രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടരുത്; കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്ന് കോണ്‍ഗ്രസിനോട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജീകരിക്കാനുള്ള നിര്‍ദേശങ്ങളിലാണ് കിഷോറിന്റെ ആവശ്യം.
ഓരോ സംസ്ഥാനത്തും ഏതെല്ലാം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന കാര്യവും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. എന്നാല്‍ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി സഖ്യം വേണം.
പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ പഠിക്കുന്നതിന് കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കെ.സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാല, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സമിതിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രശാന്ത് കിഷോറിനോട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹം തീരുമാനം കൈക്കൊണ്ടിട്ടില്ല.
മുന്‍പ് പ്രശാന്ത് കിഷോറിന്റെ ഇടപെടലില്‍ മേഘാലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയതോടെ കോണ്‍ഗ്രസും പ്രശാന്തും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. എന്നാല്‍ ഗുജറാത്തിലെ പുതിയ നീക്കങ്ങളുടെ ഭാഗമായാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലെത്താനുള്ള സാധ്യതകള്‍ ശക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."