍ ബദ്ധശ്രദ്ധ ചെലുത്തിയത്. സ്‌നേഹം വാരിക്കോരി നല്‍കിയത്. തലോടിയത്. മെരുക്കിയെടുക്കാന്‍ ക്ഷമ കാണിച്ചത്. എല്ലാമെല്ലാം.
സിദ്ധന്‍ ചിരി വിടര്‍ത്തി പറഞ്ഞു: ''നിന്റെ പങ്കാളി സിംഹത്തെക്കാള്‍ വലിയ ഹിംസ്രസ്വഭാവിയല്ല. അവളുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ ഒരു ഹിംസ്രജന്തുവിനെ മെരുക്കിയെടുക്കാന്‍ കാണിച്ച വേലകളും സഹിച്ച ത്യാഗങ്ങളും തന്നെ ധാരാളം. ക്ഷമ കാണിക്കുക. അനിഷ്ടകരമായതില്‍ നിന്നു വിട്ടുനില്‍ക്കുക. സ്‌നേഹം വാരിക്കോരി നല്‍കുക. മെരുക്കിയാല്‍ മെരുങ്ങാത്തതായി ഒന്നുമില്ല.''
പണം കൊടുത്തു വാങ്ങാവുന്നതോ ബലംപ്രയോഗിച്ചു പിടിച്ചെടുക്കാവുന്നതോ കൈ നീട്ടി യാചിച്ചു നേടാവുന്നതോ അല്ല, സ്‌നേഹം. മുള്ളെടുക്കാന്‍ മുള്ളെന്ന പോലെയാണതിന്റെ സ്ഥിതി. ചോദിച്ചല്ല, സ്‌നേഹിച്ചാണതു വാങ്ങേണ്ടത്. പങ്കാളിയുടെ സ്‌നേഹമില്ലായ്മക്കു പരിഹാരം തേടി സിദ്ധന്മാരെ സമീപിക്കുംമുന്‍പ് സ്‌നേഹഭാജനമാകാന്‍ താന്‍ യോഗ്യനാണോ എന്ന പരിശോധന ആദ്യം നടത്തണം. മക്കളുടെ അനുസരണരാഹിത്യത്തില്‍ ആധിപൂണ്ട് മനോരോഗവിദഗ്ധനെ സമീപിക്കുന്നതില്‍ തെറ്റില്ല. അതിനു മുമ്പ് താന്‍ അനുസരിക്കപ്പെടാന്‍ യോഗ്യനാണോ എന്നു പരിശോധിക്കാന്‍ മറക്കരുത്. വിദ്യാര്‍ഥികളില്‍നിന്നു ബഹുമാനം ലഭിക്കുന്നില്ലെന്നു പരാതിപ്പെടാം. അതിനു മുമ്പ് താന്‍ ബഹുമാനാര്‍ഹനാണോ എന്നു നോക്കണം. ജനങ്ങളില്‍നിന്നു വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന സങ്കടം പങ്കുവയ്ക്കാം. അതിനു മുമ്പ്, പരിഗണനാര്‍ഹനാകാന്‍ തന്നിലടങ്ങിയിരിക്കുന്ന ഗുണങ്ങളെന്തൊക്കെയാണെന്ന കണക്കെടുപ്പു നടത്തണം.
സ്‌നേഹം, ബഹുമാനം, അച്ചടക്കം, പരിഗണന തുടങ്ങിയവ വിലയിടാന്‍ കഴിയാത്ത മൂല്യങ്ങളാണ്. അതിനാല്‍ അത്ര എളുപ്പത്തില്‍ പിടിച്ചുപറ്റാവുന്നതുമല്ല അവയൊന്നും. വിലപ്പെട്ടതൊന്നും അധ്വാനമില്ലാതെ ലഭ്യമാകുന്നതല്ലല്ലോ. ആദ്യം അര്‍ഹത നേടണം. അര്‍ഹതയുണ്ടെങ്കില്‍ വേണ്ടതെല്ലാം തേടിപ്പോകാതെതന്നെ തേടിയെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."