കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ഇന്നുണ്ടായേക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ശമ്പളം ലഭിക്കാതെ വിഷുവും ഈസ്റ്ററും ആഘോഷിക്കേണ്ടി വന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആശ്വാസവാർത്തയെത്തി.
ശമ്പള വിതരണം ഇന്നുണ്ടായേക്കുമെന്ന് മാനേജ്മെൻ്റ് വൃത്തങ്ങൾ അറിയിച്ചു. സർക്കാർ അനുവദിച്ച 30 കോടിക്കു പുറമേ 50 കോടിയോളം രൂപ ബാങ്കിൽ നിന്ന് ഓവർഡ്രാഫ്റ്റ് എടുക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. സർക്കാർ അനുവദിച്ച 30 കോടി ഇന്ന് രാവിലെ കെ.എസ്ആർ.ടി.സിയുടെ അക്കൗണ്ടിലേക്കെത്തുമെന്നാണ് കരുതുന്നത്.ഓവർഡ്രാഫ്റ്റിനുള്ള നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ ശമ്പള വിതരണം തുടങ്ങി നാളെയോടെ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ബുധനാഴ്ചയോടെ മാത്രമേ ശമ്പള വിതരണം തുടങ്ങാൻ കഴിയൂവെന്നായിരുന്നു കെ.എസ്.ആർ.ടി.സി നേരത്തേ അറിയിച്ചിരുന്നത്. അതേസമയം ശമ്പളവിതരണം തുടങ്ങിയാലും ജീവനക്കാരുടെ സംഘടനകൾ സമരം അവസാനിപ്പിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ശമ്പളപ്രതിസന്ധിയിൽ താൽക്കാലിക പരിഹാരം ആയെങ്കിലും എല്ലാ മാസവും ഇത് ആവർത്തിക്കില്ലേയെന്ന ചോദ്യം ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്ന നിലപാട് സംഘടനകളും സ്വീകരിച്ചാൽ സമരം പെട്ടെന്ന് അവസാനിക്കാൻ സാധ്യതയില്ല.അതിനിടെ ശമ്പളപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്‌ക്കെതിരേയും ഇടതു യൂനിയൻ രംഗത്തെത്തി. വിഷയത്തിൽ ആരും പരാതി പറഞ്ഞിട്ടില്ലെന്നു മന്ത്രി പറയുന്നതു തെറ്റിദ്ധരിപ്പിക്കാനെന്നു കെ.എസ.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ഓർഗനൈസിങ് സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു. മന്ത്രിയുമായി നേരത്തേ ബന്ധപ്പെട്ടിരുന്നുവെന്നും പരാതി പറഞ്ഞിട്ടേ ഇടപെടൂവെന്നതു ശരിയായ നിലപാടല്ലെന്നും സന്തോഷ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."