രേഖകളെല്ലാം കൈയ്യിലില്ലേ?; രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കും; നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാജ രേഖകള്‍ വഴി എടുത്ത സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. പരിശോധനയില്‍ 21 ലക്ഷം സിം കാര്‍ഡുകള്‍ വ്യാജ രേഖകള്‍ വെച്ചാണ് എടുത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ പരിശോധന നടത്താന്‍ കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിച്ച് വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൃത്രിമമായ തിരിച്ചറിയല്‍ രേഖകളോ, വ്യാജ വിലാസമോ നല്‍കിയാണ് 21 ലക്ഷം സിം കണക്ഷനുകള്‍ എടുത്തതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ പലതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന 9 സിം കാര്‍ഡുകള്‍ എന്ന പരിധി മറികടന്നും പല കമ്പനികള്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
രാജ്യത്തെ 114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."