ചികിത്സാച്ചെലവിനു സഹായം തേടുന്ന കുടുംബത്തിന് ഗാനാര്‍പ്പണവുമായി കലാസംഘം
വാടാനപ്പള്ളി: പന്ത്രണ്ടുകാരിയായ ഏക മകളുടെ ജീവന് തിരിച്ചുകിട്ടാന്‍ ശരീരം പകുത്തു നല്കി ചികിത്സാച്ചെലവിനായി സുമനസ്സുകളുടെ സഹായം തേടുന്ന അമ്മക്കും കുടുംബത്തിനും അന്തിക്കാട്ടെ കലാകാര സംഘത്തിന്റെ ഗാനാര്‍പ്പണം.
കൂലിത്തൊഴിലാളികളായ ഒരു കൂട്ടം കലാകാരന്മാരാണ് തൊഴില്‍ കഴിഞ്ഞുള്ള സന്ധ്യയില്‍ നാടന്‍പാട്ടുകള്‍ ആലപിച്ച് കാഞ്ഞാണി ബസ് സ്റ്റാന്റില്‍ എത്തി സംഭാവന പിരിച്ചത്.
കാരമുക്ക് നാലു സെന്റ് കോളനിയില്‍ വാടകക്ക് താമസിക്കുന്ന വലിയപറമ്പില്‍ ശശി,മായ ദമ്പതികളുടെ മകളും മാങ്ങാട്ടുകര എ.യു.പി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയുമായ രശ്മിയുടെ (12) കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം സമാഹരിക്കുന്നതിനായാണ് അന്തിക്കാട്ടെ നാടന്‍പാട്ട് കലാകാരസംഘമായ അരങ്ങ് അന്തിക്കാടറ കാഞ്ഞാണി ബസ് സ്റ്റാന്റ് സംഗീത സാന്ദ്രമാക്കിയത്.
ഒരു വര്‍ഷം മുന്‍പ് അസുഖം തിരിച്ചറിഞ്ഞ രശ്മിയുടെ വൃക്ക മാറ്റിവെക്കാനുള്ള പരിശ്രമത്തിലാണ് കുടുംബവും ബന്ധുക്കളും നാട്ടുകാരും. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തിയാണ് രശ്മിയുടെ ജീവന് നിലനിര്‍ത്തുന്നത്. വൃക്ക നല്കാന് അമ്മ തയ്യാറാണ്.
കല്‍പ്പണിക്കാരനായ പിതാവ് ശശിക്ക് മകളുടെ ഭാരിച്ച ചികിത്സാച്ചെലവ് താങ്ങാനാവുന്നില്ല. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേശ്, പതിമൂന്നാം വാര്‍ഡംഗം രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ 855210110006735 എന്ന അക്കൗണ്ട് നമ്പറില്‍ സഹായം എത്തിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
അരങ്ങ് അന്തിക്കാടിലെ കലാകാരന്മാരായ രതീഷ് അന്തിക്കാട്, മുരളീദാസ്, മണി ചെമ്മാപ്പിള്ളി, ദിനേഷ്, ഗിരീഷ്, സഞ്ജയ്, നിധിന്, ജയന്, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാടന്‍പാട്ട് പാടി ജനങ്ങളില്‍ നിന്ന് ബക്കറ്റില്‍ സംഭാവന സ്വീകരിച്ച് കുടുംബത്തിന് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."