സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പരിശോധന നടത്തണം; അല്ലാത്ത ലാബുകള്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്താന്‍ തയാറാകാത്ത സ്വകാര്യ ലാബുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ആര്‍.ടി- പി.സി.ആര്‍ പരിശോധന നടത്താന്‍ ലാബുകള്‍ വിമുഖത കാണിക്കുന്നത് ഒരുതരത്തിലും സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. ആര്‍.ടി.പി.സി.ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. അസാധാരണ സാഹചര്യമാണ് നമ്മള്‍ നേരിടുന്നത് എന്ന് എല്ലാവരും മനസിലാക്കണം. ഇതു ലാഭമുണ്ടാക്കേണ്ട സന്ദര്‍ഭമല്ല, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്താന്‍ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താനാവശ്യമായ മനുഷ്യവിഭവം കൂടി കണക്കിലെടുത്താണ് ഫീസ് 500 രൂപയാക്കിയത്.
മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് ഫീസ് ഈടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായ ബന്ധപ്പെട്ടുള്ള സ്വകാര്യ ലാബുകളുടെ പരാതികള്‍ ചര്‍ച്ച ചെയ്യാം. എന്നാല്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഇത്തരമൊരു ഘട്ടത്തില്‍ എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."